| ബിനുരാജ്
കേരളത്തിലെ പ്രമുഖ ഭക്ഷ്യ ബ്രാൻഡ് ആയ ബ്രാഹ്മിൺസ് മറുനാടൻ കമ്പനി ആയ വിപ്രോ വിലയ്ക്ക് വാങ്ങി. 2022ല്‍ നിറപറയും വിപ്രോ വാങ്ങിയിരുന്നു. ബ്രാഹ്‌മിന്‍സ് എന്ന പ്രശസ്തമായ ബ്രാന്‍ഡ് നാമം നിലനിര്‍ത്തിയാണ് ഏറ്റെടുക്കല്‍. ബ്രാഹ്‌മിന്‍സ് കമ്പനിക്ക് 36 വര്‍ഷം പ്രായമുണ്ട്. നാല് ഫാക്ടറികളാണ് കേരളത്തിൽ കമ്പനിക്കുള്ളത്. തൊടുപുഴ, കിഴക്കമ്പലം (എറണാകുളം), രാമപുരം (കോട്ടയം), കോതമംഗലം പൈങ്ങോട്ടൂര്‍ (എറണാകുളം) എന്നിവിടങ്ങളിലാണവ. ഏകദേശം 12,000 ടണ്ണോളമാണ് മൊത്തം ഉത്പാദനശേഷി. ഇതെല്ലാമാണ് വിപ്രോ ഏറ്റെടുത്തിരിക്കുന്നത്.
നേരത്തെ കേരളത്തിൽ നിന്നും 2003ല്‍ ചന്ദ്രിക സോപ്പിനെയും വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്റ് ലൈറ്റിംഗ് ഏറ്റെടുത്തിരുന്നു. കേരളത്തിലെ ഭക്ഷ്യമേഖലയില്‍ കോടികളുടെ നിക്ഷേപമാണ് വിപ്രോ നടത്തുന്നത്. ഇതിന്റെ ആദ്യ ഭാഗമായാണ് കേരളത്തിലെ പ്രമുഖ ബ്രാന്‍ഡായ നിറപറയെ ഏറ്റെടുത്തത്.
മറുനാടൻ കമ്പനി എന്ന് മനഃപൂർവം പറഞ്ഞതാണ്. മലയാളിയുടെ ഉടമസ്ഥതയിൽ ഉള്ള ഒരു കമ്പനി കൂടി ഇല്ലാതാവുന്നു എന്നത് ആർക്കും ഒരു വിഷയം അല്ലായിരിക്കാം. കേരളത്തിൽ നിന്നും ബിസിനസ്സ് കുറയുന്നു എന്നതാണോ ഇത് സൂചിപ്പിക്കുന്നത്? അതോ ഒരു കേരള ബ്രാൻഡ് നടത്തി കൊണ്ടു പോകാൻ കഴിയാത്ത വണ്ണം നാട് മാറിയോ? അതോ കമ്പനി നടത്തി കൊണ്ടു പോകുന്നതിനേക്കാൾ ലാഭം വിറ്റൊഴിവാക്കുന്നതാണ് എന്ന് ഉടമകൾക്ക് ബോധ്യപ്പെട്ടോ?
കേരളം കുറെ കൂടി ഒരു മാർക്കറ്റ് മാത്രം ആവുന്നു എന്നതിൻ്റെ സൂചനയും ആവാം. പുറത്ത് നിന്നുള്ള ഏതോ കമ്പനി ഉൽപ്പന്നം ഇവിടെ വിൽക്കുന്നു, ലാഭം ഉണ്ടാക്കുന്നു. മായം ചേർന്ന ഉൽപന്നങ്ങൾ വിൽക്കുന്നു എന്ന പേരിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി എടുത്ത ചരിത്രം നിറപറയ്ക്ക് ഉണ്ട്. പിന്നീട് കേസും കൂട്ടവും ഒക്കെ ആയി. കുറച്ചു നാൾ മുമ്പ് ബ്രാഹ്മിൺസ് കമ്പനി പത്രങ്ങളുടെ മുൻ പേജിൽ പരസ്യം നൽകിയിരുന്നു. തങ്ങളുടെ ഉൽപ്പന്നം വളരെ മികച്ചതാണ് എന്നു ഉടമ തന്നെ സാക്ഷ്യപ്പെടുത്തുന്ന പരസ്യം.
ഈ പരസ്യം വന്നിട്ട് അധികം നാൾ ആയില്ല. ഒരു പക്ഷെ അന്ന് വിപ്രോയും ആയി വിൽപ്പന സംബന്ധിച്ച് വിലപേശൽ നടക്കുന്ന സമയവും ആയിരിക്കണം. പരസ്യം ഉപഭോക്താക്കളെ ഉദ്ദേശിച്ച് ആയിരുന്നോ വിപ്രോ മുതലാളിയെ ഉദ്ദേശിച്ച് ആയിരുന്നോ എന്നാണ് ഇപ്പൊൾ സംശയം.
എന്തായാലും ബ്രാഹ്മണ ഉടമസ്ഥതയിൽ ഉള്ള ഒരു കമ്പനിയിൽ നിന്ന് മാത്രമേ സാധനം വാങ്ങൂ എന്ന് നിർബന്ധം ഉളളവർ വിഷമിക്കേണ്ട. ബ്രാഹ്മിൺസ് വാങ്ങിയത് വിപ്രോ ആണല്ലോ. വിപ്രൻ എന്നാൽ ബ്രാഹ്മണൻ. പിന്നെന്തിന് ശങ്കിക്കണം?