ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വിഷയത്തില്‍ ചര്‍ച്ച നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്. ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് ഉയര്‍ത്തുന്ന കര്യം സര്‍ക്കാരിൻ്റെ പരിഗണനയിൽ ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചതായും ഇന്‍സെന്റീവ് കേന്ദ്രം വര്‍ധിപ്പിച്ചാല്‍ സംസ്ഥാനവും വര്‍ധിപ്പിക്കുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.
ആശാ വര്‍ക്കര്‍മാരുമായി സംസ്ഥാന സര്‍ക്കാർ ചർച്ച നടത്തുമെന്നും ജെപി നദ്ദയുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം വീണാ ജോര്‍ജ് പറഞ്ഞു. അതേസമയം ഓണറേറിയം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ആശാ വര്‍ക്കര്‍മാരുടെ വിഷയം കുടിക്കാഴ്‌ചയില്‍ പ്രധാന ചര്‍ച്ചയായി. പോസിറ്റീവ് ചര്‍ച്ചയായിരുന്നു. ആശാ വര്‍ക്കര്‍മാരെ സന്നദ്ധ സേവകര്‍ എന്നത് മാറ്റി തൊഴിലാളികളായി പ്രഖ്യാപിക്കണം. അതില്‍ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടത് എന്ന് മന്ത്രി പറഞ്ഞു. കേരളത്തിന് ലഭിക്കാനുള്ള കുടിശ്ശികയുമായി ബന്ധപ്പെട്ട കാര്യം പരിശോധിക്കാം എന്നും ജെപി നദ്ദ അറിയിച്ചു.
എയിംസ് കേരളത്തിന് ലഭിക്കും എന്ന ഉറപ്പ് ലഭിച്ചു. കേന്ദ്രവുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ആശാ വര്‍ക്കര്‍മാരെ അറിയിക്കുന്നത് സര്‍ക്കാര്‍ പരിശോധിക്കും. എല്ലാവരുമായി ചര്‍ച്ച നടത്തണം എന്ന് ഐഎന്‍ടിയുസി ആവശ്യപ്പെട്ടിട്ടുണ്ട്.
ആ ചര്‍ച്ച മൂന്ന് ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പാര്‍ലമെന്റില്‍ എത്തിയാണ് ജെപി നദ്ദയുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് കൂടിക്കാഴ്‌ച നടത്തിയത്.