| കെ സഹദേവൻ
ജനസംഖ്യാ കണക്കെടുപ്പുകൾ അടക്കമുള്ള സർവ്വേകൾ നടത്താതെ രാജ്യത്തെ ‘ഡാറ്റാന്ധകാരത്തിലേക്ക് ‘ നയിക്കുന്ന മോദി നയത്തെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്ന സമയത്ത് ദില്ലിയിലെ ഭരണസിരാകേന്ദ്രങ്ങളിൽ ഒരു സസ്പെൻഷൻ ഉത്തരവ് തയ്യാറായിക്കൊണ്ടിരിക്കുകയായിരുന്നു. ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസ് മേധാവി കെ.എസ്.ജയിംസിനെ സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവായിരുന്നു അത്.
പൊതു തെരഞ്ഞെടുപ്പ് അടുത്തു കൊണ്ടിരിക്കുന്ന വേളയിൽ സർക്കാരിന് അഭിലഷണീയമായ സ്ഥിതിവിവരക്കണക്കുകൾ നൽകാഞ്ഞതിനാണ് ഈ സസ്പെൻഷൻ എന്ന് ‘ദ വയർ ‘ റിപ്പോർട്ടു ചെയ്യുന്നു. മോദി ഏറെ കൊട്ടിഘോഷിച്ചു കൊണ്ടിരിക്കുന്ന സ്വച്ഛ ഭാരത് , ഉജ്വലയോജന തുടങ്ങിയ പദ്ധതികളുടെ ഫലപ്രാപ്തിയെ സംബന്ധിച്ച് ഗവൺമെൻ്റിന് ഒട്ടും സുഖകരമല്ലാത്ത റിപ്പോർട്ടാണ് പുറത്തു വരുന്നത്.
ദേശീയ കുടുംബ ആരോഗ്യ സർവ്വേ – 5യിലൂടെ പുറത്തു വരുന്ന സ്ഥിതിവിവരക്കണക്കുകളിൽ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ 57% വീടുകളിലും പാചക ഗ്യാസ് സംവിധാനം എത്തിയിട്ടില്ലെന്ന് സൂചിപ്പിക്കുന്നു. ഇത് സർക്കാരിൻ്റെ ഉജ്വല യോജന പദ്ധതിയുടെ പരാജയത്തെയാണ് സൂചിപ്പിക്കുന്നത്.
ലക്ഷദ്വീപ് ഒഴികെയുള്ള ഇന്ത്യയിലെ ഒരു പ്രദേശത്തും 100 ശതമാനം ശൗചാലയ സൗകര്യം ഒരുക്കിയിട്ടില്ലെന്നാണ് മറ്റൊരു കണക്ക്. ഇന്ത്യയിൽ വെളിയിട വിസർജ്ജനം സമ്പൂർണ്ണമായി ഇല്ലാതാക്കിയെന്ന സർക്കാർ അവകാശവാദത്തെയാണ് ഈ ഡാറ്റകൾ അപ്രസക്തമാക്കുന്നത്.
NFHS-5 ൻ്റെ മറ്റൊരു കണക്ക് സൂചിപ്പിക്കുന്നത് ഗ്രാമീണ മേഖലയിൽ അനീമിക് ആയ ആളുകളുടെ സംഖ്യ വർദ്ധിച്ചുവെന്നാണ്. അപ്രിയകരമായ ഇത്തരം സ്ഥിതി വിവര കണക്കുകളിലെ അതൃപ്തിയാണ് IIPS ഡയറക്ടറെ സസ്പെൻഡ് ചെയ്യുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്. മുഖം നന്നല്ലെങ്കിൽ കണ്ണാടി ഉടക്കുക അത്ര തന്നെ.























