അടുത്ത ദശകത്തിൽ ഇന്ത്യയുടെ മാധ്യമ, വിനോദ വ്യവസായ മേഖലക്ക് മൂന്ന് മടങ്ങ് വളർച്ച കൈവരിച്ച് 100 ബില്യൺ ഡോളറിലേക്ക് എത്താനാകുമെന്നും ഇത് ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി.
മുംബൈയിലെ ജിയോ വേൾഡ് സെൻ്റെറിൽ നടന്ന വേൾഡ് ഓഡിയോവിഷ്വൽ ആൻഡ് എൻ്റെർടൈൻമെന്റ് സമ്മിറ്റ് (WAVES) 2025-ലെ മുഖ്യപ്രഭാഷണത്തിൽ ഇന്ത്യയുടെ വിനോദ സംസ്‌കാരിക വ്യവസായം രാജ്യത്തിൻ്റെ യഥാർത്ഥ ശക്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പഹൽഗാമിലെ ഭീകര ആക്രമണത്തിന് ശേഷം വേൾഡ് ഓഡിയോ വിഷ്വൽ എൻ്റെർടൈൻമെന്റ് ഉച്ചകോടിയിലെ പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യം പ്രതീക്ഷയുടെയും ഐക്യത്തിൻ്റെയും അചഞ്ചലമായ ദൃഢനിശ്ചയത്തിൻ്റെയും ശക്തമായ സന്ദേശം നൽകുന്നതാണെന്ന് മുകേഷ് അംബാനി പറഞ്ഞു.
മെയ് ഒന്ന് മുതൽ മെയ് നാല് വരെ മുംബൈയിലെ ജിയോ വേൾഡ് സെൻ്റെറിലാണ് ഉച്ചകോടി നടക്കുന്നത്. വിനോദ ലോകത്ത് നിന്നുള്ള നിരവധി പ്രഭാഷകരെ ഉൾക്കൊള്ളുന്ന ഉച്ചകോടി, 2024ൽ 2.5 ലക്ഷം കോടി രൂപയുടെ വരുമാനം നേടിയ മാധ്യമ, വിനോദ വ്യവസായത്തിൻ്റെ സാധ്യതകൾ വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു.
“പ്രധാനമന്ത്രി മോദിയുടെ ഇന്നത്തെ സാന്നിധ്യം ഞങ്ങൾക്ക് ശരിക്കും അനുഗ്രഹമാണ്. പ്രധാനമന്ത്രിയുടെ അസാധാരണമായ ഉത്തരവാദിത്തങ്ങൾ ഞങ്ങൾക്കറിയാം. പ്രത്യേകിച്ച് പഹൽഗാമിൽ അടുത്തിടെ നടന്ന ക്രൂരമായ ഭീകരാക്രമണത്തിന് ശേഷം. അതിനാൽ, പ്രധാനമന്ത്രി ഈ വേദിയിൽ വരുന്നത് ശക്തമായ ഒരു സന്ദേശം നൽകുന്നു,” -മുകേഷ് അംബാനി പറഞ്ഞു
“പ്രതീക്ഷയുടെയും ഐക്യത്തിൻ്റെയും അചഞ്ചലമായ ദൃഢനിശ്ചയത്തിൻ്റെയും സന്ദേശം. ഇവിടെ ഒത്തുകൂടിയ എല്ലാവരും ഇരകളുടെ കുടുംബങ്ങൾക്ക് ഹൃദയത്തില്‍ നിന്ന് അനുശോചനം അറിയിക്കുന്നു. മോദി ജി, സമാധാനത്തിൻ്റെയും നീതിയുടെയും മാനവികതയുടെയും ശത്രുക്കൾക്കെതിരായ ഈ പോരാട്ടത്തിൽ നിങ്ങൾക്ക് 145 കോടി ഇന്ത്യക്കാരുടെ പൂർണ പിന്തുണയുണ്ട്. അവരുടെ പരാജയം ഉറപ്പാണ്. ഇന്ത്യയുടെ വിജയം ഉറപ്പാണ്”-മുകേഷ് അംബാനി പറഞ്ഞു.