| ശ്രീകാന്ത് പികെ
സി.പി.ഐ.(എം) പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയായി സഖാവ് മുഹമ്മദ് സലീമിനെ തിരഞ്ഞെടുത്തു. എങ്ങനെ തിരഞ്ഞെടുത്തു? ഏറ്റവുമധികം കായിക ആക്രമണങ്ങളെയും പ്രതിരോധ സാഹചര്യങ്ങളേയും അതിജീവിക്കുന്ന പാർടി ഘടകമാണ് വെസ്റ്റ് ബംഗാളിലെ പാർടി. ഈ ചുരുങ്ങിയ കാലത്തിനിടെ അവിടെ തൃണമൂൽ – ബിജെപി അക്രമണങ്ങളിൽ കൊല്ലപ്പെട്ടതും അക്രമികപ്പെട്ടതുമായ സഖാക്കൾക്ക് കണക്കില്ല.
എന്നിട്ടും അവിടെ ഏറ്റവും താഴെ ബ്രാഞ്ച് തലം മുതൽ സമ്മേളനം നടത്തി മേലോട്ട് ഓരോ ഘടകത്തിന്റെയും കമ്മിറ്റികളെ തെരഞ്ഞെടുത്ത് ഇപ്പോൾ സംസ്ഥാനം സമ്മേളനം നടത്തി അടുത്ത മൂന്ന് വർഷം പാർടിയെ ആ സംസ്ഥാനത്ത് നയിക്കാനുള്ള നേതാവിനെ സമ്മേളനം തിരഞ്ഞെടുത്തു.
ഒരാഴ്ച്ച കൂടി കഴിഞ്ഞാൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ഇത് പോലെ കേരളത്തിലെ പാർടിയുടെ സംസ്ഥാന സെക്രട്ടറിയേയും സമ്മേളനം തിരഞ്ഞെടുക്കും. സി.പി.ഐ.എമ്മിന് കൊടി പിടിച്ച് ഇൻക്വിലാബ് മുഴക്കാൻ പ്രവർത്തകരുള്ള എല്ലാ സംസ്ഥാനങ്ങളിലും അവരുടെ നേതാക്കളെ തിരഞ്ഞെടുക്കുന്നത് ഇതേ രീതിയിലാണ്.
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റണമെന്ന് സുനിൽ കനഗോലു ഹൈ കമാന്റിന് റിപ്പോർട്ട് കൊടുത്തു എന്ന വാർത്തയാണ് ഇന്ന് മാദ്ധ്യമങ്ങളിൽ കണ്ട പ്രധാന വാർത്ത. കെ. സുധാകരനോട് മാദ്ധ്യമങ്ങൾ ആരാഞ്ഞപ്പോൾ അദ്ദേഹം അത് നിഷേധിച്ചുമില്ല, ഒരു രാഷ്ട്രീയക്കാരന്റെ മറുപടിയും നൽകി.
ആരാണ് സുനിൽ കനഗോലു? തെരഞ്ഞെടുപ്പ് നയതന്ത്ര വിദഗ്ദൻ എന്നറിയപ്പെടുന്ന ഒരു സ്വകാര്യ കോർപ്പറേറ്റ്. ബിജെപിക്കും കോൺഗ്രസിനും വേണ്ടി ഒരുപോലെ പണിയെടുത്ത ഒരു ബിസിനസുകാരൻ. കോൺഗ്രസ് തിരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് എന്ന പേരിൽ ഒരു സെറ്റ് അപ്പ് ഉണ്ടാക്കി അതിന്റെ നിയന്ത്രണത്തിൽ പിടിച്ചിരുത്തി. അതായത് കേരളത്തിലെ കോൺഗ്രസ് പാർടിയിൽ ആരൊക്കെ നേതാവാകണം ആരൊക്കെ ആവരുത് എന്ന് തീരുമാനിക്കുന്നത് ഒരു സ്വകാര്യ കോർപ്പറേറ്റ്.
അവിടെ സംസ്ഥാനത്തെ കോൺഗ്രസ് അണികൾക്കോ എന്തിന് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കോ പോലും യാതൊരു റോളുമില്ല. അണികൾ സിംഹവും പുലിയും പുലി മുരുകനുമൊക്കെയായി അവതരിപ്പിക്കുന്ന സുധാകരനെ നുള്ളി മാറ്റാൻ ഇതുപോലൊരു കച്ചവടക്കാരന് പറ്റുന്ന സംവിധാനമാണ് കോൺഗ്രസ് പാർടി.
ഇനി ഇതിൽ ഏത് പാർടിയെ കുറിച്ച് പറയുമ്പോഴാണ് ലിബറലുകളും മാദ്ധ്യമങ്ങളും ജനാധിപത്യ പാർടി എന്ന് മെഴുകാറുള്ളത് എന്നാലോചിച്ചു നോക്കൂ. കച്ചവടക്കാർക്ക് പ്രസിഡന്റിനെ തീരുമാനിക്കാനുള്ള ജനാധിപത്യമില്ലാത്തത് ഒരു കുറവ് തന്നെയാണ് എന്ന് വേണം കരുതാൻ.