മാനേജ്മെൻറിൻ്റെ കെടുകാര്യസ്ഥത കൊണ്ട് നൂറുകണക്കിന് മാധ്യമപ്രവർത്തകരേയും സാങ്കേതിക വിഭാഗം ജീവനക്കാരേയും പെരുവഴിയിലാക്കിയ ദ ഫോർത്ത് എന്ന മാധ്യമ സ്ഥാപനം അവശേഷിക്കുന്ന തൊഴിലാളികളെ ആനുകൂല്യങ്ങൾ നൽകാതെ പുറത്താക്കാൻ നടത്തിയ നീക്കം കയ്യാങ്കളിയിലെത്തി. ഓൺലൈൻ മാധ്യമമായി തുടങ്ങി ചെറിയ കാലയളവിനുള്ളിൽ ശ്രദ്ധ നേടിയ
ദ ഫോർത്ത് ജിമ്മി ജയിംസ്, ശ്രീജൻ ബാലകൃഷ്ണൻ,ഭൂപേഷ് ,ലക്ഷ്മി പത്മ,ശ്രീജ ശ്യാം തുടങ്ങിയ മുതിർന്ന മാധ്യമപ്രവർത്തകരെ അണിനിരത്തി ടെലിവിഷൻ ചാനലാക്കി മാറ്റാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു.
ജില്ലാ ആസ്ഥാനങ്ങളിലും ഡൽഹിയിലും അടക്കം ബ്യൂറോകൾ സ്ഥാപിക്കുകയും 200 ലേറെ ജീവനക്കാരെ നിയമിക്കുകയും ചെയ്തതിനുശേഷമാണ് സ്ഥാപനം തകർന്നത്. 60 കോടിയിലേറെ മുടക്കിയിട്ടും അടിസ്ഥാന സൗകര്യങ്ങളോ ലൈസൻസോ പോലും ആവാതെ സ്ഥാപനം പ്രതിസന്ധിയിൽ ആവുകയായിരുന്നു.ശമ്പളം മുടങ്ങിയതോടെ ജീവനക്കാരും പ്രതിസന്ധിയിലായി.സ്ഥാപനം തകരുമെന്ന് ഉറപ്പായതോടെ മാധ്യമപ്രവർത്തകരിൽ വലിയൊരു സംഘം മറ്റ് ചാനലുകളിലേയ്ക്ക് കൂട് മാറി.
തകർച്ചയിൽ ആയിരുന്ന റിപ്പോർട്ടർ ചാനൽ വീണ്ടും സജീവമായതും പുതിയ ചാനലായി ന്യൂസ് മലയാളം 24×7 എത്തിയതും തൊഴിൽ നഷ്ടപ്പെട്ട ദ ഫോർത്തിലെ ജീവനക്കാർക്ക് ആശ്വാസമായി. അപ്പോഴും സാങ്കേതിക മേഖലയിലെ വലിയൊരു സംഘവും ഒരു പിടി മാധ്യമപ്രവർത്തകരും മാനേജ്മെൻ്റിൻ്റെ വാഗ്ദാനങ്ങൾ വിശ്വസിച്ച് ദ ഫോർത്തിൽ തുടരുകയായിരുന്നു.സ്ഥാപനം രക്ഷപ്പെടില്ലെന്ന് ഉറപ്പായതോടെ ജീവനക്കാർക്ക് VRS നൽകി പറഞ്ഞയക്കാം എന്നതായിരുന്നു ദ ഫോർത്ത് മാനേജ്മെൻ്റിൻ്റെ ഒടുവിലെ വാഗ്ദാനം.
ഡിസംബർ 20 ന് എല്ലാവരുടെയും ശമ്പള കുടിശിഖയും ആനുകൂല്യങ്ങളും തീർത്ത് കൊടുക്കാം എന്ന മാനേജ്മെൻ്റിൻ്റെ വാഗ്ദാനവും പാഴായി. ഈ ഘട്ടത്തിലാണ് ന്യൂസ് മലയാളത്തിൻ്റെ ചീഫ് എഡിറ്റർ സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട എംപി ബഷീർ പുതിയ പദ്ധതികളുമായി ദ ഫോർത്ത് മാനേജ്മെൻ്റിനെ സമീപിക്കുന്നത്.
ദ ഫോർത്തിൽ അവശേഷിക്കുന്ന ജീവനക്കാരെ പുറത്താക്കിക്കൊണ്ട് പുതിയ 30 മാധ്യമപ്രവർത്തകരെ നിയമിക്കാനായിരുന്നു എം പി ബഷീറിൻറെയും ടീമിൻ്റെയും പദ്ധതി. ഈ ആലോചനകളുമായി കഴിഞ്ഞ 24 ന് ഞായറാഴ്ച തിരുവനന്തപുരം ദ ഫോർത്ത് ഓഫീസിൽ എത്തിയ എം പി ബഷീറും സംഘവും ദ ഫോർത്ത് മാനേജിംഗ് ഡയറക്ടർ റിക്സൺ ഉമ്മനുമായി ചർച്ച നടത്തുന്നതിനിടെ ജീവനക്കാർ പ്രതിഷേധവുമായി സംഘടിച്ചെത്തി. ശമ്പളമില്ലാതെ തൊഴിൽ നഷ്ടപെട്ട് നിൽക്കുന്ന മാധ്യമ പ്രവർത്തകരുടേയും സാങ്കേതിക വിഭാഗം ജീവനക്കാരുടേയും പ്രതിഷേധം കയ്യാങ്കളിയാവുമെന്ന അവസ്ഥയിൽ എംപി ബഷീറിനും സഘത്തിനും പുറത്ത് പോവേണ്ടി വന്നു.
സാങ്കേതിക വിഭാഗത്തിലടക്കം മലയാളം ന്യൂസിലെ ചിലരെ അടർത്തിക്കൊണ്ട് ദ ഫോർത്തിലേയ്ക്ക് പോകാനുള്ള നീക്കമായിരുന്നു എംപി ബഷീർ നടത്തിയത് എന്ന് തിരിച്ചറിഞ്ഞ ന്യൂസ് മലയാളം ബഷീറിന് ടെർമിനേഷൻ നോട്ടീസ് നൽകിയതായാണ് സൂചന. തമിഴിലെ മുൻനിര ചാനലായ ന്യൂസ് തമിഴിൻ്റേയും ന്യൂസ് മലയാളത്തിൻ്റേയും സാങ്കേതിക വിഭാഗം ചുമതലയുള്ള മേധാവിയേക്കൂടി ഒപ്പം കൂട്ടാനുള്ള ബഷീറിൻ്റെ നീക്കമാണ് മാനേജ്മെൻ്റിനെ ചൊടിപ്പിച്ചത്.
സഹപ്രവർത്തകരുമായി നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നു എന്നും പ്രൊഡക്ടീവ് അല്ല എന്നുമുള്ള പരാതിയേത്തുടർന്ന് എംപി ബഷീറിനോട് പിരിഞ്ഞു പോകാൻ ന്യൂസ് മലയാളം മാനേജ്മെൻ്റ് ആവശ്യപ്പെട്ടിരിക്കുകയായിരുന്നു. എന്നാൽ ന്യൂസ് മലയാളത്തിൻ്റെ ഡയറക്ടർമാരായ ഹർഷനും സനീഷ് ഇളയിടത്തിനും എം പി ബഷീറിനോട് ഉള്ള എതിർപ്പാണ് ഈ ആരോപണങ്ങൾക്ക് പിന്നിലെന്നും സൂചനയുണ്ട്.
അതിനിടെയാണ് ദ ഫോർത്തിലെ പുതിയ സംഭവങ്ങൾ.ശമ്പളം മുടങ്ങിയും സ്ഥാപനത്തിൽ തുടരുന്ന ജീവനക്കാരെ ഒഴിവാക്കി മറ്റ് ചിലരെ ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് ദിവസത്തെ റിപ്പോർട്ടിംഗ് നടത്താനുള്ള ദ ഫോർത് മാനേജ്മെൻ്റിൻ്റെ നീക്കവും പാളിയിരുന്നു. റിപ്പോർട്ടർ ചാനലിൽ അപ്രസക്തയായതിനേത്തുടർന്ന് പുറത്തു പോയ അപർണാ സെന്നിനെ ഫലപ്രഖ്യാപന ദിവസം സ്റ്റുഡിയോയിലെത്തിക്കാനുള്ള നീക്കമാണ് മാനേജ്മെൻ്റ് നടത്തിയത്. എന്നാൽ അതും ജീവനക്കാരുടെ പ്രതിഷേധത്തേത്തുടർന്ന് മുടങ്ങി.
ദ ഫോർത്തിൻ്റെ നൂസ് വിഭാഗം മേധാവികളായിരുന്ന ശ്രീജൻ ബാലകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിലേക്കും ലക്ഷ്മി പദ്മ ന്യൂസ് മലയാളത്തിലേയ്ക്കും നേരത്തെ തന്നെ മാറിയിരുന്നു. ജിമ്മി ജെയിസ് ന്യൂസ് 18 ലേയ്ക്ക് ആണെന്നാണ് സൂചന.