ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയെ കുറിച്ചുള്ള പ്രതിപക്ഷത്തിൻ്റെ പരാമര്‍ശങ്ങൾക്ക് എതിരെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഏറ്റവും വലിയ മതസമ്മേളനത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഹിന്ദു സമൂഹത്തിൻ്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നത്
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങളെ യോഗി വിമര്‍ശിച്ചു. മഹാകുംഭമേള ഉത്തര്‍പ്രദേശ് സര്‍ക്കാരിൻ്റെ സംഘടനയല്ലെന്നും മറിച്ച് സമൂഹത്തിൻ്റെത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കുംഭമേളക്ക് എതിരായി നേതാക്കള്‍ നടത്തിയ പ്രസ്‌താവനകള്‍ ഹിന്ദു സമൂഹത്തിൻ്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹാകുംഭത്തോട് അനുബന്ധിച്ച് ജലം മലിനമാക്കപ്പെട്ടുവെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു. ത്രിവേണി സംഗമത്തിലെ വെള്ളം സ്‌നാനം ചെയ്യാന്‍ തികച്ചും അനുയോജ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തെയും ലോകത്തെയും നിരവധി ഉന്നത വ്യക്തികള്‍ എന്നിവരും ത്രിവേണി സംഗമത്തില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സ്‌നാനം ചെയ്‌തിരുന്നു. ഇതുവരെ 55.56 കോടിയിലധികം പേര്‍ ഇവിടെയത്തി പുണ്യസ്‌നാനം നടത്തിയിട്ടുണ്ട്.
വിജയകരമായി മഹാകുംഭമേള നടത്തുന്നു
‘‘ഈ മഹാകുംഭം സര്‍ക്കാര്‍ സംഘടിപ്പിക്കുന്നതല്ല. മറിച്ച് സമൂഹം സംഘടിപ്പിക്കുന്ന പരിപാടിയാണ്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചിട്ടും ഞങ്ങള്‍ വിജയകരമായി മഹാകുംഭമേള നടത്തുന്നു,’’ -ഗവര്‍ണറുടെ പ്രസംഗത്തിനുള്ള മറുപടിയില്‍ നിയമസഭയെ അഭിസംബോധന ചെയ്‌ത് മുഖ്യമന്ത്രി പറഞ്ഞു.
‘‘മഹാകുംഭത്തിന് എതിരെ നമ്മള്‍ സംസാരിക്കുമ്പോഴോ മഹാകുംഭത്തെ കുറിച്ച് വ്യാജ വീഡിയോ പ്രചരിപ്പിക്കുമ്പോഴോ അത് കോടിക്കണക്കിന് ആളുകളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുകയാണ് ചെയ്യുന്നത്,’’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാകുംഭമേള തുടങ്ങിയ ആദ്യദിവസം മുതല്‍ തന്നെ പ്രതിപക്ഷം അതിനെ എതിര്‍ക്കുന്നുണ്ടെന്നും നുണകളും കിംവദന്തികളും പ്രചരിപ്പിക്കുകയാണെന്നും യോഗി ആരോപിച്ചു. ‘‘മഹാ കുംഭമേളയുടെ ആദ്യദിവസം മുതല്‍ സമാജ് വാദി പാര്‍ട്ടി അതിൻ്റെ സംഘാടകര്‍ക്കെതിരെ സംസാരിക്കുകയാണ്.’’ -യോഗി പറഞ്ഞു.
മമത, അഖിലേഷ് യാദവ്, ലാലു പ്രസാദ് എന്നിവര്‍ക്ക് വിമര്‍ശനം
മഹാകുംഭമേളയെ കുറിച്ച് അഖിലേഷ്, മമത, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങളെ യോഗി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. അവര്‍ അതിലൂടെ സനാതന ധര്‍മത്തെയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തിയ അഖിലേഷിനെയും അദ്ദേഹം പരിഹസിച്ചു. ‘‘സനാതന ധര്‍മത്തെ ലക്ഷ്യം വെച്ചു. മഹാ കുംഭത്തെ എതിര്‍ക്കുന്ന നേതാക്കള്‍ രഹസ്യമായി കുംഭമേളയില്‍ എത്തി സ്‌നാനം നടത്തി. സമാജ് വാദി പാര്‍ട്ടി മഹാ കുംഭത്തിനെതിരെ അപരിഷ്‌കൃതമായ വാക്കുകള്‍ പ്രയോഗിച്ചു,’’ -യോഗി പറഞ്ഞു.
കുംഭമേള അര്‍ത്ഥ ശൂന്യമാണെന്ന് ലാലുപ്രസാദ് പറഞ്ഞു. മഹാകുംഭം ‘മൃത്യു കുംഭ്’ ആയി മാറിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. ഇതിനെ അഖിലേഷ് യാദവും പിന്തുണച്ചിരുന്നു.
ജലം മലിനമാക്കപ്പെട്ടു, ആരോപണങ്ങളും യോഗി നിഷേധിച്ചു
ജലമലിനീകരണത്തെ കുറിച്ചുള്ള പ്രതിപക്ഷത്തിൻ്റെ വാദങ്ങള്‍ യോഗി ആദിത്യനാഥ് തള്ളിക്കളഞ്ഞു. അത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് കുംഭമേളയെ കുറിച്ച് അറിവില്ലെന്നും പുണ്യസ്‌നാനം ചെയ്യുന്നതിന് വെള്ളം അനുയോജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുപിയിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് വെള്ളത്തിൻ്റെ ശുദ്ധി നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.