ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ശക്തമായ നീക്കങ്ങളും വെളിപ്പെടുത്തലുകളും ആണ് മലയാള സിനിമയെ കേന്ദ്രീകരിച്ചു നടക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങൾ ആരും തന്നെ പ്രസ്തുത വിഷയത്തിൽ അഭിപ്രായങ്ങൾ ആദ്യ ഘട്ടത്തിൽ രേഖപ്പെടുത്തിയിരുന്നില്ല.
എന്നാൽ, കഴിഞ്ഞ ദിവസം മോഹൻലാൽ വാർത്താ സമ്മേളനത്തിൽ തൻ്റെ അഭിപ്രായങ്ങൾ പറഞ്ഞതിന് ശേഷം ഞായറാഴ്‌ച മമ്മൂട്ടിയും സോഷ്യൽ മീഡിയ പേജിലൂടെ റിപ്പോർട്ടിന്മേൽ ഉള്ള അഭിപ്രായം വ്യക്തമാക്കി.
മമ്മൂട്ടിയുടെ ഫേസ്ബുക് പോസ്റ്റ് പൂർണ്ണ രൂപം:
മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോഗിക പ്രതികരണങ്ങൾക്ക് ശേഷമാണ് അംഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതു കൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിൻ്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാ മേഖല സമൂഹം സൂക്ഷ്‌മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചയ്ക്കിടയാക്കും. ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാൻ സിനിമാ പ്രവർത്തകർ ശ്രദ്ധിക്കേണ്ടതും ജാഗരൂകരാകേണ്ടതുമാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ചിലത് സംഭവിച്ചതിനെ തുടർന്ന് സിനിമാമേഖലയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി പരിഹാരങ്ങൾ നിർദേശിക്കാനും നടപടികൾ ശുപാർശ ചെയ്യാനും സർക്കാർ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ നടപ്പാക്കാൻ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്‌മകളും വേർതിരിവുകളില്ലാതെ കൈകോർത്തു നില്കേണ്ട സമയമാണിത്. ഇപ്പോൾ ഉയർന്നുവന്ന പരാതികളിന്മേൽ പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പൂർണരൂപം കോടതിയുടെ മുന്നിലുമാണ്. പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ. സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാൻ പറ്റുന്ന രംഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ പ്രായോഗികമായ ശുപാർശകൾ നടപ്പാക്കണമെന്നും അതിന് നിയമ തടസ്സങ്ങളുണ്ടെങ്കിൽ ആവശ്യമായ നിയമനിർമാണം നടത്തണമെന്നും അഭ്യർഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനിൽക്കണം.
മമ്മൂട്ടി തൻ്റെ സോഷ്യൽ മീഡിയ കുറിപ്പിൽ നയം വ്യക്തമാക്കി.























