ഭൂമിയിലെ മൊത്തം ശുദ്ധജലത്തിന്‍റെ അളവ് കുറയുകയാണെന്നു ശാസ്ത്രജ്ഞർ. നാസയുടെയും ജർമനിയുടെയും സംയുക്ത പദ്ധതിയായ ഗ്രെയ്സ് (ദ ഗ്രാവിറ്റി റിക്കവറി ആൻഡ് ക്ലൈമേറ്റ് എക്സ്പിരിമെന്റ്) ഉപഗ്രഹങ്ങളിൽ നിന്നുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തൽ. 2014 മെയ് മുതൽ ഭൂമിയിലെ ശുദ്ധജലത്തിന്‍റെ അളവ് തുടർച്ചയായി കുറഞ്ഞുപോവുകയാണെന്നും ഇത് ഇപ്പോഴും താഴ്ന്ന നിലയിലാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
2015 മുതൽ 290 ക്യുബിക് മൈൽ ശുദ്ധജലം നമ്മുടെ ഗ്രഹം നഷ്ടപ്പെട്ടുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സാധാരണയായി കാലാവസ്ഥാ മാറ്റം അവസാനിച്ചതിന് ശേഷം ശുദ്ധജലം വീണ്ടെടുക്കാറുണ്ടെങ്കിലും, 2023 വരെയുള്ള ഉപഗ്രഹ ചിത്രങ്ങൾ അനുസരിച്ച്, ഇത് ഇനിയും വീണ്ടെടുക്കാൻ ശേഷിക്കുന്നുവെന്ന് വ്യക്തമാണ്. എന്നാൽ, ഭാവിയിൽ ശുദ്ധജലനിരപ്പ് പൂര്‍ണമായി വീണ്ടെടുക്കാനാവില്ലെന്നും പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
2015 ജനുവരി മുതൽ ലോകത്തിലെ ഏറ്റവും തീവ്രമായ 30 വരൾച്ചകളിൽ 13 എണ്ണവും ഉണ്ടായതായാണ് ഗ്രെയ്സ് നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആഗോളതാപനമാണ് ഇതിന്‍റെ പ്രധാന കാരണം എന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. വടക്കൻ ബ്രസീലിൽ വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ ആഗോളതലത്തിൽ ശുദ്ധജലത്തിന്റെ അളവ് കുറഞ്ഞതായി പഠനങ്ങൾ കണ്ടെത്തി. സമാനമായ പ്രവണത ഓസ്‌ട്രേലിയ, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
“ഇത് വരാനിരിക്കുന്ന വലിയ വരൾച്ചയുടെ സൂചനയായിരിക്കാം,” നാസ ഗോഡാർഡ് സ്‌പേസ് ഫ്ലൈറ്റ് സെൻററിലെ ജലശാസ്ത്രജ്ഞനായ മാത്യു റോഡെൽ മുന്നറിയിപ്പ് നൽകി. Watercommission.org നടത്തിയ പഠനത്തിൽ 300 കോടി ആളുകൾ ശുദ്ധജലത്തിനായി ബുദ്ധിമുട്ടുന്നുവെന്ന വിവരവും ശാസ്ത്രജ്ഞർ പുറത്തുവിട്ടു. “ആഗോളതാപനമൂലം കൂടുതലുള്ള ജലബാഷ്പീകരണവും തീവ്രമായ മഴയുണ്ടാകുന്നതും ശുദ്ധജല ക്ഷാമത്തിന് കാരണമാകുന്നു,” നാസ കാലാവസ്ഥാ നിരീക്ഷകനായ മൈക്കൽ ബോസിലോവിച്ച് പറഞ്ഞു.
ഭൂമിയുടെ ശുദ്ധജല പ്രശ്നം രൂക്ഷമാകുന്ന ഈ ഘട്ടത്തിൽ പരിസ്ഥിതി സംരക്ഷണത്തിനും ശുദ്ധജല സ്രോതസ്സുകളുടെ സംരക്ഷണത്തിനും കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.