നിരാശാജനകമായ ഒരു ഫലമായിരുന്നു അത്. പക്ഷേ അത് ലോകാവസാനത്തെ അർത്ഥമാക്കിയില്ല. കർണാടകയിലെ ബാഗൽകോട്ടിലുള്ള ബസവേശ്വര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥിയായ അഭിഷേക് ചോളചഗുഡ്ഡ പത്താം ക്ലാസ് പരീക്ഷയിൽ തോറ്റുപോയി. 600ൽ 200 മാർക്ക് (ഏകദേശം 32%) മാത്രമേ നേടിയുള്ളൂ. ആറ് വിഷയങ്ങളിലും പരാജയപ്പെട്ടു.
തോറ്റതിന് അവൻ്റെ സുഹൃത്തുക്കൾ പ്രതീക്ഷിച്ചതുപോലെ പരിഹസിച്ചപ്പോൾ ആ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ അവൻ്റെ കൂടെ നിന്നു. ശകാരിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നതിന് പകരം അവർ ഒരു കേക്ക് മുറിച്ച് അവൻ്റെ ആവേശം ഉയർത്താൻ ഒരു ആഘോഷം നടത്തി.
“നീ പരീക്ഷയിൽ തോറ്റിരിക്കാം, പക്ഷേ ജീവിതത്തിൽ തോറ്റിട്ടില്ല. നിനക്ക് വീണ്ടും ശ്രമിച്ച് അടുത്ത തവണ വിജയിക്കാൻ കഴിയും,” -മാതാപിതാക്കൾ അവനോട് പറഞ്ഞു.
“ഞാൻ പരാജയപ്പെട്ടെങ്കിലും എൻ്റെ കുടുംബം എന്നെ പ്രോത്സാഹിപ്പിച്ചു. ഞാൻ വീണ്ടും പരീക്ഷ എഴുതി വിജയിക്കും, ജീവിതത്തിൽ വിജയിക്കും.” -മാതാപിതാക്കളുടെ പിന്തുണ ആഴത്തിൽ സ്‌പർശിച്ച അഭിഷേക് പറഞ്ഞു.