| കെ സഹദേവൻ
എഫ്ആര്‍ഡിഐ അപകടം പതിയിരിക്കുന്നതെവിടെ? ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തുവാനും അതുവഴി സമ്പദ്‌വ്യവസ്ഥയെ ഭദ്രമാക്കി നിലനിര്‍ത്തുന്നതിനും വേണ്ടി തയ്യാറാക്കിയതെന്ന് അവകാശപ്പെടുന്ന ഈ നിയമം ‘ജനങ്ങളുടെ നിക്ഷേപത്തിന്മേല്‍ കൂടുതല്‍ സുരക്ഷ ഉറപ്പുനല്‍കുന്നതാണെന്ന്’ അധികൃതര്‍ പറയുമ്പോള്‍ സാമാന്യതലത്തില്‍ വിശ്വസനീയമായി മാറുന്നു.
ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനായി സമഗ്രതയോടെയുള്ള ഒരു നിയമ നിര്‍മ്മണവും ഒരു റഗുലേറ്ററി സമിതിയും ഉണ്ടായിരിക്കേണ്ടതും അത്യാവശ്യമായ സംഗതിയാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ ന്യായങ്ങളെയെല്ലാം അപ്രസക്തമാക്കുന്നവയും ബാങ്കുകളുടെ കെടുകാര്യസ്ഥതയ്ക്കും വന്‍കിട ബിസിനസ് കമ്പനികളുമായി ചേര്‍ന്നുള്ള കള്ളക്കളികള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നതുമാണ് മോദി സര്‍ക്കാര്‍ അവതരിപ്പിച്ച നിയമമെന്ന കാര്യത്തില്‍ സംശയമേതും വേണ്ട.
അത്തരത്തിലുള്ള സന്ദേഹം ആരിലെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ എഫ്ആര്‍ഡിഐ ബില്ലിന്റെ അദ്ധ്യായം 4 സെക്ഷന്‍ 2 ഇക്കാര്യം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നുണ്ട്. എഫ്ആര്‍ഡിഐ-ലെ സെക്ഷന്‍ 2 അനുസരിച്ച് ബാങ്കുകളെ അവരുടെ ബാദ്ധ്യതകളില്‍ (Liabilities) നിന്ന് മുക്തമാക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. അതായത്, നിക്ഷേപകരുടെ പണം തിരികെ നല്‍കണമോ വേണ്ടയോ, എത്രമാത്രം തുക തിരിച്ചുനല്‍കണം, ഏതു രൂപത്തില്‍ (പണം, ഷെയര്‍, മ്യൂച്ചല്‍ ഫണ്ട്, സെക്യൂരിറ്റി ബോണ്ട്‌സ്…) എന്നീ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം പുതുതായി രൂപീകരിക്കുന്ന റെസല്യൂഷന്‍ കോര്‍പ്പറേഷനില്‍ നിക്ഷിപ്തമായിരിക്കുന്നതാണ്.
ഇവിടെ ഓര്‍ത്തിരിക്കേണ്ട ഒരു കാര്യം 1961-ലെ ‘ഡെപ്പോസിറ്റ് ഇന്‍ഷ്വറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരന്റീ കോര്‍പ്പറേഷന്‍ ആക്ട്’ അനുസരിച്ച് കടബാദ്ധ്യതകളില്‍ അകപ്പെട്ട സ്ഥാപനം ഒരു ലക്ഷം രൂപവരെ നിക്ഷേപകന് തിരികെ നല്‍കാന്‍ ബാദ്ധ്യതപ്പെട്ടിരിക്കുന്നുണ്ട്. അതായത് ഒരു ധനകാര്യ സ്ഥാപനം തകര്‍ച്ചയെ നേരിടുകയാണെങ്കില്‍ ഒരു നിക്ഷേപകന്റെ അക്കൗണ്ടില്‍ 1,25,000 രൂപയാണുള്ളതെങ്കില്‍ അതില്‍ നിന്ന് 1 ലക്ഷം രൂപ തിരിച്ചു നല്‍കാന്‍ ആ സ്ഥാപനം ബാദ്ധ്യതപ്പെട്ടിരിക്കുന്നു എന്നര്‍ത്ഥം.
പുതിയ ബില്ലിലെ നിര്‍ദ്ദേശമനുസരിച്ച് നിക്ഷേപകന്റെ തുക തിരികെ നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുവാനുള്ള അവകാശം കോര്‍പ്പറേഷന്റെ കൈകളില്‍ നിക്ഷിപ്തമായിരിക്കുകയാണ്. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം നിക്ഷേപകന്റെ തുക ഷെയറായോ, സെക്യൂരിറ്റി ബോണ്ടായോ നല്‍കാനാണ് തീരുമാനമെങ്കില്‍ അതിനെതിരെ കോടതിയില്‍ പോകാനുള്ള അവകാശം നിക്ഷേപകനില്ലെന്നതാണ്. തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തിന്റെ ഷെയറുകള്‍ക്ക് കടലാസിന്റെ വിലപോലും ഉണ്ടായിരിക്കുകയില്ല എന്നോര്‍ക്കണം. ഫലത്തില്‍ ബാങ്കില്‍ നിക്ഷേപിക്കുന്ന പണത്തിന്മേല്‍ നിക്ഷേപകന് യാതൊരുവിധ സുരക്ഷിതത്വവും ഇല്ലെന്നര്‍ത്ഥം.
ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുവാന്‍ ഗവണ്‍മെന്റ് നടത്തുന്ന ‘ബെയ്ല്‍ ഔട്ട്’ (Bail-out) നടപടികളില്‍ നിന്ന് നേരെ വിരുദ്ധമായ ഒന്നാണ് പുതിയ ബില്ലിലൂടെ നടപ്പാക്കാനുദ്ദേശിക്കുന്നത്. സാധാരണ ഗതിയില്‍ ഇത്തരം സ്ഥാപനങ്ങളുടെ കടങ്ങള്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കുന്നതിലൂടെ അവയെ വീണ്ടും പ്രവര്‍ത്തിപഥത്തിലെത്തിക്കുക എന്നതാണ് ബെയ്ല്‍ ഔട്ട് നടപടികളിലൂടെ ചെയ്യാറ്. ആത്യന്തികമായി ജനങ്ങളുടെ നികുതിപ്പണം തന്നെയാണ് ഇവിടെ വിനിയോഗിക്കപ്പെടുക എങ്കിലും നിക്ഷേപകരായ വ്യക്തികള്‍ നേരിട്ട് അതിന് ഇരകളാകാറില്ല.
എന്നാല്‍ പുതുതായി അവതരിപ്പിക്കുന്ന ബെയ്ല്‍-ഇന്‍ (Bail-in) പരിപാടിയിലൂടെ നിക്ഷേപകരുടെ പണം ഉപയോഗപ്പെടുത്തി തകര്‍ച്ചയെ മറികടക്കുന്ന പുതിയ തന്ത്രങ്ങളാണ് ആധുനിക ഫിനാന്‍സ് മാനേജ്‌മെന്റ് രീതികളിലൂടെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ബാങ്കുകളുടെ തകര്‍ച്ചയെ നേരിടുന്നതിന് നിക്ഷേപകരുടെ തുക വിനിയോഗിക്കുന്നതു സംബന്ധിച്ച് നിക്ഷേപകരുടെ സമ്മതം ആവശ്യപ്പെടുന്നതേയില്ല.
നിക്ഷേപകരുടെ തുകയ്ക്ക് നാളിതുവരെ റിസര്‍വ്വ് ബാങ്ക് നല്‍കിയിരുന്ന ഉറപ്പുകള്‍ അപ്രത്യക്ഷമാകുകയും റിസര്‍വ്വ് ബാങ്കിന്റെ തന്നെ അധികാരാവകാശങ്ങള്‍ എടുത്തുകളയുകയും ചെയ്യുകയാണ് ഫലത്തില്‍ ചെയ്തിരിക്കുന്നത് എന്ന് ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഡല്‍ഹി സര്‍വ്വകലാശാലയിലെ കൊമേര്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഇന്ത്യയിലെ ബാങ്കിംഗ് മേഖലയെക്കുറിച്ച് പഠനങ്ങള്‍ നടത്തിയ വ്യക്തിയുമായ പ്രൊഫ.മീരാ നാംഗിയ ബില്ലിനെക്കുറിച്ച് പറയുന്നത് ശ്രദ്ധേയമാണ്: ”FRDI ഒരു ‘റെസല്യൂഷന്‍ വാഴ്ച’ സൃഷ്ടിക്കുകയാണ്. അത് എല്ലാത്തരം നിക്ഷേപകരെയും ഗുരുതരമായി ബാധിക്കുവാന്‍ പോന്നതാണ്. നിയമവിധേനയുള്ള നിക്ഷേപമുള്ളവരെപ്പോലും. പെന്‍ഷന്‍കാര്‍, ചെറുകിട വ്യവസായികള്‍, സ്വയം തൊഴിലുകാര്‍, ചെറുകിട സേവന മേഖലയില്‍ ജോലിയെടുക്കുന്നവിഭാഗങ്ങള്‍ തുടങ്ങി സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള ആളുകളെപ്പോലും ഇത് ബാധിക്കും.
രണ്ട് തരത്തിലുള്ള അപകടമാണ് ഇത് സൃഷ്ടിക്കുന്നത്. ഒന്ന് നിക്ഷേപകരുടെ പണം ഉപയോഗിച്ച്, പ്രത്യേക ശുഷ്‌കാന്തിയൊന്നും കൂടാതെ കമ്പനികള്‍ക്ക് കടം നല്‍കുക, രണ്ടാമത്, ഏതെങ്കിലും കാരണവശാല്‍ കമ്പനികള്‍ കടംവീട്ടാതിരുന്നാല്‍ നിക്ഷേപകരുടെ പണം അത് വീട്ടാന്‍ ഉപയോഗപ്പെടുത്തുക”. 63% ആളുകളും പൊതുമേഖലാ ബാങ്കുകളെ ആശ്രയിക്കുന്ന ഒരു രാജ്യത്താണ് ഇത്തരമൊരു നിയമം നടപ്പിലാക്കാന്‍ പോകുന്നത് എന്നത് ഗുരുതരമായ ഭവിഷ്യത്തുകളാണ് സൃഷ്ടിക്കാന്‍ പോകുന്നത്.
പുതുതായി രൂപീകരിക്കപ്പെടാന്‍ പോകുന്ന റെസല്യൂഷന്‍ കോര്‍പ്പറേഷന് ഒരു സര്‍വ്വാധികാരിയുടെ റോളാണ് നിര്‍വ്വഹിക്കാനുള്ളത്. റിസര്‍വ്വ് ബാങ്ക്, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നിവയ്‌ക്കൊക്കെയും മുകളിലായിരിക്കും കോര്‍പ്പറേഷന്റെ സ്ഥാനം. ഈ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ തൊട്ട് അതിലെ മിക്ക അംഗങ്ങളെയും നിയമിക്കുവാനുള്ള അധികാരം ധനമന്ത്രാലയത്തിനായിരിക്കും. ഭരിക്കുന്ന പാര്‍ട്ടികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കോര്‍പ്പറേഷന്‍ വക്താക്കളെ നിശ്ചയിക്കുവാനുള്ള അവസരമാണിതിലൂടെ ഒരുക്കുന്നത്. തങ്ങളുടെ ഇച്ഛകള്‍ക്കെതിര്‍നില്‍ക്കുന്ന റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍മാരെ ഭയക്കേണ്ട അവസ്ഥ സര്‍ക്കാരിന് ഇതിലൂടെ ഇല്ലാതാകുന്നു.
നിക്ഷേപകര്‍ക്കെന്ന പോലെ ബാങ്ക് ജീവനക്കാരുടെ ജോലിസ്ഥിരതയെയും പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതകളാണ് പുതിയ ബില്‍ തുറന്നുവെച്ചിരിക്കുന്നത്. ഒരു സ്ഥാപനത്തെ അതിന്റെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തിയെടുക്കാന്‍ രണ്ടുവര്‍ഷ കാലയളവില്‍ ബാങ്ക് ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുകള്‍ വരുത്താനും ജീവനക്കാരെ സ്ഥലം മാറ്റത്തിന് വിധേയമാക്കാനും ശമ്പളത്തില്‍ കുറവുവരുത്തുവാനും ഒക്കെയുള്ള അധികാരം പുതുതായ രൂപീകരിക്കുന്ന റസല്യൂഷന്‍ കോര്‍പ്പറേഷനായിരിക്കും. ബാങ്കിംഗ് മേഖലയിലെ ജീവനക്കാരുടെ ഭാവിയെ ഇത് സാരമായി ബാധിക്കും എന്നു പറയേണ്ടതില്ലല്ലോ.
( ട്രാന്‍സിഷന്‍ സ്റ്റഡീസ് പ്രസിദ്ധീകരിക്കുന്ന ‘ മോദി ദശകം; മുറിവേറ്റ രാഷ്ട്രം’ എന്ന പുസ്തകത്തില്‍ നിന്ന്)