പാലക്കാട് ഉപതെരഞ്ഞെടുപ്പോടെ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചതായി റിപ്പോർട്ട്. ഇദ്ദേഹത്തെ കേരളത്തിലെ കോൺഗ്രസ് വക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ തീരുമാനമെടുത്തതായി ആണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഇതുമായി ബന്ധപ്പെട്ട് പാർട്ടി ജനറൽ സെക്രട്ടറി എം ലിജു നേതാക്കൾക്ക് കത്തയച്ചു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഇനി ചാനൽ ചർച്ചകളിൽ സന്ദീപ് വാര്യർ പങ്കെടുക്കും എന്നാണ് ലഭിക്കുന്ന വിവരം. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായുള്ള തർക്കത്തിൽ ഉടക്കിനിന്ന സന്ദീപ് വാര്യരെ ജനറൽ സെക്രട്ടറി സ്ഥാനവും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വവും വാഗ്ദാനം ചെയ്‌താണ് കോൺഗ്രസിലെത്തിച്ചത്.
ഉടൻതന്നെ നടക്കാനിരിക്കുന്ന കോൺഗ്രസ് പുനഃസംഘടനയിൽ സന്ദീപിനു കൂടുതൽ സ്ഥാനം നൽകുമെന്നാണ് സൂചന. പക്ഷെ സന്ദീപിന് എന്തുസ്ഥാനം നൽകണമെന്നതിൽ ഇനിയും ധാരണയായിട്ടില്ല.