36 മത് കേരള ശാസ്ത്ര കോൺഗ്രസിൽ കാസർകോട് ജില്ല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളിലുള്ള ശാസ്ത്രീയ പ്രതിവിധികളുമായി യുവാക്കളെത്തി. കാസർകോട് പൊവ്വൽ എൽ.ബി.എസ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളുമാണ് ശാസ്ത്രീയ പ്രതിവിധികളുമായി എത്തിയത്.
മനുഷ്യ -വന്യജീവി സംഘർഷങ്ങൾക്ക് ശാസ്ത്രീയ പരിഹാരവുമായി വിദ്യാർത്ഥികൾ
മനുഷ്യ -വന്യജീവി സംഘർഷങ്ങൾക്ക് ശാസ്ത്രീയ പരിഹാരവുമായി എൽ.ബി.എസ് കോളജ് വിദ്യാർത്ഥികൾ വേദിയിലെത്തി. പി.ഐ.ആർ സെൻസറും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംവിധാനവുമായാണ് വിദ്യാർത്ഥികൾ എത്തിയത്. വന്യജീവികളുടെ ചലനം അറിയുമ്പോൾ സെൻസർ പ്രവർത്തിക്കുകയും കറങ്ങിക്കൊണ്ടിരിക്കുന്ന ക്യാമറകൾ പ്രവർത്തന സജ്ജമാവുകയും ചെയ്യും. എ.ഐ സഹായത്തോടെ നേരത്തെ തന്നെ സെറ്റ് ചെയ്ത വെച്ച ചിത്രങ്ങളുമായി താരതമ്യം ചെയ്ത് ജീവിയെ തിരിച്ചറിയുന്നു. തുടർന്ന് ജീവിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ഉയർന്ന ശബ്ദങ്ങൾ, ഉയർന്ന വെളിച്ചം, ശത്രു ജീവികളുടെ ശബ്ദങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുകയും കർഷകൻ്റെ ഫോണിൽ അലേർട്ട് സന്ദേശം ലഭിക്കുകയും ചെയ്യും.
വലിയ ചിലവുള്ള പ്രോജക്ട് ആയതിനാൽ അതിൻ്റെ ചെറു രൂപമാണ് വിദ്യാർത്ഥികൾ തയ്യാറാക്കിയത്. നാടും കർഷകരും നേരിടുന്ന വലിയ പ്രതിസന്ധി പത്ര മാധ്യമങ്ങളിലൂടെ കണ്ടറിഞ്ഞതിനാലാണ് ഇത്തരം ഒരു പ്രോജക്ടുമായി മുന്നോട്ട് വന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. എല് ബി എസ് കോളജിൽ വിവിധ എൻജിനീയറിങ് വിഭാഗങ്ങളിൽ പഠിക്കുന്ന അലൻ , വി.എസ് അക്ഷയ, നിധീഷ് നായ്ക്,പ്രതീക് റാവു എന്നിവർ പ്രൊജക്ട് അവതരിപ്പിച്ചു.
സുരങ്കയും ജല സംരക്ഷണവും
സുരങ്കയിൽ നിന്നും ഒഴുകിവരുന്ന വെള്ളത്തെ സംരക്ഷിച്ച് ഭൂഗർഭ ജലത്തിൻറെ അളവ് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രോജക്ടുമായി കാസർകോട് ഗവൺമെൻറ് കോളേജ് ബി.എസ്.സി ജിയോളജി വിഭാഗം വിദ്യാർത്ഥികൾ വേദിയിലെത്തി. ചെങ്കൽ കുന്നുകൾ തുരന്ന് വെള്ളം കണ്ടെതുന്ന സുറങ്ങയിൽ നിന്നും വെള്ളം ഒഴുകി പോകുന്നത് ഒഴിവാക്കി കൃത്രിമമായി പാറകളെ വെള്ളം ശേഖരിക്കാൻ പ്രാപ്തമാക്കുന്ന കണ്ടുപിടിത്തവുമയാണ് വിദ്യാർത്ഥികൾ എത്തിയത്. സി.കെ നിഖിൽ രാജ്, പി. ആഭ, അഷിത ബാലൻ, പി. റിതുരജ് എന്നിവരാണ് പ്രോജക്ട് അവതരിപ്പിച്ചത്.
പഠന വൈകല്യം മറികടക്കാൻ ലേണിങ് ആപ്പ്
എഴുതാനും സംസാരിക്കാനും കണക്ക് കൂട്ടാനുമെല്ലാം ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർഥികൾക്ക് ‘ ലക്‌സികോ’പഠന ആപ്പുമായി എല്.ബി.എസ് കോളജ് വിദ്യാർത്ഥികൾ വേദിയിലെത്തി. പ്രീ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ആപ്പാണ് പഠനത്തിൻ്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയത്. ആപ് കൂടുതൽ വിപുലീ കരിച്ച് കൂടുതൽ വിദ്യാർഥികൾക്ക് സൗകര്യം നൽകാൻ കഴിയും. ടീ.പി ഫാത്തിമത്ത് നിദ താജ്, എ.നന്ദന, അബ്ദുള്ള ഷഫൽ എന്നിവരാണ് പ്രോജക്ട് അവതരിപ്പിച്ചത്.
കാർഷിക മേഖലയിൽ നേരിടുന്ന പ്രശ്നങ്ങള്ക്ക് പരിഹാരമായി ഇലക്ട്രിക് ടില്ലറുമായി എൽ.ബി.എസ് എഞ്ചിനീയറിംഗ് പൂർവ്വ വിദ്യാർത്ഥികളായ ടീ. എ നിധിൻ, കെ.ജെ കാർത്തിക, മുഹമ്മദ് ഹുസൈൻ എന്നിവരെത്തിയത്.