ദക്ഷിണ കൊറിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിലെ ഗവേഷകർ മൂഡ് ഡിസോർഡറുകൾ മുൻകൂട്ടി പ്രവചിക്കുന്ന എഐ ഉപകരണം വികസിപ്പിച്ചു. സ്മാർട്ട് വാച്ചുകൾ പോലെത്തന്നെ ധരിക്കാവുന്ന ഈ ഉപകരണം, ഉറക്കത്തിന്റെയും ഉണരുന്നതിന്റെയും ഡാറ്റ നിരീക്ഷിച്ച് ആളുകളുടെ മാനസികാവസ്ഥയുടെ മാറ്റങ്ങൾ പ്രവചിക്കാൻ കഴിയും.
മൂഡ് ഡിസോർഡർ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്ക് ദീർഘകാലം ദു:ഖം, വിഷാദം, ഉന്മാദം, അല്ലെങ്കിൽ അതിയായി സന്തോഷം അനുഭവപ്പെടാറുണ്ട്. ഉറക്കത്തിനും ഈ അവസ്ഥകൾക്കും തമ്മിലുള്ള ബന്ധം മുൻകാല പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളതാണ്. പുതിയ എഐ ഉപകരണം അതിനോട് അനുബന്ധിച്ചുള്ള ഡാറ്റ മാത്രം ഉപയോഗിച്ച് ഈ മാനസികാവസ്ഥകൾ പ്രവചിക്കാൻ കഴിവുള്ളതാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
168 മൂഡ് ഡിസോർഡർ രോഗികളിൽ നിന്നുള്ള 429 ദിവസത്തെ ഡാറ്റ പരിശോധിച്ചാണ് ഉപകരണം രൂപകൽപ്പന ചെയ്തത്. ഡിപ്രസീവ്, മാനിക്, ഹൈപ്പോമാനിക് അവസ്ഥകളെ യഥാക്രമം 80%, 98%, 95% കൃത്യതയോടെ ഈ ഉപകരണം തിരിച്ചറിയാൻ കഴിവുണ്ടെന്ന് ഗവേഷകർ പറയുന്നു.
മൂഡ് ഡിസോർഡർ രോഗികളുടെ ചികിത്സ ചെലവുകുറഞ്ഞതും എളുപ്പമുള്ളതും ആക്കാൻ ഈ കണ്ടെത്തൽ വലിയ സാധ്യത വാഗ്ദാനം ചെയ്യുന്നു. ഡാറ്റ ശേഖരണത്തിന്റെയും ക്ലിനിക്കൽ പരിശോധനകളുടെയും ചെലവ് കുറക്കുന്നതിനൊപ്പം, രോഗനിർണയത്തിനും കാര്യക്ഷമത വർധിപ്പിക്കാനാകും. “മൂഡ് ഡിസോർഡർ രോഗികളുടെ ചികിത്സയിൽ നാഴികക്കല്ലാകുന്ന കണ്ടെത്തലാണിത്,” എന്നും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ഗവേഷകൻ കിം ജേ ക്യോങ് അഭിപ്രായപ്പെട്ടു.