ടെക്, സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിനെതിരെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അമേരിക്ക. ഗൂഗിൾ നിയമ വിരുദ്ധമായി ഉണ്ടാക്കിയെടുത്ത കുത്തക അവസാനിപ്പിക്കാന്‍ അമേരിക്ക സാധ്യതകൾ തേടുകയാണ് എന്നാണ് രാജ്യാന്തര മാധ്യമങ്ങളായ ന്യൂയോര്‍ക്ക് ടൈംസിന്‍റെയും ബ്ലൂംബെര്‍ഗിന്‍റെയും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. യുഎസ് നീതിന്യായ മന്ത്രാലയമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ.
ഓൺലൈൻ സെർച്ച് വിപണിയിൽ ഗൂഗിളിന്‍റെ കുത്തകവത്ക്കരണത്തിന് എതിരായ യുഎസ് കോടതി വിധിയാണ് ഇത്തരമൊരു സാധ്യതയിലേക്ക് നയിക്കുന്നത്. ഗൂഗിളിന്‍റെ കുത്തകവത്ക്കരണം തടയാനുള്ള വഴികൾ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നുവരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഓൺലൈൻ സെർച്ച് വിപണിയും സെർച്ച് ടെക്സ്റ്റ് പരസ്യങ്ങളും നിയമ വിരുദ്ധമായി ഗൂഗിൾ കുത്തക വത്കരിച്ചുവെന്ന വിധി നേരത്തെ കൊളംബിയ കോടതി ശരിവച്ചിരുന്നു. ടെക് ഭീമൻമാരുടെ കുത്തക പൊളിക്കാൻ യുഎസ് നിയമവകുപ്പ് നടത്തുന്ന പോരാട്ടത്തിലെ നിർണായക വിധിയായാണ് ഇത് പരിഗണിക്കപ്പെടുന്നത്.
ഗൂഗിളിന്‍റെ വിവിധ വ്യവസായ യൂണിറ്റുകൾ വിറ്റഴിക്കുന്നതിന് കമ്പനിയെ നിർബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ചുള്ളതാണ് നിലവിലെ ചർച്ചകൾ. ആൻഡ്രോയ്‌ഡ് ഓപറേറ്റിങ് സിസ്റ്റം, ക്രോം വെബ് ബ്രൗസർ എന്നിവയാണ് പ്രാഥമികമായി ഇതിന് വേണ്ടി പരിഗണിക്കുന്നത്. ടെക് ഇക്കോസിസ്റ്റത്തിൽ ഗൂഗിളിന് അപ്രമാദിത്വം നൽകുന്ന ഉല്പന്നങ്ങളാണിവയെന്ന പ്രത്യേകതയുമുണ്ട്.
ലോകവ്യാപകമായി 250 കോടി ഉപകരണങ്ങളിൽ ആൻഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നതായാണ് കണക്കുകൾ പറയുന്നത്. മറ്റൊരു വിഭാഗമാണ് ഗൂഗിളിന്‍റെ പരസ്യ വ്യവസായമായ ആഡ് വേഡ്‌സ്. നിലവിൽ ഗൂഗിൾ ആഡ്‌സ് എന്നറിയപ്പെടുന്ന ഈ വിഭാഗമാണ് കമ്പനിയുടെ വരുമാന സ്രോതസ്. ഇതിന് പുറമെ ഗൂഗിളിന്‍റെ എതിരാളികളുമായി വിവരങ്ങൾ പങ്കുവെച്ചുകൊണ്ടും സെർച്ചിനായി ഗൂഗിൾ ഉപയോഗിക്കുന്നതിന് വിവിധ കമ്പനികളുമായി ഉണ്ടാക്കിയ പ്രത്യേക കരാറുകൾ അവസാനിപ്പിച്ചും പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതകൾ തേടുന്നുണ്ട്.
ആപ്പിൾ, സാംസങ് പോലുള്ള കമ്പനികൾക്ക് കോടിക്കണക്കിന് ഡോളർ നൽകി, ഉത്പന്നങ്ങളിൽ പ്രാഥമിക സെർച്ച് എൻജിനായി ഗൂഗിളിനെ ഉപയോഗിക്കാൻ കരാറുകളുണ്ടാക്കുന്നതാണ് ഗൂഗിളിന്‍റെ രീതിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എഐ ടൂളുകളുപയോഗിച്ച് സെർച്ച് ചെയ്യുമ്പോൾ വിവരങ്ങൾ കൈമാറുന്നതിന് ഗൂഗിൾ കമ്പനികളെ പ്രേരിപ്പിക്കുന്നതായും ആരോപണങ്ങളുണ്ട്.