കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവം അന്വേഷിക്കുമെന്ന് മന്ത്രി കൃഷ്‌ണൻകുട്ടി. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്. 13 വയസുകാരനായ മിഥുനാണ് മരിച്ചത്. സ്‌കൂളിന് മുകളില്‍ കൂടി വൈദ്യുതലൈന്‍ അപകടരമായ അവസ്ഥയിലാണ് പോയിരുന്നതെന് നാട്ടുകാര്‍ ആരോപിച്ചു.
വ്യാഴാഴ്‌ച രാവിലെ കുട്ടികള്‍ പരസ്‌പരം ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. മിഥുൻ്റെ ചെരുപ്പ് സ്‌കൂൾ കെട്ടിടത്തിന് മുകളിലെ ഒന്നാം നിലയുടെ ഷീറ്റിൽ വീഴുകയും ഇതെടുക്കാനായി മുകളിലേക്ക് കയറുകയും ആയിരുന്നു. സ്‌കൂള്‍ ടെറസിനോട് വളരെ ചേര്‍ന്നാണ് വൈദ്യുതലൈന്‍ കമ്പി പോകുന്നത്.
കയറുന്നതിനിടെയില്‍ അറിയാതെ കുട്ടി കമ്പിയില്‍ തട്ടുകയും ഷോക്കേറ്റ് ഉടനടി മരിക്കുകയും ആയിരുന്നു. എന്നാല്‍ ലൈന്‍ കമ്പി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ അപകടകരമായ രീതിയില്‍ സ്‌പര്‍ശിച്ചിരുന്നത് മുമ്പ് സ്‌കൂള്‍ അധികൃതരുടെ ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെടുത്തി എന്നായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.
സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലും കെട്ടിടത്തിലേക്ക് ഏറെ താഴ്ന്ന് അപകടാവസ്ഥയില്‍ കിടക്കുന്ന വൈദ്യുതി ലൈന്‍ കണ്ടെത്തി മാറ്റി സ്ഥാപിക്കാത്തതിന് വലിയ വിമര്‍ശനങ്ങളാണ് നാട്ടുകാരും രക്ഷിതാക്കളും ഉയര്‍ത്തുന്നത്.
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അന്വേഷിക്കും. മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. രണ്ട് മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നൽകിയിരിക്കുന്ന നിർദ്ദേശം.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:























