ശക്തമായ വേനലില്‍ നിന്ന് ആശ്വാസം തേടി തണുപ്പുള്ള പ്രദേശങ്ങളിലേക്ക് യാത്ര പോകുന്നത് മലയാളികളുടെ പതിവാണ്. അതിൽ ഊട്ടിയും കൊടൈക്കനാലുമാണ് ഇഷ്‌ട കേന്ദ്രം. ഊട്ടിയുടെയും കൊടൈക്കനാലിന്‍റേയും ഭൂപ്രകൃതിയും തണുത്ത കാലാവസ്ഥയുമാണ് വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
പക്ഷെ ഇത്തവണ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്. ഈ പ്രദേശങ്ങളില്‍ അമിത ജനക്കൂട്ടം ഒഴിവാക്കുന്നതിനും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുമായി തമിഴ്‌നാട് ഹൈക്കോടതിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ മുതൽ ജൂൺ വരെയാണ് നിയന്ത്രണങ്ങള്‍.
അനുവദനീയമായ വാഹനങ്ങളുടെ എണ്ണം: മാർച്ച് മുതൽ ജൂൺ വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ നീലഗിരിയിൽ 6,000 ടൂറിസ്റ്റ് വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. വാരാന്ത്യങ്ങളിൽ 8,000 വാഹനങ്ങള്‍ അനുവദിക്കും. കൊടൈക്കനാലിൽ പ്രവൃത്തി ദിവസങ്ങളിൽ പ്രതിദിനം 4,000 വാഹനങ്ങളും വാരാന്ത്യങ്ങളിൽ 6,000 വാഹനങ്ങളും മാത്രമേ അനുവദിക്കുകയുള്ളൂ.
പൊതുഗതാഗതത്തിനും തദ്ദേശീയര്‍ക്കും ബാധകമല്ല: അതേസമയം ബസുകൾ, ട്രെയിനുകൾ തുടങ്ങിയ പൊതുഗതാഗതം ഉപയോഗിക്കുന്നവർക്ക് വാഹന നിയന്ത്രണങ്ങൾ ബാധകമാകില്ല. തദ്ദേശവാസികളെയും ഇത് ബാധിക്കില്ല. അവശ്യ വസ്‌തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇലക്‌ട്രിക് വാഹനങ്ങൾക്ക് മുൻഗണന: ഇലക്‌ട്രിക് വാഹനങ്ങൾക്ക് (ഇ-വാഹനങ്ങൾ) ഹൈക്കോടതി മുൻഗണന നൽകുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഇ-പാസുകൾ നൽകുമ്പോൾ ഇ-വാഹനങ്ങൾ ഉപയോഗിക്കുന്ന വിനോദ സഞ്ചാരികൾക്ക് മുൻഗണന നൽകും. ഇലകട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം വർദ്ധിപ്പിക്കാന്‍ അധികാരികളെ ചുമതലപ്പെടുത്തിയതായി കോടതി അറിയിച്ചു.
മിനി ഇ-ബസുകൾ: കുന്നുകളുടെ അടിവാരത്ത് നിന്നും മുകളിലേക്ക് മിനി മിനി ഇ-ബസുകൾ അവതരിപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ഗതാഗത കുരുക്ക് കുറയ്ക്കാനും ഇത് സഹായകമാകും.
പ്ലാസ്റ്റിക് മാനേജ്മെന്‍റ്: വാഹന നിയന്ത്രണങ്ങൾക്ക് പുറമേ നീലഗിരിയിലും കൊടൈക്കനാലിലും പ്ലാസ്റ്റിക് ഉപയോഗം കർശനമായി നിയന്ത്രിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. വിനോദ സഞ്ചാരികൾക്ക് മതിയായ കുടിവെള്ള സ്റ്റേഷനുകളും താത്കാലിക ടോയ്‌ലറ്റുകളും ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഏപ്രിൽ 1 മുതൽ ജൂൺ വരെ ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്നാണ് കോടതി ഉത്തരവ്. ജസ്റ്റിസുമാരായ സതീഷ് കുമാറും ഭരത് ചക്രവർത്തിയും ഉൾപ്പെട്ട പ്രത്യേക ബെഞ്ചിന്‍റേതാണ് ഉത്തരവ്. ഏപ്രിൽ 25 നകം നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി തമിഴ്‌നാട് സർക്കാരിനോട് ഉത്തരവിട്ടു. വാഹന നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ കൂടുതൽ പൊലീസുകാരെ വിന്യസിക്കാൻ ഡിജിപിയോടും നിര്‍ദേശിച്ചിട്ടുണ്ട്.