പാരീസ് ഒളിമ്പിക്സിൽ വനിതകളുടെ ബോക്സിംഗ് മത്സരത്തിൽ ലിംഗവിവേചന വിവാദം. ഒളിമ്പികിസില്‍ വനിതകളുടെ 66 കിലോഗ്രാം വിഭാഗത്തില്‍ അള്‍ജീരിയന്‍ വനിതാ ബോക്‌സര്‍ ഇമാനെ ഖെലിഫ് തൻ്റെ എതിരാളിയായ ഇറ്റലിയുടെ ഏഞ്ചല കാരിനിയെ മത്സരം തുടങ്ങി 46 സെക്കന്റുകള്‍ക്കുള്ളിലാണ് പരാജയപ്പെടുത്തിയിയത്. റിങ്ങിന് നടുക്ക് കരഞ്ഞുകൊണ്ടിരുന്ന ഏഞ്ചല മത്സരത്തിൽ താൻ ലിംഗവിവേചനം നേരിട്ടതായി അറിയിക്കുകയും മത്സരം നിറുത്തിവെക്കാനും ആവശ്യപ്പെട്ടു. ലിംഗതുല്യത ഉറപ്പുവരുത്തിയല്ല നടത്തിയത് എന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും പ്രതികരിച്ചിരുന്നു.
മത്സരത്തിനുശേഷം ഏഞ്ചല കാരിനി കുഴഞ്ഞു വീഴുകയും റിങ്ങിൻ്റെ നടുവില്‍ ഇരുന്ന് കരയുകയും ചെയ്‌തു. വിജയിയായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കയറിയ ഇമാനെയ്ക്ക് കൈകൊടുക്കാന്‍ അവര്‍ തയ്യാറായതുമില്ല. മൂന്ന് മിനിറ്റ് നേരം മാത്രമാണ് മത്സരം നീണ്ടത്. രണ്ടുപേര്‍ക്കും മൂന്ന് റൗണ്ട് ലഭിച്ചു. എന്നാല്‍ അള്‍ജീരിയന്‍ ബോക്‌സര്‍ രണ്ട് ശക്തമായ പഞ്ച് നല്‍കിയതോടെ ഏഞ്ചല 46 സെക്കന്‍ഡിനുള്ളില്‍ മത്സരത്തില്‍ തോല്‍വി സമ്മതിച്ചു. മൂക്കില്‍ ശക്തമായ ഇടി കിട്ടിയതോടെ അവര്‍ക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാതെ വരികയും മൂക്കില്‍ നിന്ന് രക്തം വരികയും ചെയ്‌തു.
‘‘എൻ്റെ മൂക്കില്‍ അതിശക്തമായ വേദനയാണ് അനുഭവപ്പെട്ടത്. തുടര്‍ന്ന് മത്സരം നിറുത്താന്‍ ഞാന്‍ ആവശ്യപ്പെട്ടു. മുന്നോട്ട് പോകാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. ആദ്യ ഇടിയില്‍ തന്നെ എൻ്റെ മൂക്കില്‍ നിന്ന് രക്തം വരാന്‍ തുടങ്ങിയിരുന്നു,’’ -അവര്‍ പറഞ്ഞു.
എന്താണ് വിവാദം?
ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള ലിംഗയോഗ്യതാ പരിശോധനയില്‍ പരാജയപ്പെട്ട രണ്ട് മത്സരാര്‍ഥികളെ 2024ലെ പാരീസ് ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അനുവദിച്ചു. കഴിഞ്ഞവര്‍ഷം ഡല്‍ഹിയില്‍ വെച്ച് നടന്ന ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അള്‍ജീരിയന്‍ ബോക്‌സര്‍ ഇമാനെ ഖെലിഫ് അയോഗ്യയാക്കപ്പെട്ടത്. രക്തത്തില്‍ ടെസ്റ്റോറ്റിറോണ്‍ ഹോര്‍മോണിൻ്റെ അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
തായ്‌വാൻ്റെ രണ്ടുതവണ ലോകചാമ്പ്യനായ ലിന്‍ യു-ടിംഗിനും മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇതേ മത്സരത്തില്‍ വെങ്കലമെഡല്‍ നഷ്ടപ്പെട്ടിരുന്നു. ‘‘രണ്ട് ബോക്‌സര്‍മാരുടെ ഡിഎന്‍എ പരിശോധനയില്‍ XY ക്രോമസോമുകള്‍ ഉണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ മത്സരത്തില്‍ നിന്ന് അവരെ ഒഴിവാക്കി,’’ അമേച്വര്‍ ബോക്‌സിംഗ് പ്രസിഡന്റ് ഉമര്‍ ക്രെംലെവ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസിനോട് പറഞ്ഞു. XY എന്നത് പുരുഷക്രോമസോമും XX എന്നത് സ്ത്രീ ക്രോമസോമുമാണ്.
‘‘ഏഞ്ചല കാരിനി തൻ്റെ മനസ്സ് പറയുന്നത് ശരിയായി കേള്‍ക്കുകയും തൻ്റെ ശരീരത്തിൻ്റെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുകയും ചെയ്‌തു. എന്നാല്‍, ഏഞ്ചലയും മറ്റ് വനിതാ കായികതാരങ്ങളും ലിംഗപരമായ ഈ ശാരീരികവും മാനസികവുമായ അക്രമത്തിന് വിധേയരാകാന്‍ പാടില്ലായിരുന്നു,’’ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടു ചെയ്യുന്ന യുഎന്നിൻ്റെ പ്രത്യേക റിപ്പോര്‍ട്ടര്‍ റീം അല്‍സലേം സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു.
ഇൻ്റെര്‍നാഷണല്‍ ബോക്‌സിംഗ് അസോസിയേഷന്‍ (ഐബിഎ) ആണ് ലോക ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിച്ചത്. എന്നാല്‍ സാമ്പത്തിക ഇടപാടുകളിലെ സുതാര്യതയുടെ പേരില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഐബിഎയെ അംഗീകരിച്ചിട്ടില്ല. ഇൻ്റെര്‍നാഷണല്‍ ബോക്‌സിംഗ് അസോസിയേഷനിലെ സമ്മാനത്തുകയുടെ ഉറവിടം അവ്യക്തമാണെന്നും ഐബിഎയുടെ അംഗീകാരം പിന്‍വലിച്ചതിൻ്റെ കാരണങ്ങളിലൊന്ന് അതാണെന്നും ഐഒസി പറഞ്ഞു.
ഐഒസിയുടെ എക്‌സിക്യുട്ടിവ് ബോര്‍ഡിൻ്റെ അഡ്‌ഹോക്ക് വിഭാഗമായ പാരീസ് ബോക്‌സിംഗ് യൂണിറ്റാണ് (പിബിയു) പാരീസ് ഒളിമ്പിക്‌സിലെ ബോക്‌സിംഗ് മത്സരം സംഘടിപ്പിക്കുന്നത്.
‘‘വനിതാ വിഭാഗത്തില്‍ മത്സരിക്കുന്ന എല്ലാവരും മത്സര യോഗ്യതാ നിയമങ്ങള്‍ പാലിക്കുന്നവരാണ്. അവരുടെ പാസ്‌പോര്‍ട്ടില്‍ അവര്‍ സ്ത്രീകളാണ്. അവര്‍ സ്ത്രീകളാണെന്ന് അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്,’’ ഐഒസി വക്‌സാവ് മാര്‍ക്ക് ആഡംസ് പറഞ്ഞു.
ഒളിമ്പിക്‌സ് മത്സരത്തിനിടെയുണ്ടായ ലിംഗവിവേചനത്തെ കുറിച്ച് ഹാരി പോട്ടറിൻ്റെ രചയിതാവ് ജെ കെ റൗളിംഗും പ്രതികരിച്ചു. നിങ്ങള്‍ക്ക് ആസ്വദിക്കുന്നതിനായി ഒരു പുരുഷന്‍ ഒരു സ്ത്രീയെ പൊതുസ്ഥലത്ത് വെച്ച് അടിക്കുന്നതില്‍ നിങ്ങള്‍ക്ക് കുഴപ്പമില്ലാത്തത്, എന്തുകൊണ്ടെന്ന് വിശദീകരിക്കണമെന്ന് അവര്‍ പറഞ്ഞു.
‘‘മത്സരാര്‍ഥിക്ക് പുരുഷ ജനിതക സ്വഭാവങ്ങള്‍ ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അവരെ സ്ത്രീകളുടെ മത്സരങ്ങളില്‍ ഉള്‍പ്പെടുത്തരുത്. നിങ്ങളോട് വിവേചനം കാണിക്കാന്‍ ആഗ്രഹിക്കുന്നത് കൊണ്ടല്ല, മറിച്ച് തുല്യ നിബന്ധനകളില്‍ മത്സരിക്കാനുള്ള വനിതാ അത്‌ലറ്റുകളുടെ അവകാശം സംരക്ഷിക്കാനാണ്,’’ ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലോണി പറഞ്ഞു. ‘‘താന്‍ പോരാടുമെന്ന്’ ഏഞ്ചല പറഞ്ഞപ്പോള്‍ ഞാന്‍ വികാരാധീനയായി. കാരണം അര്‍പ്പണബോധവും സ്വഭാവവുമെല്ലാം ഈ കാര്യങ്ങളില്‍ പങ്കുവഹിക്കുന്നു. അതേസമയം, തുല്യ അടിസ്ഥാനത്തില്‍ മത്സരിക്കാന്‍ കഴിയുന്നതും പ്രധാനമാണ്. എൻ്റെ കാഴ്‌ചപ്പാടില്‍ ഇത് ഒരു തുല്യമത്സരമായിരുന്നില്ല,’’ മെലോണി കൂട്ടിച്ചേര്‍ത്തു.
ബോക്‌സര്‍മാരെ പിന്തുണച്ച് അൾജീരിയയും തായ്‌വാനും
പ്രതീക്ഷിച്ചതു പോലെ അള്‍ജീരിയയും തായ്‌വാനും തങ്ങളുടെ ബോക്‌സര്‍മാരെ പിന്തുണച്ച് രംഗത്തെത്തി. യു-ടിംഗിൻ്റെ പ്രകടനം ഒട്ടേറെ തായ്‌വാനീസ് കളിക്കാരെ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് തായ്‌വാന്‍ പ്രസിഡന്റ് ലെയ് ചിംഗ്-തേ പറഞ്ഞു. ‘‘അവര്‍ ഇപ്പോള്‍ ഒരിക്കല്‍ക്കൂടി അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുകയാണ്. ഈ അവസരത്തില്‍ അവര്‍ക്കുവേണ്ടി ഒന്നിച്ചു നില്‍ക്കുകയും അവര്‍ക്കുവേണ്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുമാണ്,’’ -തായ്‌വാന്‍ പ്രസിഡന്റ് പറഞ്ഞു.
തങ്ങളുടെ പ്രധാനപ്പെട്ട കായികതാരം ഇമാനെ ഖലീഫിനെതിരേ ചില വിദേശമാധ്യമങ്ങള്‍ വിദ്വേഷമുളവാക്കുന്നതും അധാര്‍മികവുമായ ആക്രമണമാണ് നടത്തുന്നതെന്ന് അള്‍ജീരിയയുടെ ഒളിമ്പിക് കമ്മിറ്റി പറഞ്ഞു.
ഇതുവരെയുള്ള ഒളിമ്പിക് ചരിത്രത്തില്‍ മാനസികാരോഗ്യത്തിനും സുരക്ഷയ്ക്കും ഏറ്റവും സമഗ്രമായ പാക്കേജാണ് പാരീസ് ഒളിമ്പിക്‌സ് വാഗ്‌ദാനം ചെയ്യുന്നതെന്ന് ഐഒസിയിലെ സേഫ് സ്‌പോര്‍ട്‌സ് യൂണിറ്റ് മേധാവി കിര്‍സ്റ്റി ബറോസ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.