ഇന്ത്യൻ സിനിമ വിപണിയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള, ഏറ്റവും കൂടുതൽ സിനിമ പ്രേക്ഷകർ സ്വീകരിക്കുന്ന സിനിമ തിയേറ്റർ ചെയിൻ ആണ് പി വി ആർ. 2023 – 2024 വർഷങ്ങളിൽ പി വി ആർ സിനിമ നേടിയ വരുമാനങ്ങളുടെ കണക്കാണ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്.
പി വി ആർ സിനിമ ടിക്കറ്റ് വില്പനയിൽ പോയ വർഷത്തെക്കാൾ 19% വർദ്ധനവ് ഉണ്ടായപ്പോൾ ഭക്ഷണസാധനങ്ങൾ വഴി 21% ൽ അധികം വർദ്ധനവ് ആണ് പി വി ആറിന് ഉള്ളത്. 1958 കോടിയാണ് പി.വി.ആര്‍ തിയേറ്ററുകള്‍ കഴിഞ്ഞ വർഷം ഭക്ഷണസാധനങ്ങള്‍ വിറ്റ് നേടിയത്. അതിന് മുന്‍പുള്ള വര്‍ഷത്തില്‍ 1618 കോടിയായിരുന്നു. സിനിമാ ടിക്കറ്റിനത്തിൽ 2022 – 2023 കാലത്തിൽ 2751 കോടി നേടിയപ്പോൾ 2023-2024 ൽ അത് 3279 കോടിയായി.
കുടുംബത്തോടൊപ്പം സിനിമ കാണാൻ പോകുന്ന പ്രേക്ഷകർ ആണ് ഏറ്റവും കൂടുതൽ പി വി ആർ ഭക്ഷണങ്ങളെ ആശ്രയിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. പോപ്കൊൺ, കുടിവെള്ളം, ഐസ് ക്രീം ഉൾപ്പെടെ ഉള്ള ഭക്ഷണ സാധനങ്ങൾ വാങ്ങുമ്പോൾ ഒരു സിനിമ കാണാൻ ഒരു കുടുംബത്തിനു ചിലവ് ആയിരത്തിൽ അധികമാണ്. പുറമെ ഉള്ള കടകളെയും മറ്റു തിയേറ്ററിൽ അകത്തുള്ള കടകളെയും അപേക്ഷിച്ച് മൂന്നിരട്ടിയിലും അധികം വില ഈടാക്കുന്നുണ്ട് ഇവിടെ.
ഹിറ്റ് സിനിമകളുടെ വരവ് കുറഞ്ഞതാണ് ഭക്ഷണ സാധനങ്ങളുടെ ചിലവ് കൂട്ടിയത് എന്ന രസകരമായ പ്രതികരണം ആണ് പി വി ആർ അധികാരികളുടെ ഭാഗത്ത് നിന്ന് വന്നിട്ടുള്ളത്. സിനിമ കാണാൻ വരുന്നവർ മാത്രം അല്ല ഭക്ഷണം വാങ്ങുന്നത് എന്ന് കൂടെ കൂട്ടിച്ചേർത്തുകൊണ്ടാണ് പി വി ആർ പ്രതികരണം ഉണ്ടായത്.























