| അഡ്വ. എം സുകുമാരൻ ലാൽ
വധശിക്ഷ ശരിവച്ച അപ്പീൽ കോടതി പ്രതിയോട്..
അവസാനമായി എന്തെങ്കിലും ചോദിക്കാനുണ്ടോ?
പ്രതി : മരിക്കും മുൻപേ എന്നെ കൊല്ലാനുള്ള കാരണം അറിയണം എന്നുണ്ട്.
അപ്പീൽ കോടതി : അയ്യോ. അത് പറയാനാകില്ല. അത്….മുദ്ര വച്ച കവറിലാണ്. ഒരു ക്ലൂ തരാം. ആദ്യത്തെ അക്ഷരം ദേശത്തിലുണ്ട്. രണ്ടാമത്തെ അക്ഷരം ശത്രുവിലും മൂന്നാമത്തെ അക്ഷരം സുരേന്ദ്രനിലും നാലാമത്തേത് രക്ഷാബന്ധനിലുമുണ്ട്.
അല്ലെങ്കിലും സനാതന ധർമത്തിന്റെ ഭാരതത്തിൽ മരിക്കാൻ നേരം ആരും ജാതകം വായിക്കാറില്ലല്ലോ. ധർമസങ്കല്പത്തെ അവഗണിച്ച ഭരണഘടനയോടുള്ള ദേഷ്യം മാറിവരുന്നതേയുള്ളൂ. ജനം ടിവിയാണ് മാതൃക. ദേശസ്നേഹത്തിന്റെ മുദ്രയെന്നതുതന്നെ ജനത്തിന്റെ മുദ്രയാണ്. ഒരു ശരാശരി രാജ്യാഭിമാനി ഒരു ദിവസം ഉണരുന്നതുതന്നെ ഭാരതാംബയെയോർത്ത് കോരിത്തരിച്ചുകൊണ്ടാകണം. പ്രഭാതകൃത്യങ്ങൾക്കിടയിൽ വിഷകലയുടെ സമഭാവനാസന്ദേശം ഹെഡ്ഫോണിൽ കേട്ടുകൊണ്ടേയിരിക്കണം.
ഇടയ്ക്കിടെ കയ്യിലെ മഞ്ഞയും കാവിയും പിങ്കാദിനിറചരടുകൾ ഹൃദയം ചേർത്ത് മാതാ കീ ജയ് എന്ന് ഉരുവിട്ടുകൊണ്ടേയിരിക്കണം. പലനിറം ചന്ദനവും ഭസ്മവും കാണാവുന്നിടത്തെല്ലാം തേച്ചുപിടിപ്പിച്ചു വരാന്തയിൽ നിന്നിറങ്ങി ഭാരതത്തിന്റെ കാറ്റേൽക്കണം. ജന്മഭൂമി വായിക്കുന്നേരം രോമം എണീറ്റുനിന്ന് കെട്ടിപ്പിടിക്കാൻ വന്ന പെണ്ണിന്റെ കവിളിൽ നിന്നും ചോര തന്നെ പൊടിയണം.
ദേഹം മൂടിവരുന്ന ദേശദ്രോഹികൾക്ക് മുൻപിലൂടെ കസവുപുതച്ചങ്ങനെ റോഡിലൂടെ അർദ്ധനഗ്നനായി പാട്ടും പാടിയമ്പലത്തിൽ പോകണം. വിയർപ്പൊട്ടിയ ശരീരം ദളിതന്റെ മേൽ മുട്ടിയാലും പൂണൂലിൽ തട്ടാതെ കാക്കണം. ഇൻഡോ പാക് വാർ ചിത്രങ്ങൾ ഗൾഫിലിരുന്നു കണ്ടു തിളച്ചുമറിഞ്ഞു നാട്ടിൽ വന്നു പൊട്ടിത്തെറിയ്ക്കണം. പാക്കിസ്താനോട് വീറോടെ പൊരുതി വീരചക്രം വാങ്ങിച്ചാലും മുഹമ്മദിന്റെ കുടുംബത്തിന്റെ ദേശസ്നേഹം ശശികലയുടെ ത്രാസിൽ തൂക്കണം.
അയല്പക്കത്തൊരു ഹിന്ദുരാജ്യം കൂടി ശത്രുവായി വേണമായിരുന്നു. എന്ത് പോക്രിത്തരം ചെയ്താലും ചുളുവിൽ ദേശാഭിമാനിയാകുന്നവർ നമ്മോട് പാകിസ്താനിലേക്ക് പോകൂ എന്ന് പറയുമ്പോൾ നിങ്ങൾക്കും പോകാനുണ്ടല്ലോ ഒരിടം എന്നെങ്കിലും പറയുവാൻ!























