റഫേൽ പൈലറ്റ് ശിവാനി സിംഗിനെ പാകിസ്ഥാൻ പിടികൂടി എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തയുടെ സത്യാവസ്ഥ പ്രസ് ഇൻഫർമേഷൻ ബ്യുറോയുടെ ഫാക്ട് ചെക്ക് പുറത്തു കൊണ്ടുവന്നു. ഇന്ത്യൻ വ്യോമ സേനയിലെ ഒരു വനിതാ പൈലറ്റിനെ പാകിസ്ഥാൻ പിടികൂടിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അവകാശവാദം തെറ്റാണെന്ന് സർക്കാർ സ്ഥിരീകരിച്ചു.
ഇന്ത്യൻ വ്യോമ സേനയിലെ വനിതാ ഓഫീസറായ സ്ക്വാഡ്രൺ ലീഡർ ശിവാനി സിങ്ങിനെ പാകിസ്ഥാൻ അധികൃതർ കസ്റ്റഡിയിലെടുത്തതായാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. നിരവധി പാകിസ്ഥാൻ അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളും പേജുകളും ഈ പോസ്റ്റുകൾ വ്യാപകമായി പങ്കുവച്ചു.
ഇന്ത്യൻ വനിതാ വ്യോമസേന പൈലറ്റ് സ്ക്വാഡ്രൺ ലീഡർ ശിവാനി സിംഗിനെ പാകിസ്ഥാൻ പിടികൂടിയെന്ന അവകാശവാദം വ്യാജമാണെന്ന് പിഐബി ഫാക്ട് ചെക്ക് യൂണിറ്റ് പ്രതികരിച്ചു. റിപ്പോർട്ടുകൾ വ്യാജമാണെന്നും തെറ്റായ വിവരങ്ങളിൽ വീഴരുതെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഫാക്ട് ചെക്ക് യൂണിറ്റ് പറഞ്ഞു.
പാക് അധീന കാശ്‌മീരിലേക്ക് ഒരു ഇന്ത്യൻ പൈലറ്റ് വിമാനത്തിൽ നിന്നും ചാടിയെന്ന വാർത്തയും വ്യാജമാണെന്ന് പിഐപി പറഞ്ഞു. അതിർത്തിക്ക് അപ്പുറത്തുള്ള ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ വ്യോമാ ആക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിന് ദിവസങ്ങൾക്ക് ശേഷമാണ് വ്യാജ വാർത്തകളും അവകാശവാദങ്ങളും പുറത്ത് വരുന്നത്.
നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആശയക്കുഴപ്പം സൃഷ്‌ടിക്കാൻ ശ്രമിക്കുന്നതോ തെറ്റിദ്ധരിപ്പിക്കുന്നതോ വ്യാജമോ ആയ വിവരങ്ങൾ പങ്കുവച്ചു. നേരത്തെ, ഇന്ത്യയുടെ എസ് -400 വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാൻ നശിപ്പിച്ചതായി പുറത്തു വന്ന വാർത്തയും വ്യാജമാണെന്ന് പിഐബി വ്യക്തമാക്കിയിരുന്നു.
ഓൺലൈനിൽ വിവരങ്ങൾ വായിക്കുമ്പോഴോ പങ്കിടുമ്പോഴോ ജാഗ്രത പാലിക്കണമെന്ന് പിഐബിയുടെ വസ്‌തുതാ പരിശോധനാ യൂണിറ്റ് ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു. വാർത്തകൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കാനും പരിഭ്രാന്തി സൃഷ്ടിക്കുന്ന സ്ഥിരീകരിക്കാത്ത ഉള്ളടക്കം പ്രചരിപ്പിക്കരുതെന്നും ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് എതിരെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം രാജ്യ വ്യാപകമായ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പൗരന്മാരോട് ജാഗ്രത പാലിക്കാനും ആധികാരികത സ്ഥിരീകരിക്കാതെ പോസ്റ്റുകൾ ഫോർവേഡ് ചെയ്യരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.