മലയാള സിനിമയിൽ രാസലഹരി ഉപയോഗം വ്യാപകമെന്നും പല വലിയ നടൻമാരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മൊഴി നൽകി. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പഴികൾ കേൾക്കുന്നത് താനും മറ്റൊരു നടനും മാത്രമാണെന്നും ഷൈൻ വ്യക്തമാക്കി. പരിശോധനകൾ ശക്തമായതോടെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ലഹരി കിട്ടാൻ ബുദ്ധിമുട്ടാണെന്നും നടൻ പൊലീസിനോട് പറഞ്ഞു.
കൂടുതൽ വിവരങ്ങൾ കണ്ടെത്താനായി ഷൈനിൻ്റെ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നടൻ നടത്തിയ ദുരൂഹമായ പണമിടപാടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കൂടുതൽ അന്വേഷണം നടത്താനാണ് നീക്കം. 2000 രൂപക്കും 5000 രൂപക്കും ഇടയിൽ വ്യക്തികൾക്ക് കൈമാറിയ ഇടപാടുകളിലാണ് സംശയം.
സമീപ കാലത്ത് ഇത്തരത്തിൽ നടന്ന 14 പണമിടപാടുകളെ കുറിച്ച് വിശദമായ പരിശോധന നടത്തും. ഈ ഇടപാടുകൾ ലഹരിക്ക് വേണ്ടിയുള്ള പണം കൈമാറ്റമായിരുന്നോ എന്നാണ് സംശയം. എന്നാൽ താൻ പലർക്കും കടം കൊടുത്ത പണമാണിതെന്നാണ് ഷൈനിൻ്റെ വിശദീകരണം.
ഷൂട്ടിംഗ് ലൊക്കേഷനിൽ ഷൈൻ ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച ഫിലിം ചേംബർ കൊച്ചിയിൽ യോഗം ചേരും. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഷൈനിനെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ സിനിമ സംഘടനകളോട് ചേംബർ ശുപാർശ ചെയ്തേക്കുമെന്നാണ് വിവരം.
സൂത്രവാക്യം സിനിമയുടെ അണിയറ പ്രവർത്തകരും സിനിമയിലെ ഐസിസി അംഗങ്ങൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും. നടി വിൻസിയെയും ഷൈൻ ടോം ചാക്കോയെയും കേട്ട ശേഷമായിരിക്കും നടപടി. താരസംഘടന അമ്മയും ഷൈൻ ടോം ചാക്കോയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. തിങ്കളാഴ്ചക്കുള്ളിൽ വിശദീകരണം നൽകാനാണ് നിർദേശം.