വ്യോമ ആക്രമണത്തില്‍ തകര്‍ത്തെന്ന് പാകിസ്ഥാൻ അവകാശപ്പെട്ട ആദംപൂര്‍ വ്യോമ താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനമായ S- 400ന് മുന്നില്‍ നിന്നാണ് അദ്ദേഹം സൈന്യത്തെ അഭിസംബോധന ചെയ്‌തത്. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നിരവധി സംഘര്‍ഷങ്ങളെ അതിജീവിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
“ആകാശ് പോലുള്ള തദ്ദേശീയ സംവിധാനങ്ങള്‍ എസ്-400 പോലുള്ള നൂതന പ്ലാറ്റ് ഫോമുകള്‍ ഉപയോഗിച്ച് കൂടുതല്‍ ശക്തിപ്പെടുത്തിയിട്ട് ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ വ്യോമ താവളങ്ങളായാലും മറ്റ് തന്ത്രപ്രധാനമായ കേന്ദ്രളായാലും സ്‌പര്‍ശിക്കാന്‍ കഴിഞ്ഞില്ല. ഇതെല്ലാം അചഞ്ചലമായ സമര്‍പ്പണത്തിൻ്റെയും ജാഗ്രതയുടെയും ഫലമാണ്,” -പ്രധാനമന്ത്രി മോദി സൈനികരോട് പറഞ്ഞു.
“നമ്മുടെ മുന്‍നിര പ്രതിരോധ സംവിധാനത്തോട് മുട്ടി നില്‍ക്കാന്‍ പാക്കിസ്ഥാന് കഴിയില്ല. പുതുതലമുറ പ്രതിരോധ സംവിധാനങ്ങള്‍, മികച്ച രീതിയില്‍ കൈകാര്യം ചെയ്യുക ഒരു കഴിവാണ്. നിങ്ങള്‍ ടെക്‌നോളജിയും ടാക്റ്റിക്‌സും ഒരുമിച്ച് കൊണ്ട് പോയി. ഇനി പാകിസ്ഥാന്‍ ഭീകര പ്രവര്‍ത്തനമോ സൈനിക ആക്രമണമോ നടത്തിയാല്‍ മുഖമടച്ച് മറുപടി നല്‍കും. ഇത് പറയാനുള്ള പിന്‍ബലം നിങ്ങളുടെ ധീരതയാണ്. നമ്മള്‍ തയ്യാറായിരിക്കണം, ശത്രുവിനെ ഓര്‍മിപ്പിക്കണം ഇത് പുതിയ ഇന്ത്യയാണ്,” -പ്രധാനമന്ത്രി വ്യക്തമാക്കി.
ഓപ്പറേഷന്‍ സിന്ദൂറിൻ്റെ ഓരോ നിമിഷവും ഇന്ത്യന്‍ സായുധ സേനയുടെ ശക്തിക്കും കഴിവും തെളിയിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷനില്‍ നമ്മുടെ സേനകള്‍ക്കിടയിലെ ഏകോപനം മാതൃകാപരമായിരുന്നു. കരസേനയായാലും, നാവിക സേനയായാലും, വ്യോമ സേനയായാലും, സമന്വയം മികച്ചതായിരുന്നു.
“ഞാന്‍ ഇന്നലെ പറഞ്ഞതുപോലെ, ഇന്ത്യ മൂന്ന് കാര്യങ്ങളില്‍ തീരുമാനമെടുത്തു. ഒന്നാമതായി, ഇന്ത്യയില്‍ ഒരു ഭീകരാക്രമണം ഉണ്ടായാല്‍, നാം നമ്മുടെ രീതിയില്‍, നമ്മുടെ സമയത്ത് മറുപടി നല്‍കും. രണ്ടാമതായി, ഇന്ത്യ ഒരു തരത്തിലുള്ള ആണവ ഭീഷണിയും വെച്ചു പൊറുപ്പിക്കില്ല, മൂന്നാമതായി, ഭീകരരെയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരിനെയും രണ്ടായി കാണില്ല.” -പ്രധാനമന്ത്രി വ്യക്തമാക്കി.