റഷ്യൻ എണ്ണയിൽ നിന്നും പിടിവിടാതെ അമേരിക്കൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. എണ്ണ ഇറക്കുമതി നിർത്തുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതെന്നും, എന്നാൽ എണ്ണ വാങ്ങൽ തുടർന്നാൽ വൻതോതിലുള്ള തീരുവ നടപടികൾ നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. എയർഫോഴ്‌സ് വണ്ണിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. എന്നാൽ ട്രംപിന്‍റെ വാദഗതികൾ വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു.
നിലവിൽ 50 ശതമാനമാണ് അമേരിക്ക ഇന്ത്യൻ ഉത്പന്നങ്ങൾക്ക് താരിഫ് ചുമത്തുന്നത്. യുഎസ് നടപടിയെ ‘അന്യായവും, നീതീകരിക്കാൻ ആവാത്തതും’ എന്ന് ഇന്ത്യ വിശേഷിപ്പിച്ചിരുന്നു. ഇന്ത്യയും ബ്രസീലുമാണ് ഏറ്റവും വലിയ താരിഫ് നടപടി നേരിടുന്ന രാജ്യങ്ങൾ.
താരിഫ് ഭീഷണി കൂടാതെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം താനാണ് പരിഹരിച്ചതെന്ന വാദം ട്രംപ് വീണ്ടും ഉയർത്തിയിരുന്നു. തന്‍റെ താരിഫ് ഭീഷണിയാണ് ഇന്ത്യയെയും പാകിസ്ഥാനെയും യുദ്ധം നിർത്താൻ നിർബന്ധിതർ ആക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
സംഘർഷം നിർത്തിയില്ലെങ്കിൽ 200 ശതമാനം താരിഫ് ഇരുരാജ്യങ്ങളുടെയും മേൽ ചുമത്തുമെന്ന് താൻ പറഞ്ഞതായും, തുടർന്ന് ഇരുവരും 24 മണിക്കൂറിനുള്ളിൽ യുദ്ധം നിർത്തി പോയെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ആദ്യമായല്ല, ട്രംപ് ലോകരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം അദ്ദേഹം അവസാനിപ്പിച്ചതായി അവകാശപ്പെടുന്നത്.
Image Credit: Times of India























