3 July 2024

മാക്ട ലെജന്‍ഡ് ഓണർ പുരസ്‍കാരം ശ്രീകുമാരൻ തമ്പിക്ക്

സംവിധായകൻ സിബി മലയിൽ ചെയർമാനും തിരക്കഥാകൃത്ത് എസ് എൻ സ്വാമി, സംഗീത സംവിധായകൻ വിദ്യാധരൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.

മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ ലെജന്‍ഡ് ഓണര്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക്. ചലച്ചിത്ര രംഗത്തെ സമുന്നത പ്രതിഭകളെ ആദരിക്കുന്നതിനായി മൂന്ന് വർഷത്തിലൊരിക്കൽ നൽകുന്ന അവാർഡ് ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പവും അടങ്ങുന്നതാണ്.

സംവിധായകൻ സിബി മലയിൽ ചെയർമാനും തിരക്കഥാകൃത്ത് എസ് എൻ സ്വാമി, സംഗീത സംവിധായകൻ വിദ്യാധരൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്. എറണാകുളം ആശിർഭവനിൽ വച്ച് നടന്ന മാക്ടയുടെ വാർഷിക പൊതുയോഗത്തിൽ ജൂറി ചെയർമാൻ സിബി മലയിലാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. സെപ്റ്റംബര്‍ ആദ്യവാരം കൊച്ചിയിൽ വെച്ച് നടക്കുന്ന മാക്റ്റയുടെ മുപ്പതാം വാർഷിക ആഘോഷച്ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.

സംവിധായകന്‍, നിര്‍മ്മാതാവ്, ​ഗാനരചയിതാവ്, സം​ഗീത സംവിധായകന്‍, തിരക്കഥാകൃത്ത് എന്നിങ്ങനെ സിനിമയുടെ നാനാ വഴികളില്‍ പ്രതിഭ തെളിയിച്ച വ്യക്തിത്വമാണ് ശ്രീകുമാരന്‍ തമ്പി. കാട്ടുമല്ലിക എന്ന ചിത്രത്തിലെ ​ഗാനരചയിതാവായി 1966 ലാണ് ശ്രീകുമാരന്‍ തമ്പിയുടെ സിനിമാ അരങ്ങേറ്റം. 1974 ല്‍ പുറത്തെത്തിയ ചന്ദ്രകാന്തത്തിലൂടെ സംവിധായകനായി അരങ്ങേറി.

മുപ്പതോളം സിനിമകള്‍ സംവിധാനം ചെയ്യുകയും ഇരുപതിലേറെ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. സിനിമ, കണക്കും കവിതയും എന്ന പുസ്തകത്തിന് സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം 1989 ല്‍ ലഭിച്ചു. പല കാലങ്ങളിലായി സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ അഞ്ച് തവണ ലഭിച്ചു. സിനിമാ രം​ഗത്തെ സമ​ഗ്ര സംഭാവനയ്ക്കുള്ള കേരള സര്‍ക്കാരിന്‍റെ ജേ സി ഡാനിയേല്‍ പുരസ്കാരം 2017 ലും ലഭിച്ചു.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News