20 May 2024

പരിപാലിക്കാൻ പണമില്ല; ജോസഫ് ഗീബൽസിൻ്റെ വില്ല വിൽക്കാൻ ബെർലിൻ സർക്കാർ

ചരിത്രത്തിൽ ഏറ്റവും വലിയ ക്രൂരതകൾ ചെയ്ത സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറുടെയും അനുയായികളുടെയും സ്വത്തുക്കൾക്ക് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക എന്നത് കൗതുകം ഉണർത്തുന്ന ഒരു ചോദ്യമാണ്.

ചരിത്രത്തിൽ നിറഞ്ഞ് നിൽക്കുന്ന രാജാക്കന്മാരുടെയും പ്രമുഖരുടെയും വിലപിടിപ്പുള്ള പല സ്വത്ത് വകകളും കണ്ടെത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രവണത എല്ലാ ഭരണകൂടങ്ങൾക്കുമുണ്ട്. അത്തരത്തിൽ ചരിത്രത്തിൽ ഏറ്റവും വലിയ ക്രൂരതകൾ ചെയ്ത സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറുടെയും അനുയായികളുടെയും സ്വത്തുക്കൾക്ക് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക എന്നത് കൗതുകം ഉണർത്തുന്ന ഒരു ചോദ്യമാണ്. ഹിറ്റ്‍ലറിനും മന്ത്രിമാർക്കും ജർമ്മനിയിലുടനീളം സ്വത്തുക്കൾ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്, എന്നാൽ രണ്ടാം ലോക മഹായുദ്ധത്തിനുശേഷം അവർക്ക് അവയെല്ലാം നഷ്ടപ്പെട്ടു.

ഇപ്പോൾ അഡോൾഫ് ഹിറ്റ്‌ലറുടെ മന്ത്രിയായിരുന്ന ജോസഫ് ഗീബൽസിൻ്റെ ഉടമസ്ഥതയിലുള്ള വില്ല വിൽക്കാൻ ഒരുങ്ങുകയാണ് ബെർലിൻ സർക്കാർ. ബെർലിനിലെ വടക്കൻ ഗ്രാമപ്രദേശത്താണ് ഈ വില്ല സ്ഥിതി ചെയ്യുന്നത്, വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇത്. ഡിപിഎ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ബെർലിൻ സർക്കാർ, ഫെഡറൽ അധികാരികൾക്കോ ​​വില്ല സ്ഥിതിചെയ്യുന്ന ബ്രാൻഡൻബർഗ് സംസ്ഥാനത്തിനോ നൽകാനാണ് ശ്രമം നടത്തുന്നത്.

നശിച്ചുകൊണ്ടിരിക്കുന്ന വസ്തുവിൻ്റെ പരിപാലനത്തിനും സുരക്ഷിതത്വത്തിനുമായി തുടർന്നും പണം ചെലവഴിയ്ക്കാൻ താൽപ്പര്യമില്ലാത്തതിനാലാണ് ഇത്തരത്തിലൊരു ശ്രമം നടത്തുന്നത്. ഈ വില്ല ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന ആർക്കും, ബെർലിൻ സംസ്ഥാനത്തിന്റെ ഒരു സമ്മാനമായി അത് ഏറ്റെടുക്കാം എന്നാണ് സർക്കാർ വാഗ്ദാനം.

എന്നാൽ ജോസഫ് ഗീബൽസ് വില്ല സ്വകാര്യ വ്യക്തികൾക്ക് വിൽക്കാൻ ബെർലിൻ സർക്കാരിന് താല്പര്യമില്ല. ഫെഡറൽ അധികാരികൾക്കോ ​​ബ്രാൻഡൻബർഗ് സംസ്ഥാനത്തിനോ വിൽക്കാനാണ് ലക്ഷ്യമിടുന്നത്. അത് നടക്കാതെ വന്നാൽ വില്ല പൊളിച്ചു നീക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർ​ഗമില്ല. വാൻഡ്‌ലിറ്റ്‌സ് പട്ടണത്തിനടുത്ത് ബോഗൻസീ തടാകത്തിൻ്റെ മനോഹര കാഴ്ചകൾ സമ്മാനിക്കുന്ന ഈ വില്ല 1939 -ലാണ് ജോസഫ് ഗീബൽസ് നിർമ്മിച്ചത്.

തടിയും മറ്റ് ആഡംബര നിർമ്മാണ വസ്തുക്കളും ഉപയോ​ഗിച്ചാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. ഭാര്യയ്ക്കും ആറ് കുട്ടികൾക്കുമൊപ്പമാണ് ഇയാള്‍ ഇവിടെ താമസിച്ചിരുന്നത്. യുദ്ധാനന്തരം, ഇത് ഒരു ആശുപത്രിയായി ഉപയോഗിക്കുകയും പിന്നീട് കിഴക്കൻ ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജനവിഭാഗം ഏറ്റെടുക്കുകയും ചെയ്തു. 1990 -ൽ ബെർലിൻ സർക്കാർ ഏറ്റെടുത്തെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News