നമ്മുടെ രാജ്യത്തെ കോടതികളിൽ നീതിദേവതയുടെ കണ്ണുകള്‍ ഇനി മൂടിവെയ്ക്കില്ല. ഇത്തരത്തിൽ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്. ഇതിനുപുറമെ കൈകളിലുണ്ടായിരുന്ന വാളുകളും മാറ്റിയിട്ടുണ്ട്.
വാളിന് പകരമായി ഇന്ത്യൻ ഭരണഘടനയാണ് നീതി ദേവതയുടെ കൈകളിലുണ്ടാകുക. ഇന്ത്യയുടെ നിയമത്തിന് അന്ധതയില്ലെന്നും നിയമം അടയാളപ്പെടുത്തുന്നത് ശിക്ഷ അല്ല എന്നുമുള്ള സന്ദേശമാണ് ഇതുവഴി നല്‍കാന്‍ ഉദ്ദേശിക്കുന്നത്. നിയമത്തിന് മുന്നില്‍ എല്ലാവര്‍ക്കും തുല്യത എന്നതിനെയായിരുന്നു കണ്ണുമൂടിയത് കൊണ്ട് ഉദ്ദേശിച്ചിരുന്നത്.
കോടതിയുടെ മുന്നിലെത്തുന്നവരെ അവർക്കുള്ള ആസ്തി, അധികാരം ഉള്‍പ്പെടെയുള്ളവയുടെ അടിസ്ഥാനില്‍ കാണരുതെന്നാണ്. എന്നാൽ, വാള്‍ നിയമപരമായ അധികാരത്തിന്റെയും ശിക്ഷിക്കാനുള്ള അവകാശത്തിന്റെയും പ്രതീകമായാണ് നിലകൊണ്ടിരുന്നത്. നിലവിൽ കണ്ണുകള്‍ മൂടാത്ത, കൈയില്‍ ഭരണഘടനയേന്തിയ പുതിയ നീതിദേവതയുടെ പ്രതിമ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നിര്‍ദേശപ്രകാരമാണ് സുപ്രീം കോടതിയിലെ ലൈബ്രറിയില്‍ സ്ഥാപിച്ചത്.
ബ്രിട്ടീഷ് കൊളോണിയല്‍ പാരമ്പര്യം ഇന്ത്യ ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഈ തീരുമാനം. ബ്രിട്ടീഷ് ല്‍ കാലഘട്ടത്തിലെ ക്രിമിനല്‍ നിയമങ്ങളായ ഐ പി സിയ്ക്ക് ഭാരതീയ നിയമ സംഹിത നിലവില്‍ വന്നതു പോലൊരു മാറ്റമാണിത്. അതേസമയം നീതിയുടെ തുലാസുകള്‍ പഴയപടി തന്നെ നിലനിര്‍ത്തിയിട്ടുമുണ്ട്. കോടതിയിലെത്തുന്ന ഇരുപക്ഷത്തിന്റെയും വാദങ്ങളും പ്രതിവാദങ്ങളും വസ്തുതകളും കോടതികള്‍ തൂക്കിനോക്കണമെന്ന ആശയം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് അതില്‍ മാറ്റം വരുത്താത്തത്.























