| അപർണ വേണുഗോപാൽ
വളരെ നാളുകൾക്ക് ശേഷം ഒരു സമ്പൂർണ്ണ കുടുംബ ചിത്രം ഇന്ന് കണ്ടു. സത്യൻ അന്തിക്കാട് – ജയറാം – മീരാ ജാസ്മിൻ കൂട്ടുകെട്ടിൽ വന്ന ‘മകൾ’. ഒരുപക്ഷേ കുറെ നാളുകൾക്ക് ശേഷം ഒരു ജയറാം ചിത്രം പൂർണ്ണ സംതൃപ്തി നൽകി എന്നും പറയാം. പതിവ് സത്യൻ അന്തിക്കാട് ചിത്രങ്ങളുടെ പോലെതന്നെ മെല്ലെ താളത്തിൽ തുടങ്ങുന്ന ചിത്രം, ചെറിയ തമാശകളിൽ കൂടിയും , ഫീൽഗുഡ് മൊമെന്റസിൽ കൂടിയും കഥയെ മുന്നോട്ടു നയിക്കുന്നു.
എടുത്തു പറയേണ്ട പ്രകടനം മകളുടെ വേഷത്തിലെത്തിയ കുട്ടിയുടേതാണ്. സീനിയർ താരങ്ങൾക്കൊപ്പം ഒരു മികച്ച അഭിനേത്രിയുടെ ലക്ഷണത്തോടെ ദേവിക തന്റെ റോൾ ഗംഭീരമാക്കി. ആദ്യാവസാനം ചിത്രത്തിലെ ഓരോ ഫ്രെയിമും മനോഹരവും, ലൈവും ആക്കുന്നത് സൂപ്പർ ഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച എസ് കുമാർ സാറാണ്. ഗപ്പിയിലൂടെയും, അമ്പിളിയിലൂടെയും സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച വിഷ്ണു വിജയുടെ ഗാനങ്ങളും മികച്ചു നിന്നു.
ഒരു സിനിമ തീയറ്ററിൽ കാണാൻ വരുന്ന സാധാരണ പ്രേക്ഷകന് ഇഷ്ടപ്പെടുന്നത് എന്താണ്, എന്ന് കൃത്യമായി അറിയുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ ചിത്രം റിലീസ് ആകുന്ന ആദ്യ ദിവസം തന്നെ തീയറ്ററിൽ കുടുംബ പ്രേക്ഷകർ എത്തുന്നത്. ഇന്നസെന്റ്, ശ്രീനിവാസൻ എന്നീ നടന്മാരെ ഏറ്റവും നന്നായി ഉപയോഗിച്ചിട്ടുള്ള ഒരു സംവിധായകൻ കൂടിയാണ് സത്യൻ അന്തിക്കാട്.
ഈ ചിത്രത്തിലും ആ രണ്ട് സീനിയർ നടന്മാരുടെ രസമുള്ള പ്രകടനം തന്നെയാണ് ചിത്രത്തെ രസച്ചരടുകൾ മുറിയാതെ എൻഗേജിംഗ് ആക്കുന്നത്. ഒപ്പം, ജയറാം തന്റെ കംഫർട്ട് സോണായ കുടുംബ ചിത്രത്തിലേയ്ക് മടങ്ങി വന്നതിന്റെ ഒരു ആഘോഷം ഉടനീളം ചിത്രത്തിൽ അനുഭവപ്പെടും. അച്ഛൻ, മകൾ, ‘അമ്മ ബന്ധങ്ങളിലെ പല മുഹൂർത്തങ്ങളും തന്റെ സ്വതസിദ്ധമായ ശൈലിയിൽ എന്നാൽ നെസ്‌ലിൻ ഉൾപ്പടെയുള്ള ഈ കാലഘട്ടത്തിലെ പുതിയ താരങ്ങളെയും ഉപയോഗിച്ച് മനോഹരമായി സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നു. എന്തായാലും പെരുന്നാൾ ആഘോഷിക്കുന്ന മലയാളിയ്ക് സകുടുംബം ആസ്വദിയ്ക്കാൻ പറ്റിയ മികച്ച സിനിമയാണ് മകൾ.