ഐപിഎല്ലിൽ ഈ വർഷം കൊണ്ടുവന്ന പുതിയ നിയമങ്ങൾ ബോളർമാർക്ക് ആശ്വാസം പകരുന്നതാണെന്ന് മുൻ ഇന്ത്യൻ താരം മോഹിത് ശർമ്മ. പന്തിൽ തുപ്പൽ പുരട്ടാൻ അനുമതി നൽകിയതാണ് ഈ നിയമങ്ങളിൽ ശ്രദ്ധേയമായത്. പന്തിൽ തുപ്പൽ പുരട്ടിയാൽ, ഉറപ്പായും റിവേഴ്‌സ് സ്വിങ് ലഭിക്കുമെന്ന് മോഹിത് ശർമ്മ പറഞ്ഞു.
അഞ്ചുവർഷം മുമ്പ് 2020ൽ കോവിഡ് ലോകത്തെയാകെ പിടിമുറുക്കിയപ്പോഴാണ് പന്തിൽ തുപ്പൽ പുരട്ടുന്നത് ക്രിക്കറ്റിൽ നിരോധിച്ചത്. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിലും ഈ നിയമം നടപ്പാക്കിയിരുന്നു. ഈ നിയമത്തിലാണ് ഈ വർഷം ഇളവ് നൽകിയിരിക്കുന്നത്. അതുപോലെ രണ്ടാം ഇന്നിംഗ്സിൽ രണ്ട് പന്ത് ഉപയോഗിക്കാനുള്ള അനുമതിയും ഈ വർഷം നൽകിയിട്ടുണ്ട്. ഇതും ബോളർമാർക്ക് ആശ്വാസകരമാകുന്ന തീരുമാനമാണ്.
ഐപിഎൽ സീസണിൽ മഞ്ഞു വീഴ്‌ച കാരണം ഇപ്പോൾ രണ്ടാമത്തെ ഇന്നിംഗ്സിൽ ബോളിങ് ദുഷ്ക്കരമാണ്. അതുകൊണ്ടുതന്നെ ഈ സീസണിൽ ടോസ് നേടുന്നവർ ആദ്യം ഫീൽഡ് ചെയ്യുന്നതാണ് കൂടുതലായും കണ്ടുവരുന്നത്. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ പത്ത് ഓവറിന് ശേഷം ന്യൂ ബോൾ എടുക്കാൻ അനുവദിക്കുന്നത് ഫീൽഡിങ് ടീമിന് ആശ്വാസം പകരുന്നതാണ്.
രണ്ടാം ഇന്നിംഗ്‌സിലെ പന്ത് മാറ്റ നിയമത്തെക്കുറിച്ച് മോഹിത് ശർമ്മ പറയുന്നത് ഇങ്ങനെയാണ്, “ഇത് ഏറെ സഹായകരമാണ്. ഞങ്ങൾ കഴിഞ്ഞ മത്സരത്തിൽ ആദ്യ പന്ത് 12 ഓവറുകൾ ഉപയോഗിച്ചിരുന്നു. ഞങ്ങളുടെ ഇന്നിംഗ്‌സ് അവസാനിക്കുമ്പോൾ മഞ്ഞ് വീഴാൻ തുടങ്ങിയതിനാൽ പന്ത് അൽപ്പം നനഞ്ഞിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ കൂടുതൽ മഞ്ഞുവീഴ്‌ചയുണ്ടായി. പിന്നീട് പതിമൂന്നാമത്തെ ഓവറിൽ രണ്ടാമത്തെ പന്ത് എടുത്തു. പന്തിൽ ബോളർമാർക്ക് കൂടുതൽ നിയന്ത്രണം കൊണ്ടുവരാൻ ഇത് സഹായിക്കും.
മുംബൈയ്ക്കെതിരായ മത്സരത്തിൽ ഡൽഹി തോറ്റത് നിർഭാഗ്യം കൊണ്ടാണെന്നും മോഹിത് ശർമ്മ പറഞ്ഞു. ഐപിഎൽ പോലെ വളരെ നീണ്ട ടൂർണമെന്‍റിൽ തോൽവികളും സ്വാഭാവികമാണ്. അടുത്ത മത്സരത്തിൽ കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാൻ തോൽവി പ്രചോദിപ്പിക്കുമെന്നും മോഹിത് ശർമ്മ പറഞ്ഞു