ബാഴ്‌സലോണക്ക് എതിരെ നടക്കുന്ന കോപ്പാ ഡെൽ റേ ഫൈനലിൽ പരുക്ക് ഭേദമായി കിലിയൻ എംബാപ്പെ ശനിയാഴ്‌ച കളിച്ചേക്കുമെന്ന് പരിശീലകൻ കാർലോ ആഞ്ചലോട്ടി. കഴിഞ്ഞ ദിവസം നടന്ന ലാ ലിഗയിൽ അടക്കമുള്ള എംബാപ്പെയുടെ അസാന്നിധ്യം ആരാധകർക്ക് വലിയ ആശങ്ക നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആഞ്ചലോട്ടി വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
കഴിഞ്ഞയാഴ്‌ച ആഴ്‌സണലിന് എതിരെയുള്ള മത്സരത്തിനിടെയാണ് എംബാപ്പെക്ക് പരുക്ക് പറ്റിയത്. തുടർന്ന് ഞായറാഴ്‌ച അത്‌ലറ്റിക് ബിൽബാവോക്ക് എതിരെ നടന്ന മത്സരം എംബാപ്പെക്ക് നഷ്‌ടമായിരുന്നു. ബുധനാഴ്‌ച ഗെറ്റാഫെക്ക് എതിരായ മത്സരത്തിലും എംബാപ്പെ കളിക്കില്ലെന്നാണ് വിവരം.
സെവിയ്യയിലെ എസ്റ്റാഡിയോ ലാ കാർട്ടൂജയിൽ നടക്കുന്ന ഫൈനലിൽ എംബാപ്പെക്ക് നിർണായക പങ്കുണ്ടാകുമെന്നാണ് റയൽ മാഡ്രിഡ് പ്രതീക്ഷിക്കുന്നത്. അതേസമയം ഈ സീസണിൽ എംബാപ്പെയുടെ വരവ് ടീമിൻ്റെ മൊത്തത്തിലുള്ള പ്രകടനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന ചില അഭിപ്രായങ്ങളും നിലവിലുണ്ട്.
എന്നിരുന്നാലും, റയൽ മാഡ്രിഡിൻ്റെ മികച്ച കളിക്കാരിൽ ഒരാളാണ് എംബാപ്പെ. ഈ സീസണിൽ 50 മത്സരങ്ങളിൽ നിന്നായി 33 ഗോളുകൾ നേടി ക്ലബ്ബിൻ്റെ മുൻനിര സ്കോററായാണ് എംബാപ്പെ തുടരുന്നത്. റയൽ മാഡ്രിഡിനൊപ്പം തൻ്റെ ആദ്യ ആഭ്യന്തര ട്രോഫി നേടാൻ ആഗ്രഹിക്കുന്ന ഫ്രഞ്ച് താരത്തോടൊപ്പം ശനിയാഴ്‌ച കളിക്കുകയാണെങ്കിൽ എംബാപ്പെ തീർച്ചയായും ആ നേട്ടത്തിലേക്ക് എത്താൻ ആഗ്രഹിക്കും.