അദാനിയുടെ അനന്തരവനും അദാനി ഗ്രൂപ് കമ്പനികളുടെ ഡയറക്ടറുമായ പ്രണവ് അദാനിക്കെതിരെ ഗുരുതര ആരോപണവുമായി ഓഹരി വിപണി നിയന്ത്രണ ഏജൻസി സെബി. കമ്പനികളുടെ നീക്കങ്ങൾ പല തെറ്റായ മാർഗങ്ങളിലൂടെയും മുൻകൂട്ടി മനസിലാക്കുകയും ഇതിലൂടെ കമ്പനിക്കുളളിൽ ഉള്ളവർ തന്നെ ഓഹരികൾ വാങ്ങികൂട്ടുകയോ നിക്ഷേപങ്ങൾ വിറ്റൊഴിവാക്കുകയോ ചെയ്യുന്നതിനാണ് ഇൻസൈഡർ ട്രേഡിങ് എന്ന് പറയുന്നത്.
കഴിഞ്ഞ വർഷം സെബി പ്രണവ് അദാനിക്ക് ഇതുമായി ബന്ധപ്പെട്ട് അയച്ച കത്തിനെ കുറിച്ച് ഇപ്പോഴാണ് വാർത്ത പുറത്തു വന്നത്. അദാനി ഗ്രൂപ് കമ്പനികളുടെ ഡയറക്ടറുമായ പ്രണവ് അദാനി തന്‍റെ സഹോദരീ ഭര്‍ത്താവ് ആയ കുനാല്‍ ഷായ്ക്കും സഹോദരൻ നൃപുൽ ഷായ്ക്കും ‘അദാനി ഗ്രീൻ’ എസ്ബി എനര്‍ജി ഏറ്റെടുക്കുന്നു എന്ന നിര്‍ണായക വിവരം കൈമാറിയെന്നാണ് സെബി പറയുന്നത്.
പുനരുപയോഗ ഊർജ മേഖലയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു ഇത്. ഇതിലൂടെ ഇന്‍സൈഡര്‍ ട്രേഡിങ് നിയമങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും സെബി രേഖയില്‍ പറയുന്നു.
നിർണായക നീക്കത്തെ പറ്റിയുള്ള വിവരം ലഭിച്ച ഷാ സഹോദരന്മാർ ഓഹരി വാങ്ങി കൂട്ടുകയും അതിലൂടെ 90 ലക്ഷം രൂപയുടെ ലാഭമുണ്ടാക്കുകയും ചെയ്‌തിരുന്നു. ആരോപണങ്ങൾ അംഗീകരിക്കാനോ നിഷേധിക്കാനോ തയാറാകാതിരുന്ന പ്രണവ് സെബിയുടെ ആരോപണങ്ങൾ സെറ്റിൽമെന്റിലൂടെ പരിഹരിക്കാൻ ശ്രമിക്കുക ആണെന്നാണ് പറഞ്ഞത്.