9 May 2024

ഉദ്യോഗസ്ഥർക്ക് ഹവാന സിൻഡ്രോം എന്ന അപൂർവ രോഗം ബാധിച്ചതായി അമേരിക്ക ; പിന്നിൽ റഷ്യയെന്ന്ആരോപണം

2016ലാണ് ആദ്യമായി ഹവാന സിന്‍ഡ്രോം റിപ്പോർട്ട് ചെയ്യുന്നത്. ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ നയതന്ത്രജ്ഞർ രാത്രികാലങ്ങളില്‍ അസഹനീയവും പരിഭ്രമിപ്പിക്കുന്നതുമായ ശബ്ദം കേള്‍ക്കുന്നതായി വെളിപ്പെടുത്തിയതോടെയാണ് തുടക്കം.

ലോകമെമ്പാടുമുള്ള ചില നയതന്ത്രജ്ഞർക്ക് ഹവാന സിന്‍ഡ്രോം എന്ന അപൂർവ രോഗം ബാധിച്ചതായി വെളിപ്പെടുത്തി അമേരിക്ക. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം അമേരിക്ക പുറത്തുവിട്ടത്. റഷ്യയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടായിരുന്നു അമേരിക്കയുടെ നീക്കം. ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ചുള്ള റഷ്യയുടെ ആക്രമണമാണ് കാരണമെന്നു അമേരിക്ക വാദിച്ചു.

റഷ്യന്‍ ഇന്റലിജെന്‍സിലെ 29155 യൂണിറ്റ് നിർമ്മിച്ച സോണിക് ആയുധങ്ങളാകാം ഹവാന സിന്‍ഡ്രോമിന് കാരണമെന്ന് ഇന്‍സൈഡർ, ഡെല്‍ സ്പീഗല്‍, സിബിഎസിന്റെ 60 മിനുറ്റ്‌സ് എന്നിവ സംയുക്തമായി തയാറാക്കിയ റിപ്പോർട്ടും പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ റഷ്യ തള്ളിയിട്ടുണ്ട്.

2016ലാണ് ആദ്യമായി ഹവാന സിന്‍ഡ്രോം റിപ്പോർട്ട് ചെയ്യുന്നത്. ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ നയതന്ത്രജ്ഞർ രാത്രികാലങ്ങളില്‍ അസഹനീയവും പരിഭ്രമിപ്പിക്കുന്നതുമായ ശബ്ദം കേള്‍ക്കുന്നതായി വെളിപ്പെടുത്തിയതോടെയാണ് തുടക്കം. സമാന അനുഭവം മറ്റ് രാജ്യങ്ങളിലുള്ള ഉദ്യോഗസ്ഥർക്കുമുണ്ടായി. തലവേദന, കാഴ്ച പ്രശ്നങ്ങള്‍, മൂക്കുകളില്‍ നിന്ന് രക്തം വരുന്നത് എന്നിവയാണ് കണ്ടെത്താനായ രോഗലക്ഷണങ്ങള്‍. എന്നാല്‍ രോഗബാധിതർക്ക് വിവരിക്കാന്‍ പോലും സാധിക്കാന്‍ കഴിയാത്ത ലക്ഷണങ്ങളും ഉണ്ടെന്നാണ് വിദഗ്ദർ പറയുന്നത്.

2021ല്‍ എഫ്‌ബിഐ ഉദ്യോഗസ്ഥയായ കാരിയില്‍ ഹവാന സിന്‍ഡ്രോമുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. അമേരിക്കയിലുണ്ടെന്ന് ആരോപിക്കപ്പെടുന്ന റഷ്യന്‍ ചാരനെക്കുറിച്ചുള്ള അന്വേഷിക്കുന്ന ഉദ്യോഗസ്ഥയായിരുന്നു കാരി. ഫ്ലോറിഡയിലെ വസതിയില്‍ തുണി അലക്കുന്നതിനിടെ ‘എന്തൊ ഒരു ശക്തി’ വന്ന് തന്നെ ഇടിക്കുകയായിരുന്നെന്നാണ് സംഭവത്തെക്കുറിച്ച് കാരി പറയുന്നത്. രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവർ രണ്ട് തരത്തിലാണെന്നാണ് ഹെൽത്ത്‌ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത്.

ഒന്ന്, ഇടവേളകളില്‍ മാത്രം സിന്‍ഡ്രോ അനുഭവപ്പെടുന്നവർ. രണ്ട്, ഗുരുതരമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവർ. മസ്തിഷ്ക ക്ഷതം പോലുള്ള അവസ്ഥയിലേക്ക് രോഗാവസ്ഥ എത്തുന്നത് സംബന്ധിച്ച് കൃത്യമായ തെളിവുകളില്ല. നിലവിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍, പരമ്പരാഗതമായി ലഭിച്ചവ, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയെല്ലാം രോഗത്തിലേക്ക് നയിച്ചേക്കാവുന്ന കാരണങ്ങളായും അനുമാനിക്കപ്പെടുന്നു.

ദ ന്യൂ യോർക്കറിന്റെ 2021ലെ റിപ്പോർട്ട് പ്രകാരം ഓസ്ട്രിയയിലുള്ള രണ്ട് ഡസണോളം യുഎസ് ഇന്റലിജെന്‍സ്, സർക്കാർ ഉദ്യോഗസ്ഥരില്‍ ഹാവാന സിന്‍ഡ്രോമിന് സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ജോ ബൈഡന്‍ പ്രിസിഡന്റ് ആയതിന് ശേഷമായിരുന്നു ഇത്. 2023ല്‍ വില്‍നിയസില്‍ നടന്ന നാറ്റൊ ഉച്ചകോടിക്കിടെ പ്രതിരോധ വകുപ്പിലെ മുതിർന്ന ഒരു ഉദ്യോഗസ്ഥന് ഹാവാന സിന്‍ഡ്രോം അനുഭവപ്പെട്ടതായും വിവരമുണ്ട്.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News