| ശ്രീകാന്ത് പികെ
രാജീവ് ചന്ദ്രശേഖർ 2006-ൽ കർണ്ണാടകയിൽ നിന്ന് രാജ്യ സഭയിലേക്ക് എം.പി ആയി പോയത് കോൺഗ്രസിന്റെ കൂടെ പിന്തുണയിലാണ്. അന്ന് സ്വതന്ത്ര എം.പി ആയിരുന്ന രാജീവ് അധികം വൈകാതെ ബിജെപി എം.പിയായി മാറി. അതല്ലെങ്കിലും നാല് പുത്തൻ കണ്ടാൽ ഏതൊരാൾക്കും പിന്തുണ നൽകി രാജ്യ സഭയിലോ ലോകസഭയിലോ എവിടെ വേണേലും അയക്കുന്നവരിൽ മുൻപന്തിയിലാണ് കർണാടക കോൺഗ്രസ്. വിദേശത്ത് മുങ്ങി നടക്കുന്ന വിജയ് മല്യ വരെ കോൺഗ്രസ് പിന്തുണയിൽ രാജ്യ സഭയിൽ എത്തിയ ആളാണ്.
‘രാജീവ് ചന്ദ്രശേഖരൻ ബിജെപിയുടെ ഐഡിയോളജി ഉള്ള ആളാണെന്നു കരുതുന്നില്ലെന്നാണ്’ പ്രതിപക്ഷ നേതാവിന്റെ ആദ്യ പ്രതികരണം. ഒരു പക്ഷെ കോൺഗ്രസിന്റെ ഔദ്യോഗിക പ്രതികരണമായി കണക്കാക്കാം. കഴിഞ്ഞ അഞ്ചാറു വർഷങ്ങൾ മാത്രമെടുത്താൽ ദേശീയ തലത്തിൽ തന്നെ കേരളത്തിനെതിരെ വിഷം വമിക്കുന്ന വ്യാജ വാർത്തകൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിൽ മുഖ്യ പങ്ക് വഹിച്ച നേതാവാണ് രാജീവ് ചന്ദ്രശേഖർ.
പ്രകൃതി ദുരന്ത കാലത്ത് മുതൽ കേരള സ്റ്റോറി സിനിമാ കാലത്ത് വരെ. കേരള വിരുദ്ധത മുതൽ മുസ്ലീം വിരുദ്ധത വരെ. ഏറ്റവും നികൃഷ്ടമായ അനേകം പ്രചരണങ്ങൾ നടത്തിയ ആ രാജീവ് ചന്ദ്രശേഖർ ബിജെപി ഐഡിയോളജിയുള്ള ആളാണെന്ന് വി.ഡി സതീശന് തോന്നുന്നില്ല എന്നത് അത്ഭുതമില്ല. രാജീവ് ചന്ദ്രശേഖർ ഇൻ എ നട് ഷെൽ എന്നൊക്കെ പറയാവുന്ന തരത്തിൽ ആറ്റി കുറുക്കിയ കമന്റ് പറഞ്ഞയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
രാജീവ് ചന്ദ്രശേഖറിനെ ഒരിക്കൽ ‘വിഷം’ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയോട് വീണ്ടും അതിനെ കുറിച്ച് ചോദിച്ച മാദ്ധ്യമ പ്രവർത്തകരോട് ‘വെറും വിഷമല്ല കൊടും വിഷമാണ് ‘ അയാളെന്ന് പറഞ്ഞയാളാണ് പിണറായി വിജയൻ. പിണറായി വിജയൻ എന്ന കമ്യൂണിസ്റ്റുകാരന്റെ പൊളിറ്റിക്കൽ ലിറ്ററസി വി.ഡി സതീശൻ എന്ന കോൺഗ്രസുകാരന് ഉണ്ടാവണമെന്ന് നിർബന്ധം പിടിക്കാൻ പറ്റില്ലല്ലോ.