പ്രിയപ്പെട്ടവരെ,
മാധ്യമ പ്രവർത്തനം ഇന്ന് അത്യന്തം വെല്ലുവിളിയുള്ളതാണെങ്കിലും, ധൈര്യത്തോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ട് പോകാൻ നാലാമിടത്തിന് കഴിഞ്ഞിട്ടുണ്ട് എന്നുതന്നെയാണ് വിശ്വാസം . മാധ്യമലോകം ഒന്നാകെ വിശ്വാസ്യതയുടെ കാര്യത്തിലും വാർത്തകളുടെ പക്ഷപാതിത്വത്തിന്റെ പേരിലും നിരന്തര വിമർശനങ്ങളെ അഭിമുഖീകരിക്കുന്ന ഒരു സങ്കീർണമായ കാലത്താണ് ഇതിനെ അതിജീവിച്ചുകൊണ്ട് ഇന്നേക്ക് ‘ നാലാമിടം’ അതിന്റെ എട്ടാം വാർഷികത്തിലേക്ക് കടന്നിരിക്കുന്നത്.
മലയാളത്തിൽ നിന്നുള്ള ഒരു മാധ്യമം എന്ന നിലയിൽ കേരളത്തിൽ രാഷ്ട്രീയബോധവും വായനശീലവുമുള്ള ജനങ്ങൾ ഉണ്ടെന്നത് മാധ്യമ പ്രവർത്തനത്തിന് ഒരു ശക്തിയും അതേസമയം വെല്ലുവിളിയുമാണ്. വസ്‌തുനിഷ്‌ഠമായ വാർത്തകൾ നൽകുന്ന ഓൺലൈൻ മാധ്യമങ്ങൾ ഈ കാലത്തിൽ വിശ്വാസ്യതയുടെ വലിയ പോരായ്മ നേരിടുന്നുണ്ട്. ഇതിനെ മറികടക്കാൻ സർക്കാർ ഏർപ്പെടുത്തിയ ഗ്രിവൻസ് കൗൺസിൽ രജിസ്‌ട്രേഷൻ ഏറെ സഹായകമായി മാറി എന്നത് ഈ അവസരത്തിൽ പറയാതെ വയ്യ. മാധ്യമധാരയിൽ നിന്നും ഉയരുന്ന പ്രതിപക്ഷ സ്വരം എന്ന കടമ നാലാമിടം ശരിയായി വിനിയോഗിക്കുന്നു എന്നാണ് ഞങ്ങളുടെ വിശ്വാസം.
അതേസമയം, ഓരോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയും വ്യാജവാർത്തകൾ പ്രചരിക്കുന്നത് ന്യൂസ് റൂമുകളിൽ പ്രത്യേക വെല്ലുവിളിയാണ്. അതിനെയും ഒരു പരിധിവരെയെങ്കിലും മറികടക്കാൻ നാലാമിടത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് വിശ്വാസം. പ്രിന്റ്, ഓൺലൈൻ എന്നീ രൂപങ്ങളിലായിരുന്നു നാലാമിടം ആദ്യമായി വായനക്കാരിലേക്ക് എത്തിയത്. ഇപ്പോൾ ഓൺലൈൻ മാത്രമാണ് സജീവമായുള്ളത്. വായന മരിച്ചിട്ടില്ലാത്ത ലോകത്തിൽ പ്രിന്റ് മീഡിയയും അധികം വൈകാതെ തന്നെ തുടങ്ങാൻ സാധിക്കും എന്നാണ് ഞങ്ങൾ കരുതുന്നത്. ഇതോടൊപ്പം ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുന്ന കാര്യവും അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് എന്ന് വായനക്കാരെ അറിയിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു.
ഇതുവരെ നാലാമിടത്തിന് നിങ്ങൾ പ്രിയ വായനക്കാർ നൽകിയ സ്നേഹവും പിൻതുണയും തുടർന്നും ഉണ്ടാകും എന്ന വിശ്വാസത്തോടെ ,
ടീം നാലാമിടം