പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കും ഇന്ത്യയോടുള്ള ഐക്യദർഢ്യത്തിനും വേണ്ടി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഒരു അനുസ്മരണ ചടങ്ങ് നടത്തി. വിശിഷ്ട വ്യക്തികളും സമൂഹത്തിലെ അംഗങ്ങളും ഒരു നിമിഷം മൗനം ആചരിക്കുകയും ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
വ്യാഴാഴ്ച നടന്ന ചടങ്ങിൽ യുകെ മന്ത്രി കാതറിൻ വെസ്റ്റ്; ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്, പാർലമെന്ററി കാര്യ മന്ത്രാലയത്തിലെ സഹമന്ത്രി എൽ. മുരുകൻ; യുകെ കൺസർവേറ്റീവ് പാർട്ടി പാർലമെന്റ് അംഗം ബോബ് ബ്ലാക്ക്മാൻ; യുകെ ലേബർ പാർട്ടി പാർലമെന്റ് അംഗം കനിഷ്ക നാരായൺ; യുകെ ഹൗസ് ഓഫ് ലോർഡ്സ് അംഗങ്ങളായ ബറോണസ് വർമ്മ, ലോർഡ് റാവൽ, മഹാരാഷ്ട്രയുടെ സാമൂഹിക നീതി മന്ത്രി സഞ്ജയ് ഷിർസാത്ത് എന്നിവർ പങ്കെടുത്തു. കൂടാതെ, ഭീകരാക്രമണത്തിൽ നഷ്ടപ്പെട്ട നിരപരാധികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്ത്യൻ പ്രവാസികളും വലിയ തോതിൽ ഒത്തുകൂടി.
“ഭീകരത ശിക്ഷിക്കപ്പെടാതെ പോകരുതെന്നും — എല്ലാ തീവ്രവാദികളെയും, അവരെ നയിക്കുന്നവരെയും, പിന്തുണയ്ക്കുന്നവരെയും ഇന്ത്യ തിരിച്ചറിയുകയും, കണ്ടെത്തുകയും, നീതിക്ക് മുന്നിൽ കൊണ്ടുവരികയും ചെയ്യുമെന്ന് അവർ ഒരേ സ്വരത്തിൽ ഉറപ്പിച്ചു പറഞ്ഞു.
എല്ലാവർക്കും സമാധാനവും ക്ഷേമവും പ്രാർഥിച്ചുകൊണ്ട് ബൃഹദാരണ്യക ഉപനിഷത്തിൽ നിന്നുള്ള ഒരു ശ്ലോകം ചൊല്ലിയതോടെയാണ് അനുസ്മരണം അവസാനിച്ചത്,” ഹൈക്കമ്മീഷൻ പറഞ്ഞു. അതേസമയം, ജമ്മു കശ്മീരിലെ ക്രൂരമായ ഭീകരാക്രമണത്തെ തുടർന്നുള്ള തന്റെ ആദ്യ പ്രസംഗത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച അക്രമം നടത്തിയവർക്ക് ശക്തവും വ്യക്തവുമായ സന്ദേശം നൽകി, ഇന്ത്യ അവരെ “ഭൂമിയുടെ അറ്റം വരെ” പിന്തുടരുമെന്നും ഭീകരത ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും ഉറപ്പിച്ചു പറഞ്ഞു.
“ഇന്ത്യ എല്ലാ തീവ്രവാദികളെയും, അവരെ നയിക്കുന്നവരെയും, പിന്തുണയ്ക്കുന്നവരെയും തിരിച്ചറിയുകയും, ട്രാക്ക് ചെയ്യുകയും, ശിക്ഷിക്കുകയും ചെയ്യും. ഭൂമിയുടെ അറ്റം വരെ ഞങ്ങൾ അവരെ പിന്തുടരും. ഇന്ത്യയുടെ ആത്മാവ് തീവ്രവാദത്താൽ ഒരിക്കലും തകർക്കപ്പെടില്ല,” ബീഹാറിലെ മധുബാനിയിൽ ഒരു വലിയ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.