| ശ്രീകാന്ത് പികെ
ആറേഴ് വർഷങ്ങൾക്ക് മുന്നേ സോഷ്യൽ മീഡിയയിൽ ‘പോമോ’ കളുടെ വസന്ത കാലത്ത് ചിലർ എം.ടിയെ ജാതി വാദിയാക്കാനും ഇസ്ലാമോഫോബിക് ആക്കാനും ശ്രമിച്ചിരുന്നത് ചിലരെങ്കിലും ഓർക്കുന്നുണ്ടാകും. ഏതോ കുത്തിത്തിരിപ്പ് പരിപാടിക്ക് ക്ഷണിക്കാൻ എം.ടിയുടെ വീട്ടിലെത്തിയപ്പോൾ മൂന്ന് പടവ് മുന്നിൽ കാണുന്ന അദ്ദേഹം അവരോട് സഹകരിക്കാതിരുന്നതോ മറ്റോ ആയിരുന്നു വിഷയം.
പോമോ – ഇസ്ലാമിസ്റ്റ് ഐക്യ സംഘം അന്ന് സോഷ്യൽ മീഡിയയിൽ എം.ടിക്കെതിരെ ചില ഒച്ചപ്പാടുകളുണ്ടാക്കാൻ ശ്രമിച്ചെങ്കിലും എം.ടി എന്ന രണ്ടക്ഷരം മലയാള സാഹിത്യ ലോകത്തിന്റെ മാത്രമല്ല ആ പേര് മലയാളികളുടെ സാംസ്കാരിക രാഷ്ട്രീയത്തെ എങ്ങനെ ബലപ്പെടുത്തി എന്ന് അറിയാവുന്ന ഭൂരിപക്ഷം ആ അശുക്കളെ പുറം കാല് കൊണ്ട് തൊഴിച്ചു.
എന്നാൽ അഞ്ചാറു പതിറ്റാണ്ടുകളോളം തന്റെ പുറകെ നടന്ന് ഭള്ള് പറഞ്ഞ ടി. പത്മനാഭനെ ഇടം കണ്ണിട്ട് നോക്കാൻ പോലും മെനക്കെടാത്ത എം.ടി ഈ യൂസ്ലെസുകളുടെ ആരോപണത്തിന് അന്ന് രാത്രി വെളുക്കും മുന്നേ മറുപടി പറയാൻ മുതിർന്നു. തന്റെ സാഹിത്യത്തിനോ അറിവിനോ നേരെ വരുന്ന യാതൊരു വിമർശനങ്ങളോടും തലയൊന്നുയർത്തി പോലും ശ്രദ്ധിക്കാതിരുന്ന ആ മനുഷ്യന് പക്ഷേ തന്നെ ഹിന്ദുത്വ വാദിയാക്കാൻ ശ്രമിച്ച അപശബ്ദങ്ങൾ പോലും കണ്ടില്ലെന്ന് നടിക്കാൻ കഴിഞ്ഞില്ല.
എം.ടിയുടെ സാഹിത്യത്തെ കുറിച്ച് പറയുന്നത് എത്രയോ അത് പോലെയൊ, ഇക്കാലത്ത് അതിനേക്കാളുമോ പ്രധാനമാണ് എം.ടിയുടെ രാഷ്ട്രീയവും. പൊതുയോഗങ്ങളിലെ പ്രസംഗ ശബ്ദമായോ മാദ്ധ്യമ ക്യാമറക്ക് മുന്നിലെ നിലപാട് ശബ്ദമായോ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും നിശബ്ദത വാക്കാക്കിയ എം.ടിയുടെ രാഷ്ട്രീയ ജാഗ്രതയും എണ്ണി മാത്രം പറയുന്ന വാക്കുകളും തന്റെ മാർക്സിസ്റ്റ് പക്ഷപാദിത്വവും വലതു പക്ഷ രാഷ്ട്രീയത്തിനെതിരെ ആഴത്തിൽ പതിഞ്ഞ പില്ലറുകളാണ്.
ഹിന്ദുത്വ തീവ്രവാദികൾ മതേതര ഇന്ത്യയുടെ മകുടം തകർത്ത 1992 ഡിസംബർ മാസത്തിൽ തന്നെയാണ് എം.ടി വാസുദേവൻ നായർ തുഞ്ചൻപറമ്പിന്റെ ചെയർമാനായി ചുമതലയേറ്റത്. തുഞ്ചൻപറമ്പ് ആ പേര് അന്വർത്ഥക്കിയത് എം.ടി സാരഥ്യം വഹിച്ചതിന് ശേഷമാണ്.
കേരളത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാംസ്‌കാരിക ഇടപെടലുകൾക്ക് ഏറ്റവും ശക്തി പകരുമായിരുന്ന ഒരിടമാണ് തുഞ്ചൻ പറമ്പ്. 2016 മുതൽ ശ്രീനാരായണ ഗുരുവിനെ കാവി പുതപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന സംഘപരിവാറിന് മെരുക്കാൻ സാധിക്കാത്ത ഗുരു എന്ന മഹാമേരുവിലും എളുപ്പം കളിക്കാൻ സാധിക്കുമായിരുന്ന ഇടം. അതിനവർ പലതവണ ശ്രമിച്ചിട്ടുമുണ്ട്.
എന്നാൽ തുഞ്ചൻ പറമ്പിന്റെ ചെയർമാൻ സ്ഥാനത്തിരുന്ന് കൊണ്ട് എം.ടി അവറ്റകളെ ആട്ടിയോടിച്ച് കൊണ്ട് തുഞ്ചൻപറമ്പ് കേരളത്തിന്റെ പ്രധാനപ്പെട്ട സാഹിത്യ – സാംസ്‌കാരിക കേന്ദ്രമാക്കി ഉയർത്തി എന്ന് മാത്രമല്ല ഭാഷാപിതാവിനേയും അത് വഴി ഉയർന്ന് വരുന്ന അസംഖ്യം അവസരങ്ങളും തങ്ങളുടെ വരുതിയിലാക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ മതേതരമാക്കി നേരിട്ടു. 2001ൽ ഈ സമിതി തുഞ്ചൻ സ്മാരക ട്രസ്റ്റായപ്പോഴും എംടിക്കു തന്നെയായിരുന്നു സാരഥ്യം. പോസ്റ്റ് ബാബറി – നിയോലിബറൽ ഇന്ത്യയിൽ എം.ടിയുടെ ഈ രാഷ്ട്രീയ ജാഗ്രത മാത്രം മതി കേരളം കടപ്പെട്ടിരിക്കാൻ.
മുഖ്യമന്ത്രി പിണറായി വിജയൻ എം.ടി വാസുദേവൻ നായരെ അനുസ്മരിച്ച് എഴുതിയ ഫെയ്സ് ബുക്ക് കുറിപ്പിന്റെ അവസാനം ഓർക്കുന്നത് അദ്ദേഹത്തിന്റെ മതേതര രാഷ്ട്രീയത്തെയാണ്. മറ്റെല്ലാ സ്മരണകൾക്കുമൊടുവിൽ കേരളം ഓർക്കേണ്ടത് ഒരു മുരടനക്കം കൊണ്ട് പോലും വർഗ്ഗീയ രാഷ്ട്രീയത്തിന് ഒത്തു പോകാത്ത എം.ടിയുടെ രാഷ്ട്രീയ ജാഗ്രതകൂടിയാണ്.