രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ സഞ്ജു സാംസണിനെ പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ് ടീം ഡയറക്ടറും മുഖ്യ പരിശീലകനുമായ മുൻ ശ്രീലങ്കൻ താരം കുമാര സംഗക്കാര. സഞ്ജു അസാധാരണമായ കഴിവുളള കളിക്കാരനാണെന്നും മൃദുഭാഷിയുമാണെന്നാണ് കുമാര്‍ സംഗക്കാര വിലയിരുത്തുന്നത്.
ഒരു വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍, ബെസ്റ്റ് ബാറ്റര്‍ എന്നിങ്ങനെ വൈവിധ്യമായ മൂന്ന് ഉത്തരവാദിത്തങ്ങള്‍ സഞ്ജു മനോഹരമായി ചെയ്‌തെന്നും സംഗക്കാര തുറന്ന് പറയുന്നു. ഐപിഎല്ലിൽ കഴിഞ്ഞ ദിവസം ബാംഗ്ലൂരിനെ പ്ലേഓഫില്‍ തോല്‍പ്പിച്ച് ഫൈനല്‍ ഉറപ്പിച്ചതിന് പിന്നാലെയാണ് സഞ്ജുവിനെ പ്രശംസിച്ച് സംഗക്കാര രംഗത്തെത്തുന്നത്.
സംഗക്കാരയുടെ വാക്കുകൾ: ‘കഴിഞ്ഞ സീസണില്‍ പ്രയാസമേറിയ പരീക്ഷണമാണ് സഞ്ജുവിനെ കാത്തിരുന്നത്. ഒരു യുവ നിരയെയാണ് സഞ്ജുവിന് ലഭിച്ചത്. പിന്നെ കോവിഡ് ബബിളില്‍ കഴിയുന്നതിന്റെ പ്രശ്നങ്ങളും. പക്ഷെ തന്റെ റോളില്‍ സഞ്ജു ഒരുപാട് മെച്ചപ്പെട്ടു. തികച്ചും ഒരു മൃദുഭാഷിയാണ് സഞ്ജു. ഉള്‍വലിഞ്ഞ വ്യക്തിയാണ്. ബാറ്റിങ്ങില്‍ അസാധാരണ കഴിവ് സഞ്ജുവിനുണ്ട്’.
ടീമിന്റെ ‘ക്യാപ്റ്റന്‍സി എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് തന്റെ അഭിനിവേഷം സഞ്ജു കാണിച്ച് തന്നു. വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍, പിന്നെ ബട്ട്ലറിനൊപ്പം ടീമിന്റെ ബെസ്റ്റ് ബാറ്ററുമാവുന്നു. ത്അങ്ങിനെയാവുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷെ ഈ സീസണില്‍ വളരെ നന്നായി സഞ്ജു അത് ചെയ്തു. തന്റെ റോള്‍ എന്താണ് എന്ന് സഞ്ജുവിന് വളരെ വ്യക്തമായി കഴിഞ്ഞു’
‘തന്ത്രങ്ങള്‍ മെനയുന്നതിലും സഞ്ജു ഒരുപാട് മെച്ചപ്പെട്ടു. തന്റെ ടീമിനെ സഞ്ജു ശരിക്കും വിശ്വസിച്ചു. നായകന്‍ എന്ന നിലയില്‍ സഞ്ജുവിലേക്കാണ് ഈ ടീം നോക്കിയത്. ഐപിഎല്‍ ചരിത്രത്തില്‍ ബട്ട്ലറെ പോലെ ഇത്രയും ആധികാരികതയോടെ ബാറ്റ് ചെയ്യുന്നൊരു താരത്തെ കണ്ടിട്ടില്ല’ സംഗക്കാര കൂട്ടിച്ചേര്‍ത്തു.
ഈ സീസണില്‍ സംഗക്കാര എന്താണ് ചെയ്തത് എന്ന് വിവരിക്കുക എളുപ്പമല്ല. നന്നായി തുടങ്ങി. ടൂര്‍ണമെന്റിന്റെ ഒരു ഘട്ടത്തില്‍ സംഭ്രമിച്ചു. എന്നാല്‍ പിന്നാലെ സ്വയം ശാന്തനായി. പരിശീലനം നടത്തുക എന്നതിന് ഉപരി ഒരുപാട് നല്ല സംഭാഷണങ്ങള്‍ ഞങ്ങള്‍ക്കിടയിലുണ്ടായി. എല്ലാ ദിവസവും മികവ് പുറത്തെടുക്കുക എന്നത് തനിക്ക് സാധ്യമല്ല, താനുമൊരു മനുഷ്യനാണ് എന്ന് ബട്ട്ലര്‍ തിരിച്ചറിഞ്ഞു’ സംഗക്കാര പറഞ്ഞുനിര്‍ത്തി.