യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ കാതോലിക്കയായി സ്ഥാനമേറ്റ് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവ. പുത്തന്‍കുരിശ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ വലിയ മെത്രാപ്പോലീത്ത എബ്രഹാം മോര്‍ സേവേറിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു.
വാഴിക്കല്‍ ചടങ്ങിന് ശേഷം ബെയ്‌റൂത്തില്‍ നിന്ന് ഞായറാഴ്‌ച ഉച്ചതിരിഞ്ഞ് നെടുമ്പാശ്ശേരി വിമാന താവളത്തിലെത്തിയ കാതോലിക്കാ ബാവയെ സഭാ ഭാരവാഹികളും വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു.
യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയെ നിയമിച്ചു കൊണ്ടുള്ള ആകമാന സുറിയാനി സഭയുടെ അധ്യക്ഷനായ പാത്രയര്‍ക്കീസ് ബാവയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. സ്ഥാന ചിഹ്നമായ അംശവടി കൈമാറി കൊണ്ടായിരുന്നു ചടങ്ങുകള്‍ അവസാനിച്ചത്.
പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധികളും സഭയിലെ മെത്രാപ്പൊലീത്തമാരും ചടങ്ങില്‍ പങ്കെടുത്തു. സ്ഥാനാരോഹണ ചടങ്ങിന് ശേഷം കാതോലിക്കാ ബാവയെ അനുമോദിച്ചുള്ള പൊതുസമ്മേളനം നടന്നു.