രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച കാളയുമായി പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ പ്രതിഷേധത്തിന് എതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. ഹിന്ദുമത വിശ്വാസപ്രകാരം ശിവൻ്റെ വാഹനമായ കാളയെ ഉപയോഗിച്ച് നടത്തിയ പ്രതിഷേധം മത വിശ്വാസത്തെ വ്രണപ്പെടുത്തി എന്നാണ് പരാതി.
യൂത്ത് കോൺഗ്രസ് കാട്ടാക്കട നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ഗൗതം കാട്ടാക്കട ആണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. നട്ടുച്ച സമയം കിലോമീറ്ററുകളോളം കാളയെ മൂക്കുകയർ ഇട്ട് വലിച്ചിഴച്ച് നടത്തിയെന്നും ക്രൂരത കാട്ടിയെന്നും പരാതിയിൽ പറയുന്നു.
കാളയുടെ മുഖത്ത് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ചിത്രം പതിപ്പിച്ച് തെരുവിലൂടെ നടത്തിയായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം. വിത്തുകാളയെ കൊണ്ടുനടക്കുന്നത് വിഡി സതീശനും ഷാഫി പറമ്പിലുമാണെന്നും ആക്ഷേപമുയർന്നു. കാളയുമായുള്ള മാർച്ച് പൊലീസ് തടഞ്ഞതോടെ സമരം ജലപീരങ്കി പ്രയോഗത്തിലാണ് അവസാനിച്ചത്.
അതേസമയം, ലൈംഗികാതിക്രമ ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ വീണ്ടും പൊലീസിൽ പരാതി വന്നിരുന്നു. പൊതുപ്രവർത്തകനായ പിഎം സുനിൽ ആണ് ഡിജിപിക്ക് പരാതി നൽകിയത്. ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ശബ്‌ദ സംഭാഷണത്തിൻ്റെ അടിസ്ഥാനത്തിൽ നടപടി എടുക്കനാം എന്നായിരുന്നു പരാതിക്കാരൻ്റെ ആവശ്യം.
കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പ്രാഥമിത അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്‌തിരുന്നു. എന്നാൽ രാഹുൽ എംഎൽഎയായി തന്നെ തുടരും. എത്ര കാലത്തേക്കാണ് സസ്പെൻഷൻ എന്നത് വ്യക്തമല്ല. രാഹുൽ മാങ്കൂട്ടത്തിലിന് എംഎൽഎയായി തുടരാനാവുന്ന തരത്തിൽ തീരുമാനമെടുക്കാനാണ് കെപിസിസിയുടെ നീക്കം.
മുഖം രക്ഷിക്കാൻ പേരിന് സസ്‌പെൻഷൻ നീക്കത്തിനാണ് കെപിസിസി തീരുമാനം എടുത്തിരിക്കുന്നത്. രാഹുൽ രാജിവെച്ചാൽ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് വരും എന്ന കാര്യത്തെ മറയാക്കി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.























