പ്രശസ്ത നടി ഹണി റോസിൻ്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസിന് നിരവധി തെളിവുകൾ ലഭിച്ചുവെന്ന് കൊച്ചി സെൻട്രൽ എസിപി കെ ജയകുമാർ. നടി നൽകിയിട്ടുള്ള പരാതി കേവലം സിനിമാ പ്രചാരണം ലക്ഷ്യമിട്ടല്ലെന്നും ഡിജിറ്റൽ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും എസിപി പറഞ്ഞു.
കൃത്യമായരീതിയിലുള്ള ഡിജിറ്റൽ തെളിവുകൾ പൊലീസ് ഹാജരാക്കും. ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതൽ വകുപ്പുകൾ പരിഗണനയിലുണ്ടെന്നും എസിപി മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ബോബി ചെമ്മണ്ണൂരിൻ്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം,ബോബി ചെമ്മണ്ണൂരിൽ കാര്യങ്ങൾ അവസാനിക്കുന്നില്ല എന്നാണ് ഹണി റോസിന്റെ നീക്കങ്ങൾ നൽകുന്ന സൂചന. തന്നെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയാണ് ഹണിയുടെ അടുത്ത നീക്കം. വീഡിയോകൾക്ക് തൻ്റെ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തമ്പ് നെയിൽ ഇട്ട 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പൊലീസിന് കൈമാറും.