പാട്ടിന്റെ ഈണം മനസിലുണ്ട് എന്നാൽ വരികൾ കിട്ടുന്നില്ല, ഇങ്ങനെ ഒരവസ്ഥ പലർക്കും ഉണ്ടായിട്ടുണ്ടാകും. ആ സമയത്ത് യൂട്യൂബിൽ തലകുത്തി നിന്ന് ശ്രമിച്ചാലും അത് കണ്ടുപിടിക്കാനും സാധിക്കില്ല. വരികൾ അറിയാതെ ഇഷ്ടമുള്ള പാട്ട് ഇഷ്ടമുള്ള സമയത്ത് കേൾക്കാൻ കഴിയാതെ പോയ ചില ഹതഭാഗ്യർ നമുക്കിടയിലുണ്ട്. എന്നാലിതിന് പരിഹാരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് യുട്യൂബ് മ്യൂസിക്. ഗൂഗിൾ അസിസ്റ്റന്‍റില്‍ നേരത്തെ തന്നെ ലഭ്യമായ ഫീച്ചറാണ് ഇതെങ്കിലും കൂടുതൽ മോഡിഫൈ ചെയ്താണ് യൂട്യൂബ് മ്യൂസിക്ക് ഇത് പുറത്തിറക്കിയിരിക്കുന്നത്.
“play, sing or hum a song” എന്ന ഈ ഫീച്ചർ ആപ്പിളിന്‍റെ ‘ഷാസാമി’ന് സമാനമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ വരികൾ ആവശ്യമില്ലെന്ന് മാത്രം. നിലവിൽ ആൻഡ്രോയിഡ് ഫോണുകളിലെ യൂട്യൂബ് മ്യൂസിക്കിൽ ഫീച്ചർ ലഭ്യമാണ്. ഇഷ്ടമുള്ള ഗാനം മറ്റൊരു ഉപകരണത്തിൽ ‘പ്ലെ’ ചെയ്യുകയോ, പാടുകയോ, ഈണം മൂളുകയോ ചെയ്താൽ മതി… പാട്ട് റെഡി. ഫീച്ചർ മ്യൂസിക് ആപ്പിലേക്ക് സംയോജിപ്പിച്ചതിലൂടെ, ഒരൊറ്റ ആപ്പിനുള്ളിൽ പാട്ടുകൾ തിരിച്ചറിയാനും പ്ലേ ചെയ്യാനും സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്.
ഈ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം എന്ന് ചിന്തിക്കുന്നവർ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. ആൻഡ്രോയിഡ് ഫോണിൽ യൂട്യൂബ് ആപ്ലിക്കേഷൻ തുറക്കുക. മുകളിൽ വലതു ഭാഗത്തായി സെർച്ച് ബട്ടണുണ്ടാകും, അത് ക്ലിക്ക് ചെയ്യുക. തുടർന്ന് മ്യൂസിക്കിന്‍റെ ചിഹ്നമുള്ള ബട്ടനിൽ ക്ലിക്ക് ചെയ്ത് ഗാനം മറ്റു ഉപകരണങ്ങളിൽ പ്ലെ ചെയ്യുകയോ, ആലപിക്കുകയോ, മൂളുകയോ ചെയ്യാം.
അഞ്ച് മുതൽ 10 സെക്കന്‍റിനുള്ളിൽ ഗാനം ഏതാണെന്ന് കണ്ടുപിടിക്കുകയും, റിസൾട്ട് സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്യും. ഇങ്ങനെ കണ്ടുപിടിച്ച പാട്ടുകൾ ആപ്പിലൂടെ തന്നെ കേൾക്കാനും സാധിക്കുമെന്നതാണ് പ്രത്യേകത.























