ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ അടുത്തിടെ നടത്തിയ മുഴുവൻ സൈനിക നടപടിയും തന്റെ പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫിന്റെ മേൽനോട്ടത്തിൽ ആസൂത്രണം ചെയ്തതാണെന്ന് പറഞ്ഞുകൊണ്ട് ഭരണകക്ഷിയായ പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) പാർട്ടിയുടെ മുതിർന്ന നേതാവും പഞ്ചാബ് പ്രവിശ്യാ വാർത്താവിനിമയ മന്ത്രിയുമായ അസ്മ ബുഖാരി പരാമർശങ്ങൾ നടത്തി.
നിലവിലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സഹോദരനും മൂന്ന് തവണ പ്രധാനമന്ത്രിയായിട്ടുള്ളതുമായ നവാസ് ഷെരീഫാണ് ഓപ്പറേഷന് നേതൃത്വം നൽകിയതെന്ന് അവർ വ്യക്തമാക്കി. “നവാസ് ഷെരീഫ് ഒരു സാധാരണ നേതാവല്ല. അദ്ദേഹത്തിന്റെ പ്രവൃത്തികൾ അദ്ദേഹത്തെക്കുറിച്ച് ധാരാളം കാര്യങ്ങൾ പറയുന്നു,” അസ്മ ബുഖാരി അഭിപ്രായപ്പെട്ടു. “പാകിസ്ഥാനെ ആണവ ശക്തിയാക്കി മാറ്റിയത് നവാസ് ഷെരീഫാണ്, ഇപ്പോൾ ഇന്ത്യയ്‌ക്കെതിരായ ഓപ്പറേഷന് രൂപകൽപ്പന ചെയ്തത് അദ്ദേഹമാണ്,” – അവർ പറഞ്ഞു.
ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി, മെയ് 7 ന് പുലർച്ചെയാണ് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകളിൽ ആക്രമണം നടത്തിയിരുന്നു . ഇതിനെത്തുടർന്ന്, മെയ് 8, 9, 10 തീയതികളിൽ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാൻ പാകിസ്ഥാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു.
നാല് ദിവസത്തെ തീവ്രമായ അതിർത്തി സംഘർഷങ്ങൾക്ക് ശേഷം, സംഘർഷം ലഘൂകരിക്കുന്നതിനായി വെടിനിർത്തൽ സംബന്ധിച്ച് ശനിയാഴ്ച ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി. ഈ സംഭവവികാസങ്ങൾക്ക് ശേഷം നവാസ് ഷെരീഫ് പാകിസ്ഥാന്റെ സിവിലിയൻ, സൈനിക നേതൃത്വത്തെ അഭിനന്ദിച്ചിരുന്നു.