കനത്തച്ചൂട് കണക്കിലെടുത്ത് ഡ്രസ് കോഡിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ അഭിഭാഷകർ രംഗത്ത്. ഇത് സംബന്ധിച്ച് ഹൈക്കോർട്ട് അഡ്വക്കറ്റ്സ് അസോസിയേഷൻ ചീഫ് ജസ്റ്റിസിന് കത്ത് നൽകി.
കനത്ത ചൂടിൽ നിർജലീകരണ, സൂര്യതാപ സാധ്യതകളുണ്ടെന്നും കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും മേയ് 31 വരെ കറുത്ത കോട്ടും ഗൗണും ഇല്ലാതെ കോടതിയിൽ ഹാജരാകാൻ അനുവദിക്കണം എന്നാണ് കത്തിൽ പറയുന്നത്.
ഹൈക്കോടതിയിൽ ഗൗൺ ഒഴിവാക്കിയും ജില്ലാ കോടതികളിൽ കോട്ടും ഗൗണും ഇല്ലാതെയും ഹാജരാകാൻ അഭിഭാഷകരെ അനുവദിക്കണമെന്നാണ് ആവശ്യം. ജില്ലാ കോടതികളിൽ വേണ്ടത്ര വെന്റിലേഷനോ എയർ കണ്ടിഷൻ സൗകര്യമോ ഇല്ലാത്തതും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വേനൽചൂടിൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മെയ് മാസം വരെ അഭിഭാഷകർ കറുത്ത ഗൗണും കോട്ടും ധരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി പ്രമേയം പാസാക്കിയിരുന്നു.