ജീവിക്കുന്ന രക്‌തസാക്ഷി ഇനിയില്ല, ഓർമകളിൽ ജീവിക്കും. സിപിഎം പ്രവർത്തകനും കണ്ണൂർ, കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷിയും ആയിരുന്ന അന്തരിച്ച പുഷ്‌പനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും പതിനായിരക്കണക്കിന് ആളുകൾ ഒഴുകിയെത്തി.
ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിന് ശേഷം രാവിലെ എട്ടുമണിയോടെ വിലാപയാത്രയായി മൃതദേഹം തലശ്ശേരിയിലേക്ക് കൊണ്ടുപോയി. വിലാപയാത്രയ്ക്കിടെ വിവിധ ഇടങ്ങളിൽ ആളുകൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം. രാവിലെ തലശ്ശേരി ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു.
ചൊക്ലിയിലെ രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലാണ് പൊതുദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. വൈകിട്ട് ചൊക്ലിയിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും. പുഷ്‌പനോടുള്ള ആദരസൂചകമായി കൂത്തുപറമ്പ് തലശ്ശേരി നിയമസഭാ മണ്ഡലങ്ങളിൽ സിപിഎം ഹർത്താൽ ആചരിക്കുകയാണ്.
കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കഴിഞ്ഞ 30 വർഷമായി കിടപ്പിലായിരുന്ന പുഷ്‌പൻ ശനിയാഴ്‌ച വൈകിട്ട് മൂന്നരയോടെയാണ് അന്തരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.
1994 നവംബർ 25ന് കൂത്തുപറമ്പിൽ ഉണ്ടായ പൊലീസ് വെടിവെപ്പിൽ അഞ്ചു ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതര പരിക്കിനെ അതിജീവിച്ച പുഷ്‌പൻ വർഷങ്ങളായി കിടപ്പിലായിരുന്നു. കഴുത്തിന് പിന്നിലേറ്റ വെടിയുണ്ട സുഷുമ്‌നാ നാഡിയെ തകര്‍ത്തിരുന്നു. 24-ാം വയസിൽ പുഷ്‌പൻ കിടപ്പിലായി.
1994ൽ സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെയാണ് പുഷ്‌പന് വെടിയേൽക്കുന്നത്. 1994 നവംബര്‍ 25ന് തലശ്ശേരിക്കടുത്ത് കൂത്തുപറമ്പില്‍ മന്ത്രി എംവി രാഘവനെ തടയാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് വെടിവെപ്പ് നടത്തുകയായിരുന്നു. കൂത്തുപറമ്പിലെ അര്‍ബന്‍ സഹകരണബാങ്കിൻ്റെ സായാഹ്നശാഖയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി എംവിആർ.























