29 April 2024

ദേശീയ നവമാധ്യമ പുരസ്‌കാരം അഥവാ ബിജെപി രാഷ്ട്രീയ പുരസ്കാരം

ഹിന്ദുത്വ അജണ്ടകളും വലതുപക്ഷ ഫാസിസ്റ്റു രാഷ്ട്രീയവും മുഖമുദ്ര ആക്കിയവർക്കും ചരിത്രത്തെ വളച്ചൊടിച്ചവർക്കും അതി തീവ്ര ദേശീയത വിളിച്ചു പറഞ്ഞവർക്കുമാണ് ദേശീയ അവാർഡ്.

| ശ്യാം സോർബ

ദേശീയ ക്രീയേറ്റർസ് അവാർഡ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്തു. സമൂഹ മാധ്യമങ്ങളിൽ മികച്ച കോൺടെന്റുകൾ നിർമിക്കുന്ന ആളുകൾക്ക് കൊടുക്കുന്നു എന്ന വ്യാജേന അതീവ അപകടകരമാം വിധമാണ് തിരഞ്ഞെടുപ്പുകൾ നടന്നിരിക്കുന്നത് എന്ന് തന്നെ പറയേണ്ടി വരും. ഹിന്ദുത്വ അജണ്ടകളും വലതുപക്ഷ ഫാസിസ്റ്റു രാഷ്ട്രീയവും മുഖമുദ്ര ആക്കിയവർക്കും ചരിത്രത്തെ വളച്ചൊടിച്ചവർക്കും അതി തീവ്ര ദേശീയത വിളിച്ചു പറഞ്ഞവർക്കുമാണ് ദേശീയ അവാർഡ്.

അതിൽ എടുത്തു പറയേണ്ട ഒരു പേരാണ് കീർത്തി ഹിസ്റ്ററി എന്ന ചാനലിലൂടെ ആളുകൾക്ക് സുപരിചിതയായ സോഷ്യൽ മീഡിയ ‘താരം’ കീർത്തി. 2022 ഓഗസ്റ്റിൽ ആരംഭിച്ച ചാനലിൽ ഏകദേശം 450000 ന് അടുത്താണ് സബ്സ്ക്രൈബ്ർസ്. ആയിരങ്ങളും ലക്ഷങ്ങളും ആണ് ഓരോ വിഡിയോയും കാണുന്നത് എന്നുള്ളതും വാസ്തവമാണ്. എന്തുകൊണ്ട് കീർത്തി പറയുന്ന കാര്യങ്ങൾ അപകടകരം എന്ന് പറയുന്നു എന്ന് ചോദിച്ചാൽ അതിലെ ചുരുക്കം ചില കോൺടെന്റുകൾ എടുത്തു പരിശോധിക്കേണ്ടി വരും.

വലതുപക്ഷ ഫാസിസ്റ്റു രാഷ്ട്രീയത്തോടൊ അല്ലെങ്കിൽ തീവ്ര ദേശീയതയോടോ ചേർന്ന് നിന്ന് തീർത്തും ആശാസ്ത്രീയവും കപടതയോ പ്രശ്നപരമോ ആയ അസത്യങ്ങൾ ആണെന്ന് തീർത്തു പറയാം. ഇന്ത്യ കണ്ട വലിയ കലാപം ആയ ഗുജറാത് കലാപത്തെ കുറിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യൂമെന്ററി ഇന്ത്യയിൽ നിരോധിച്ച സമയത്ത് ആ ബഹിഷ്‌ക്കരണത്തെ അനുകൂലിച്ചു കൊണ്ട് കീർത്തി മുന്നോട്ട് വെക്കുന്ന ചില പോയിന്റുകൾ ഉണ്ട്. ബ്രിട്ടീഷ് രാജാവിന്റെ ഉടമസ്ഥതയിൽ ആണ് ബിബിസി എന്നും ഇന്ത്യ യുകെ യെ മറികടന്ന് അഞ്ചമത്തെ വലിയ ജിഡിപി ആയി വന്നതിൽ ഉള്ള വൈരാഗ്യം ആണ് ഈ ഡോക്യൂമെന്ററി പുറത്ത് വിടാൻ ഉള്ള കാരണം എന്നാണ് അവരുടെ ഒരു വാദം.

ഇന്ത്യ G-20 ഉച്ചകോടിക്ക് നേതൃത്വം നൽകുന്നതിൽ ഉള്ള ദേഷ്യവും അതേ സമയം ഇന്ത്യയെ ഒരു സുരക്ഷിതമല്ലാത്ത രാജ്യമായി ചിത്രീകരിക്കുന്നതിന്റെയും ഭാഗമായ പ്രോപഗണ്ട ആണ് ഈ ഡോക്യൂമെന്ററി എന്നൊക്കെ ആയിരുന്നു കീർത്തിയുടെ വാദം. വീഡിയോയുടെ അവസാനം രോഷാകുലയായി ആണ് കീർത്തി ഡോക്യൂമെന്ററി കാണാൻ ആഗ്രഹിക്കുന്നതവരോട് സംസാരിക്കുന്നത്. നരേന്ദ്രമോദിയെ ചോദ്യം ചെയ്യുന്നതും വിമര്ശിക്കുന്നതും ഇന്ത്യ വിരുദ്ധത ആണെന്ന പക്ഷം ആണ് കീർത്തിയുടേത്.

ഇത് കീർത്തി ഹിസ്റ്ററി എന്ന ചരിത്ര ഗവേഷകയുടെ ഒരു കണ്ടെത്തൽ മാത്രമാണ്. ഇസ്രായേൽ – പലസ്തീൻ വിഷയത്തിലും ഉണ്ട് കീർത്തിക്ക് അഭിപ്രായം. പലസ്തീൻ ജനങ്ങൾ മനഃപൂർവ്വം നിർമ്മിച്ചെടുത്ത കലാപം ആണെന്നും ഇസ്രായേൽ മാത്രമായിരുന്നു പൂർണ്ണമായും ശരി എന്ന വാദമാണ് കീർത്തിക്ക്. ഇസ്രായേലിനെ ഒരു കാരണത്താലും കുറ്റപ്പെടുത്താൻ പറ്റില്ല എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്. ഉദാഹരണം ആയി ഇന്ത്യ പാകിസ്ഥാൻ ഉദ്ധാരണി കൂടെ ചേർക്കുന്നുണ്ട്.

ഇന്ത്യ കണ്ട മികച്ച ശാസ്ത്രജ്ഞൻ രാമാനുജം കണ്ടെത്തിയ കണ്ടുപിടിത്തങ്ങൾ ദൈവം നേരിട്ട് പറഞ്ഞു കൊടുത്തതാണ് എന്നുള്ള മണ്ടത്തരങ്ങൾ പോരാതെ, ആർ എസ് എസിന്റെ കൺകണ്ട ദൈവം സവർക്കർ ഇന്ത്യ കണ്ട ഏറ്റവും മികച്ച നേതാവ് ആണെന്നും പറഞ്ഞു വെക്കുന്നുണ്ട് കീർത്തി തന്റെ വിഡിയോയിൽ. ശബരിമല സ്ത്രീ പ്രവേശനവും, പാർലിമെന്റിലെ ചെങ്കോൽ സ്ഥാപിക്കലും, അയോദ്ധ്യ പ്രാണ പ്രതിഷ്ഠ തുടങ്ങി എല്ലാ വിഷയത്തിലും ഉണ്ട് കീർത്തിക്ക് അഭിപ്രായം. വെറും അഭിപ്രായം എന്നതിൽ ഉപരി ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റു ഭരണകൂടത്തിന് വേണ്ടി പാട്ട് പാടുന്ന അഭിപ്രായം.

സവർക്കറേ ആരാധിക്കാൻ പറയുന്ന, അയോദ്ധ്യ ക്ഷേത്രം ഇന്ത്യയുടെ സാംസ്കാരിക മണ്ഡലം ആണെന്ന് വാദിക്കുന്ന, ഇസ്രായേൽ മാത്രം ആണ് ശരിയെന്നു വാദിക്കുന്ന, ശാസ്ത്രത്തിന് മുകളിൽ ആണ് ദൈവങ്ങൾ എന്ന് അവകാശപ്പെടുന്ന, ഹിന്ദി ആണ് ഭാഷകളിൽ പ്രധാനി എന്ന് അവകാശം ഉന്നയിക്കുന്ന, മുഗൾ ബാബർ സാമ്രാജ്യങ്ങളെ മുഴുവൻ അടച്ചാക്ഷേപിക്കുന്ന ഒരാൾക്ക് ആക്കാതെ മികച്ച സ്റ്റോറി ടെല്ലർ അവാർഡ് മറ്റു ആർക്ക് കൊടുക്കാൻ ആണ് ഈ സർക്കാർ…

ഇത് അവാർഡ് നേടിയ ഒരാളുടെ മാത്രം വിഷയമല്ല. വേറെയും കാണാം ഈ രീതി. ന്യൂ ഇന്ത്യ ചാമ്പ്യൻ അവാർഡ് നേടിയ അഭി & നിയു – oxford സവ്വകലാശായിൽ നിന്ന് ഹിന്ദു ആയത് കൊണ്ട് ഒരു പെൺകുട്ടിയെ പുറത്താക്കി എന്ന തരത്തിൽ ഒരു സമയത്ത് തീർത്തും തെറ്റായ വിവാദ പരാമർശം നടത്തിയ ക്രീയേറ്റർസ്.

ഡിസ്‌രുപ്റ്റർ ഓഫ് ദി ഇയർ – രൺവീർ അല്ഹബാധിയ – ആത്മീയതയുടെ മറവിൽ വിഷയങ്ങൾ അവതരിപ്പിക്കുകയും BJP യുടെ ദേശീയ നേതാക്കൾ ആയ സ്മൃതി ഇറാനി ഉൾപ്പെടെ ഉള്ളവർ യുവാക്കളുമായി സംസാരിക്കാൻ കണ്ടെത്തിയ ചാനൽ എന്ന നിലയ്ക്ക് അവാർഡ് കൊടുത്തേ പറ്റുള്ളൂ എന്നതാണ് വാസ്തവം. സാമൂഹിക മാറ്റങ്ങൾക്ക് വേണ്ടി കോൺടെന്റുകൾ നിർമിക്കുന്ന മികച്ച ക്രീയേറ്റർ – ജയ കിഷോറി. രാമായണവും ഭാഗവതവും വിഡിയോയിൽ വന്നിരുന്ന് വായിച്ച് അതിലൂടെ മാറ്റങ്ങൾ ഉണ്ടാക്കാം എന്ന വാദം ആണ് ഇവരുടെ പ്രധാന പരിപാടികൾ.

കൂടുതൽ അമ്പലങ്ങളിലേക്ക് യാത്ര ചെയ്യുന്ന കാമിയ മികച്ച ട്രാവൽ ക്രീയേറ്റർ ആവുന്നു. ഇനി മറ്റൊരു വിഭാഗം ആണ് മികച്ച മൈക്രോ ക്രീയേറ്റർ – കാവി വസ്ത്രം ധരിച്ച് ഭക്തി ഉദ്ധരിക്കുന്ന അറിഥമൻ ആണ് ഈ പുരസ്‌കാരം നേടിയത്. ഇങ്ങനെ ആകെ പുരസ്‌കാരങ്ങളുടെ ഒരു സാരംശം എടുത്തു പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. ബിജെപി – ആർ എസ് എസ് രാഷ്ട്രീയ അജണ്ടകളെ പിൻതാങ്ങുകയോ അല്ലെങ്കിൽ രാമായണം, മഹാഭാരതം ഉൾപ്പെടെ ഉള്ള പുരാണങ്ങൾ ഉദ്ധരിച്ചു കൊണ്ട് സംസാരിക്കുകയോ ഭക്തി, ആത്മീയത തുടങ്ങിയ വിഷയങ്ങൾ അവതരിപ്പികയോ ചെയ്യുന്നവർ ആണ് ഇന്ത്യയിലെ മികച്ച സോഷ്യൽ മീഡിയ ഇൻഫ്ലുൻസർസ് എന്ന് സാരം.

ചരിത്രങ്ങൾ വളച്ചൊടിക്കലും, ഹിന്ദുത്വ ഫാസിസ്റ്റു ഭരണകൂടത്തിന് ഓശാന പാടലും ആണ് ദേശീയ അവാർഡിന്റെ അടിസ്ഥാന ക്വാളിഫിക്കേഷൻ എന്ന് ഒരു വട്ടം കൂടെ അടിവരയിട്ട് ഉറപ്പിക്കുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച ദേശീയ ക്രീയേറ്റർസ് അവാർഡുകൾ. ആദ്യമായി ഇത്തരത്തിൽ ഒരു അവാർഡ് ഏർപ്പെടുത്തുമ്പോൾ അത് പൂർണ്ണമായും ബിജെപി രാഷ്ട്രീയത്തിന്റെ ബാക്കിപത്രം ആയി മാറുന്നു എന്ന് തന്നെ അടിവരയിട്ട് വീണ്ടും പറയാം.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News