പഹൽഗാം ഭീകര ആക്രമണത്തിൽ പാക് പങ്ക് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണ ഏജൻസി. ഭീകരാക്രമണത്തെ നിയന്ത്രിച്ചത് മുതിർന്ന ഐ.എസ്.ഐ ഉദ്യോഗസ്ഥർ. ഭീകര സാന്നിധ്യമുള്ള അനന്തനാഗിൽ സൈനിക വിന്യസം ശക്തമാക്കി.
ഭീകര ആക്രമണത്തിൽ പാക്ക് ബന്ധം വ്യക്തമാക്കുന്നതാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പ്രാഥമിക റിപ്പോർട്ട്. ഐ.എസ്.ഐ ലഷ്‌കർ- ഇ- തൊയ്ബ എന്നീ പാക്ക് സംഘടനകളുടെ ബന്ധം എൻഐ എ കണ്ടെത്തി. ഐഎസ്ഐയുടെ മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണ് വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമം നടത്താനുള്ള ഗൂഢാലോചന നടത്തിയത് എന്നാണ് സൂചന.
പാക്കിസ്ഥാനിലെ ലഷ്‌കർ- ഇ- തൊയ്ബയുടെ ആസ്ഥാനത്ത് വച്ചാണ് പദ്ധതി ആസൂത്രണം ചെയ്‌തതെന്നും എൻ.ഐ.എ കണ്ടെത്തി. ആക്രമണത്തെ തുടർന്ന് കസ്റ്റഡിയിൽ എടുത്തവരെ ചോദ്യം ചെയ്‌തവരിൽ നിന്ന് രണ്ട് ഭീകരർക്ക് സഹായം നൽകിയതായും വ്യക്തമായിട്ടുണ്ട്. ഭീകര ആക്രമണത്തിനുള്ള സമയം, ആയുധം, പദ്ധതി എന്നിവയെക്കുറിച്ച് ഇവർക്ക് നിർദേശം ലഭിച്ചിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച 48 വെടിയുണ്ടകൾ വിദഗ്‌ദ പരിശോധനക്ക് വിധേയമാക്കും.
ഭീകര ആക്രമണത്തിനടുത്ത ദിവസങ്ങളിൽ പഹൽഗാം പ്രദേശത്ത് സാറ്റലൈറ്റ് ഫോണുകളുടെ ഉപയോഗം വർദ്ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. എൻഐഎ ഉൾപ്പെട്ട വിവിധ അന്വേഷണ ഏജൻസികൾ ഇതിനോടകം 2800ലധികം പേരെ ചോദ്യം ചെയ്‌തിട്ടുണ്ട്. തുടരന്വേഷണത്തിൻ്റെ ഭാഗമായി 150 ഓളം പേർ ഇപ്പോഴും കസ്റ്റഡിയിലാണ്. ഏപ്രിൽ 15-നാണ് ഭീകരർ പഹൽ ഗാമിലെത്തിയത് എന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.