പാരിസ് ഒളിമ്പിക്സ് ഷൂട്ടിങില്‍ തുടക്കം പാളിയെങ്കിലും വനിതകളുടെ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യക്കു മെഡല്‍ പ്രതീക്ഷയേകി യുവതാരം മനു ഭാക്കര്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഫൈനലിലേക്കു യോഗ്യത നേടിയിരിക്കുകയാണ് താരം. യോഗ്യതാ റൗണ്ടില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് മനു ഇന്ത്യയുടെ ആദ്യത്തെ മെഡലിന് ഒരുപടി കൂടി അടുത്തിരിക്കുന്നത്. ഈയിനത്തില്‍ റിതം സാങ്വാനും ഇന്ത്യക്കായി മല്‍സരിച്ചിരുന്നെങ്കിലും ഫൈനലിലേക്കു യോഗ്യത നേടാന്‍ സാധിച്ചില്ല. 15ാം സ്ഥാനത്തേക്കു റിതം പിന്തള്ളപ്പെടുകയായിരുന്നു.
ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 3.30 മുതലാണ് ഈയിനത്തില്‍ ഇന്ത്യക്കു മെഡല്‍ സമ്മാനിക്കുകയെന്ന ലക്ഷ്യവുമായി മനു ഫൈനലില്‍ ഇറങ്ങുക. 22 കാരിയായ താരത്തിന്റെ കരിയറിലെ ആദ്യത്തെ ഒളിംപിക് ഫൈനലാണിത്. ഇനി ഫൈനലിലും തന്റെ മാജിക്കല്‍ ഫോം നിലനിര്‍ത്തി രാജ്യത്തിന്റെ അഭിമാനമാവാനുള്ള ഒരുക്കത്തിലാണ് മനു ഭാക്കര്‍.
ആവേശകമായ യോഗ്യതാ റൗണ്ടില്‍ 580 എന്ന സ്‌കോര്‍ നേടിയാണ് മൂന്നാംസ്ഥാനക്കാരിയായി മനുവിന്റെ ഫൈനല്‍ പ്രവേശനം. ഹംഗറിയുടെ വെറോണിക്ക മേജറാണ് യോഗ്യതാ റൗണ്ടില്‍ തലപ്പത്ത് ഫിനിഷ് ചെയ്തത്. താരത്തിന്റെ സ്‌കോര്‍ 582 ആണ്. ഈയിനത്തില്‍ മനുവിനൊപ്പം ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്നു റിതം. പക്ഷെ താരത്തിനു ഇതിനൊത്തുയരാന്‍ കഴിഞ്ഞില്ല. യോഗ്യതാ റൗണ്ടില്‍ 573 സ്‌കോര്‍ നേടിയ റിതം 15ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒളിംപിക്്‌സില്‍ വനിതകളുടെ വ്യക്തിഗത ഇനത്തില്‍ ഫൈനലിലേക്കു യോഗ്യത നേടിയ ആദ്യത്തെ താരമായി മനു മാറിയിരിക്കുകയാണ്. സുമ ഷിരുറാണ് അവസാനമായി ഈ നേട്ടം കുറിച്ച വനിതാ താരം. 2004ല്‍ ഗ്രീസിലെ ഏതന്‍സില്‍ നടന്ന ഒളിംപിക്‌സിലാണ് 19 മീറ്റര്‍ എയര്‍ റൈഫില്‍ ഇനത്തില്‍ താരം ഫൈനലില്‍ കടന്നത്.
മൂന്നു വര്‍ഷം മുമ്പ് ടോക്കിയോയില്‍ നടന്ന കഴിഞ്ഞ ഒളിംപിക്‌സിലായിരുന്നു മനുവിന്റെ അരങ്ങേറ്റം. പക്ഷെ താരം നിരാശപ്പെടുത്തുകയായിരുന്നു. രണ്ടാംതവണ ഇതിന്റെ ക്ഷീണം തീര്‍ത്ത് മെഡലിനരികെ എത്തിയിരിക്കുകയാണ് ഈ ഹരിയാനക്കാരി.അതേസമയം, നേരത്തേ ഷൂട്ടിങില്‍ ഡബിള്‍സ് ടീമിനത്തില്‍ ഇന്ത്യക്കായി മല്‍സരിച്ച സരബ്‌ജ്യോത് സിങിനും അര്‍ജുന്‍ സിങ് ചീമയ്ക്കും ഫൈനലിലേക്കു യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഈ ജോടി ഫൈനല്‍ കാണാതെ പുറത്തായി.