കേന്ദ്ര അവഗണന രൂക്ഷമായപ്പോൾ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് തമിഴ്നാട് സർക്കാർ ജസ്റ്റിസ് കുരിയൻ ജോസഫ് അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചത്. രാജ്യത്തെ നിലവിലെ ഫെഡറൽ തത്വങ്ങളിൽ പുനപ്പരിശോധന ആവശ്യമുണ്ടോ എന്നത് ഉൾപ്പെടെ സമിതിയുടെ പരിഗണനാ വിഷയമാകും .
കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരുന്നതായി ഉദാഹരണങ്ങൾ നിരത്തി വാദിച്ച മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിഷയം പഠിക്കാൻ മൂന്നംഗ സമിതിയാണ് നിയോഗിക്കുകയായിരുന്നു. ജസ്റ്റിസ് കുരിയൻ ജോസഫ് അധ്യക്ഷനായ സമിതിയിൽ മുൻ ഐഎഎസ് ഓഫീസർ അശോക് വർദ്ധൻ ഷെട്ടി, പ്രൊഫസർ എം നാഗനാഥൻ എന്നിവർ അംഗങ്ങളാണ് .
കേന്ദ്ര – സംസ്ഥാന ബന്ധങ്ങളിലെ സമഗ്ര പരിശോധനയാണ് സമിതിയുടെ ചുമതല. സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തിനായി ഭരണഘടനാ ഭേദഗതി ആവശ്യമെങ്കിൽ നിർദ്ദേശിക്കണം. അടുത്ത ജനുവരിയിൽ പ്രാഥമിക റിപ്പോർട്ടും രണ്ടു വർഷത്തിനുള്ളിൽ സമഗ്ര റിപ്പോർട്ടും നൽകണം. നേരത്തെ 1969ൽ മുഖ്യമന്ത്രി കരുണാനിധി രാജമണ്ണാർ സമിതിയെ നിയോഗിച്ച് സംസ്ഥാന കേന്ദ്രബന്ധത്തെ പറ്റി സമാനമായ രീതിയിൽ റിപ്പോർട്ട് തേടിയിരുന്നു. അന്ന് ആ കമ്മീഷന്റെ കണ്ടത്തലുകളും ചർച്ചയും ഒക്കെ വലിയ വിവാദങ്ങൾക്കും രാഷ്ട്രീയ സംവാദങ്ങൾക്കും ഇട നൽകിയിരുന്നു
ഇപ്പോൾ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ കേന്ദ്രത്തോട് നേർക്കുനേർ പോരടിക്കുന്ന മറ്റൊരു നീക്കം കൂടി നടത്തിയിരിക്കുകയാണ് എം കെ സ്റ്റാലിൻ. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്താൽ മാത്രമേ നമുക്ക് തമിഴ് ഭാഷയെ സംരക്ഷിക്കാനും തമിഴനെ ഉയർത്താനും കഴിയൂ എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ആ ആവശ്യത്തിനായി ഞാൻ ഉടൻ ഒരു പ്രഖ്യാപനം നടത്തും എന്ന് അദ്ദേഹം പറഞ്ഞിരുന്നു ആ പ്രഖ്യാപനമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.























