20 May 2024

പൊന്മുടി; സഹ്യന്റെ മടിത്തട്ടിലേക്ക് ഒരു യാത്ര

ഇരുപത്തിരണ്ട് ചുരങ്ങൾ താണ്ടിയും മഞ്ഞിനെ പുൽകിയും തേയിലത്തോട്ടങ്ങൾ കടന്നും മേലേക്ക് എത്തുമ്പോൾ അഗസ്ത്യാർ കുന്നുകൾക്ക് അരികെയുള്ള പൊന്മുടി നമ്മെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുകയാവും.

| ഐശ്വര്യ രാജ് കെപി

നിങ്ങളെ എന്തു പറഞ്ഞു പൊന്മുടിലേക്ക് കൂട്ടികൊണ്ട് പോകണം എന്ന് എനിക്കറിയില്ല. ഞാൻ പോയ ആറുവട്ടവും എനിക്ക് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലായിരുന്നു. പൊന്മുടിയുമായുള്ള എന്റെ അഭേദ്യമായ ബന്ധത്തിനു വാക്കുകളില്ല എന്നതാണ് സത്യം.

തിരുവനന്തപുരത്ത് നിന്നും ആനവണ്ടിയിൽ കയറി സൈഡ് സീറ്റിൽ ഇടം പിടിച്ചപ്പോൾ ആദ്യമായി പൊന്മുടിയിലേക്ക് പോകുന്ന കൗതുകമാണ് എനിക്കുണ്ടായിരുന്നത്. വിതുരയാണ് ഏറ്റവും അടുത്ത മെയിൻ ടൗൺ. പോകുന്ന വഴിയേ ഉള്ള പ്രധാന ആകർഷങ്ങളിൽ ചിലതാണ് കല്ലാറും മീൻമുട്ടി വെള്ളച്ചാട്ടവും. വനം വകുപ്പിന്റെ അനുമതിയോടെ ട്രെക്കിങ് നടത്താനുള്ള സൗകര്യം ഇവിടുണ്ട്. പൊന്മുടിയിലേക്ക് ഒരുപാട് പോയിട്ടുണ്ടെങ്കിലും ഇന്നേവരെ ഞാൻ ഇവരെ രണ്ടുപേരെയും തിരിഞ്ഞു നോക്കിയിട്ടില്ല. അതിന്റെ കുറ്റബോധം കല്ലാറു കാണുമ്പോൾ എനിക്ക് അനുഭവപ്പെടാറുണ്ട്.

അടിവാരം ഉഷ്ണമേഖലാ വനങ്ങളാൽ സമ്പന്നമാണ്. ഇരുപത്തിരണ്ട് ചുരങ്ങൾ താണ്ടിയും മഞ്ഞിനെ പുൽകിയും തേയിലത്തോട്ടങ്ങൾ കടന്നും മേലേക്ക് എത്തുമ്പോൾ അഗസ്ത്യാർ കുന്നുകൾക്ക് അരികെയുള്ള പൊന്മുടി നമ്മെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുകയാവും.

വിനോദസഞ്ചാരികൾക്ക് വേണ്ട അത്യാവശ്യ സൗകര്യങ്ങൾ പൊന്മുടിയിലുണ്ട്. പൊന്മുടിയുടെ കവാടത്തിൽ തന്നെയാണ് ആനവണ്ടി നമ്മളെ ഇറക്കിവിടുന്നതും. മലകളാൽ അതിരു തീർക്കപ്പെട്ട ഒരു സ്വപ്നഭൂമി. പുൽമെടുകളും കാറ്റും എപ്പോഴും കലഹിച്ചു കൊണ്ടിരിക്കുന്നു. ഷോല വനങ്ങളും ഇവിടെ കാണാനാകും. മലഞ്ചരുവൾക്കിടയിലുള്ള ചെറിയ മരങ്ങളുടെയും കുറ്റിച്ചെടികളുടെയും കൂട്ടമാണിവ.സഹ്യന്റെ തലയെടുപ്പിന് സമുദ്രനിരപ്പിൽ നിന്നും 1100 മീറ്റർ ഉയരമുണ്ട്.

മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന മലയായത് കൊണ്ടാണ് പൊന്മുടി എന്ന പേര് വന്നതെന്നാണ് ആദിവാസി സമൂഹമായ കാണിക്കാരുടെ വിശ്വാസം.തിരുവനന്തപുരം – കൊല്ലം ജില്ലകളിൽ‌ ഏലമലയിൽ കോട്ടയാർ തടാകത്തിനു ചുറ്റുമായി വസിക്കുന്ന ആദിവാസികളാണ്‌ ഇവർ. ഇനി ചരിത്രത്തിലേക്ക് വന്നാൽ ബുദ്ധ-ജൈന ഏടുകൾ കാണാനാകും. രവീന്ദ്രൻ സാർ അദ്ദേഹത്തിന്റെ എന്റെകേരളം പുസ്തകത്തിൽ പറയുന്നുണ്ട് ” പൊന്നമ്പലം, പൊൻമല, പൊന്മുടി തുടങ്ങിയ സംജ്ഞകൾ പൊതുവേ സൂചിപ്പിക്കുന്നത് ബൗദ്ധ, ജൈന സാന്നിധ്യത്തെയാണ്” എന്ന്. വിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ പരശുരാമൻ കണ്ടുപിടിച്ചതാണിവിടം എന്നത് പൗരാണികം.

പൊന്മുടിയുടെ ചുറ്റോടു ചുറ്റും ഉള്ള മലനിരകളിൽ വനം വകുപ്പിന്റെ അനുമതിയോടെ ട്രക്കിങ്ങിനും ക്യാമ്പിങ്നും ഒരുപാട് അവസരങ്ങൾ ഉണ്ട്. ആ മനോഹരമായ ട്രക്കിങ്ങിൽ അപൂർവ ചിത്രശലഭങ്ങൾ, പൂക്കൾ, ദേശാടനപക്ഷികൾ എന്തിനേറെ പറയുന്നു ഭാഗ്യമുണ്ടെങ്കിൽ നീലഗിരി താറിനെ വരെ കാണാനാകും.

മലകൾ കയറി ഇറങ്ങി പൊന്മുടിയെ ആഘോഷിക്കാനാണ് എനിക്ക് എപ്പോഴും താല്പര്യം. നടന്നു കയറുമ്പോൾ തന്നെ സ്വാഗതം ചെയ്യാൻ ഇരുവശത്തും നിരന്നു നിൽക്കുന്ന മലനിരകൾ. ഇടിഞ്ഞു പൊളിഞ്ഞു കയറാൻ സാധിക്കാത്ത ഒരു വാച്ച് ടവർ ഉണ്ടവിടെ. കയറി മുകളിലേക്കെത്തുമ്പോൾ ഒരു അദൃശ്യകരം എപ്പോഴും എന്നെ മലമുകളിലേക്ക് പിടിച്ചുയർത്താൻ ഉണ്ടാവും എന്നൊരു തോന്നലുണ്ട്. മുകളിലെത്തിയാൽ പിന്നെ കയറിയ ക്ഷീണമൊക്കെ ഒരു കുളിർക്കാറ്റിൽ അലിഞ്ഞു ഇല്ലാതാവും.

പശ്ചിമഘട്ടത്തിന്റെ വാലറ്റമാണ് അഗസ്ത്യമല. ഇവിടെയാണ് അഗസ്ത്യമുടി സ്ഥിതി ചെയ്യുന്നത്. 2001 ലാണ് ബയോസ്ഫിയർ പദവി ലഭിക്കുന്നത്.അഗസ്ത്യമലയുടെ ഭാഗമായ ഒരുപാട് വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉണ്ട് പൊന്മുടിയുടെ സമീപത്ത്.പൊൻമുടി വെള്ളച്ചാട്ടം, മാൻ പാർക്ക്, കല്ലാർ നദി, മീൻമുട്ടി വെള്ളച്ചാട്ടം, പേപ്പാറ വന്യജീവി സങ്കേതം എന്നിങ്ങനെ നീളുന്ന കാഴ്ചകൾക്ക് ഒരു അവസാനമില്ല.

വഴികൾ മഞ്ഞിൽ മൂടുമ്പോഴും വൈകുന്നേരങ്ങളിലും ഈ മലകൾക്ക് ഒരു പ്രത്യേക ഭംഗിയാണ്.പൊന്മുടിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ വൈകുന്നേരമായിരുന്നു. ആനവണ്ടി കാത്തുനിൽപ്പുണ്ടായിരുന്നു. മടക്കയാത്രയിൽ, തിരിഞ്ഞുനോക്കി ഒരിക്കൽ കൂടി പൊന്മുടിയെ കാണാതെ ഒരു സഞ്ചാരിക്കും അവിടെ നിന്ന് പോകാൻ കഴിയില്ല.

സന്ദർശനം:

എല്ലാ ദിവസവും 8am to 4:00 pm (എൻട്രി ക്ലോസിംഗ്)
7.00 pm എക്സിറ്റ്

വർഷം മുഴുവൻ തുല്യമായ താപനിലയാണ്. എന്നിരുന്നാലും ഒക്ടോബർ – മാർച്ച്‌ ആണ് സന്ദർശിക്കാൻ പറ്റിയ സമയം. താമസിക്കാൻ നിരവധി കോട്ടേജുകളും ഡോർമെറ്ററികളും ലഭ്യമാണ് പക്ഷെ ഭക്ഷണം കഴിക്കാൻ അത്രയേറെ ഹോട്ടലുകൾ ഒന്നുമില്ല.

എങ്ങനെ എത്തിച്ചേരാം:

വായുമാർഗം : തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ആണ് ഏറ്റവും അടുത്ത എയർപോർട്ട്

റെയിൽവേ : തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ

തിരുവനന്തപുരത്തു നിന്ന് പൊന്മുടിയിലേക്ക് KSRTC ബസുകളും ഓൺലൈൻ ടാക്സി സർവീസുകളും ലഭ്യമാണ്. ഏകദേശം 2 മണിക്കൂർ ദൂരമുണ്ട്. ബഡ്ജറ്റ് ഫ്രണ്ട്‌ലി പാക്കേജ്, ഫാമിലി ട്രിപ്പ്‌ എന്നിവയ്ക്ക് അനുയോജ്യമായ സ്ഥലമാണ് പൊന്മുടി.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News

പൊന്മുടി; സഹ്യന്റെ മടിത്തട്ടിലേക്ക് ഒരു യാത്ര