| ശ്രീകാന്ത് പികെ
കേരള ചരിത്രത്തിലെ തന്നെ ഒരു സുപ്രധാനമായ സമരം ഈ മാസം 30 – ന് നടക്കാൻ പോവുകയാണ്. സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ എംആർഎഫ് കമ്പനി ഉപരോധിക്കാൻ പോകുന്നു. നിയോലിബറലൈസേഷന്റെ ആഘാതം ഏറ്റവും കൂടുതൽ നേരിട്ട് ഏറ്റ വിഭാഗമാണ് കേരളത്തിലെ റബ്ബർ കർഷകർ. ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ റബ്ബർ ഉൽപ്പാദനം നടക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് കേരളം.
കഴിഞ്ഞ പതിനഞ്ച് വർഷങ്ങളിൽ മാറി മാറി വന്ന യൂണിയൻ ഗവണ്മെന്റുകളുടെ കോർപ്പറേറ്റ് അനുകൂല നയങ്ങളുടെ ബാധ്യതകൾ മുഴുവൻ വഹിക്കേണ്ടി വന്നത് സാദാരണ റബ്ബർ കർഷകരാണ്. ഉൽപ്പാദിപ്പിക്കുന്ന റബ്ബറിന്റെ സിംഹ ഭാഗവും ഉപയോഗിക്കുന്നത് ടയർ – ടയർ അനുബന്ധ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനാണ്. കർഷകരെ പറ്റിച്ച് വില കുറച്ച് കാണിച്ചതിന് എംആർഎഫ്, സി ഇ എറ്റി അടങ്ങുന്ന ഈ രംഗത്തെ കോർപ്പറേറ്റുകൾക്ക് രണ്ട് വർഷം മുന്നേയാണ് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ആയിരക്കണക്കിന് കോടി രൂപയുടെ പിഴ വിധിച്ചത്.
ആ പിഴ തുകയായ 1,788 കോടി രൂപ യൂണിയൻ ഗവണ്മെന്റ് ഈടാക്കി റബ്ബർ കർഷകർക്ക് നൽകുക എന്നതാണ് സമരത്തിന്റെ പ്രധാന മുദ്രാവാക്യം. റബ്ബറിന് താങ്ങു വില 300 രൂപയായി നിശ്ചയിച്ച് യൂണിയൻ ഗവണ്മെന്റ് റബ്ബർ സംഭരണം നടത്തുക എന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ ഡിസംബർ 30-ന് സംയുക്ത കർഷക സമിതി എംആർഎഫ് ഉപരോധം നടത്തുന്നത്.
കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ റബ്ബർ കർഷകരുള്ള ജില്ലയാണ് കോട്ടയം. ആ കോട്ടയം ജില്ലയിൽ നിന്ന് തന്നെ പടർന്ന് പന്തലിച്ച മനോരമ കുടുംബത്തിൽ നിന്നുള്ള എംആർഎഫ് തന്നെയാണ് അതേ റബ്ബർ കർഷകരെ കണ്ണിൽ ചോരയില്ലാതെ ഒറ്റിയതും, പറ്റിച്ചതും. മുതലാളിത്തത്തിന് കണ്ണിൽ ചോരയില്ല, ചോരയിലെ ലാഭം മാത്രമേയുള്ളൂ. അധ്വാനിക്കുന്ന കർഷക തൊഴിലാളികളുടെ ക്ലാസ് സ്ട്രഗിൾ ആണ്. അതിനാൽ തന്നെ പൊതു ബോധവും പൊതു സമൂഹവും കണ്ണടച്ചിരിക്കും. മാപ്ര യൂണിവേഴ്സിൽ നിന്നിറങ്ങി കാമ്പുള്ള രാഷ്ട്രീയ സമരങ്ങൾക്ക് പിന്തുണ കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.























